Skip to main content

ജീവിത രേഖ (2-2)

1925 മെയ് 19ന് അമേരിക്കയിലെ ഒമഹയില്‍ മാല്‍ക്കം ലിറ്റില്‍ ജനിച്ചു. ക്രൈസ്തവ സുവിശേഷകനും അമേരിക്കയിലെ ആഫ്രിക്കന്‍ കറുത്തവര്‍ഗക്കാര്‍ക്കുവേണ്ടി ശബ്ദിക്കുന്ന ആളുമായിരുന്ന യേല്‍ ലിറ്റിലാണ് പിതാവ്, മാതാവ് ലൂസി നോര്‍ട്ടന്‍ ലിറ്റില്‍.

വെള്ളക്കാരുടെ ഭീകരത ഏറെ അനുഭവിച്ച കുടുംബമാണ് മാല്‍ക്കമിന്റേത്. നിരന്തരം ശല്യം ചെയ്തതോടെ ലാല്‍സിങ്ങിലേക്കു കുടുംബം താമസം മാറ്റി. അവിടെയും രക്ഷയുണ്ടായില്ല. ഒരിക്കല്‍ മാല്‍ക്കമിന്റെ വീടിന് അക്രമകാരികള്‍ തീയിട്ടു. അത് കെടുത്താനോ സഹായത്തിനോ പോലും ഒരാളെയും കിട്ടിയില്ല. വിവേചനത്തിന്റെ യാതനകള്‍ കടിച്ചിറക്കി കഴിയവെ 1931ല്‍, യേല്‍ ലിറ്റില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പോലീസ് അതിനെ ആത്മഹത്യയെന്ന് വിധിയെഴുതി.

ഇത് ഭാര്യ ലൂസിയയെ മാനസികമായി തകര്‍ത്തു. അവര്‍ മാനസികരോഗിയായി. മരണംവരെ ആശുപത്രിയിലുമായി. ബാലനായ മാല്‍ക്കം സഹോദരിയുടെ വീട്ടില്‍ കഴിഞ്ഞു. മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു അവന്‍. ഒരിക്കല്‍ വെള്ളക്കാരിയായ അധ്യാപിക അവനോട് ചോദിച്ചു, നിനക്ക് ആരാവാനാണ് ആഗ്രഹമെന്ന്. വക്കീലാവണം എന്ന അവന്റെ മറുപടി അവരെ ചിരിപ്പിച്ചു. 'നീ പോയി ആശാരിപ്പണി പഠിക്കൂ' എന്നായിരുന്നു ആ കറുത്ത മനസ്സിന്റെ ഉടമയായ ടീച്ചറുടെ പരിഹാസ പ്രതികരണം.

മനം മടുത്ത അവന്‍ സ്‌കൂള്‍ പഠനം നിര്‍ത്തി തെരുവിലിറങ്ങി. ചെന്നുപെട്ടത് തെമ്മാടിക്കൂട്ടത്തില്‍. മോഷണവും പിടിച്ചുപറിയും തൊഴിലാക്കി. അധോലോക സംഘത്തില്‍ പെട്ട് മയക്കുമരുന്ന് വില്പനയും തുടങ്ങി. എങ്ങനെയെങ്കിലും പണമുണ്ടാക്കുക എന്ന ചിന്തയില്‍ മാല്‍ക്കമിന്റെ കൗമാരം കരിഞ്ഞുണങ്ങി. സര്‍വതിനും കാരണം വര്‍ണ വിവേചനമെന്ന അമേരിക്കന്‍ വ്യവസ്ഥിതിയായിരുന്നു. അതിനെതിരായ രോഷം ആ യുവാവിന്റെ ഉള്ളില്‍ എരിഞ്ഞുകൊണ്ടിരുന്നു.

1946ല്‍ മോഷണക്കുറ്റത്തിന് പിടിയിലായി. പത്തുവര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കവെയാണ് വായനയിലൂടെ ആദ്യം നാഷന്‍ ഓഫ് ഇസ്‌ലാമിലും പിന്നീട് യഥാര്‍ഥ ഇസ്‌ലാമിലും മാല്‍ക്കം എത്തിച്ചേര്‍ന്നത്.

ഇസ്‌ലാമിക ജീവിതം

നാഷന്‍ ഓഫ് ഇസ്‌ലാമിന്റെ സഹയാത്രികനായി പത്തുവര്‍ഷക്കാലം അതിന്റെ വേദികളിലെ തിളക്കമാര്‍ന്ന പ്രഭാഷകനായി മാല്‍ക്കം. വെള്ളക്കാരന്റെ ശത്രുപക്ഷത്തുനിന്ന് കറുത്തവന്റെ അവകാശത്തിനായി അദ്ദേഹം പോരാടി.

എന്നാല്‍, 1964ലെ മക്കയാത്രയും അറബ്-ആഫ്രിക്കന്‍ രാജ്യങ്ങളിലെ സന്ദര്‍ശനവും അദ്ദേഹത്തെ മാറി ചിന്തിപ്പിച്ചു. കറുത്തവരെയും വെളുത്തവരെയും വേര്‍പെടുത്തുകയല്ല, അവരെ ഒന്നിപ്പിക്കുകയാണ് വേണ്ടത്. കറുത്തവര്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം നല്‍കുകയാണ് വേണ്ടത്. വര്‍ണ വിവേചനം കറുത്തവന്റെയും വെളുത്തവന്റെയും ഇടയിലുള്ള പ്രശ്‌നം മാത്രമല്ല എന്നിങ്ങനെയുള്ള വാദങ്ങളിലേക്ക് മാല്‍ക്കമെത്തി. മുതലാളിത്തത്തിനുപകരം സോഷ്യലിസമാണ് പുലരേണ്ടതെന്നും ഇസ്‌ലാമിന്റെ സമത്വമാണ് അമേരിക്കയെ മാറ്റിയെടുക്കുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

തീവ്രചിന്തയില്‍ നിന്ന് സമാധാനപരമായ സമരപാത പിന്തുടര്‍ന്ന മാല്‍കമിനെ ചിലര്‍ നോട്ടമിട്ടു. 1965 ഫെബ്രുവരി 21ന് മന്‍ഹാട്ടനില്‍ പ്രഭാഷണം നടത്തവെ ഒരു സംഘം അക്രമികള്‍ അദ്ദേഹത്തിന് നേരെ നിറയൊഴിച്ചു. പതിനഞ്ചു വെടിയുണ്ടകള്‍ 39 വയസ്സുമാത്രം പ്രായമായ ആ വിമോചനപ്പോരാളിയുടെ ജീവനപഹരിക്കുകയായിരുന്നു. അക്രമികള്‍ നാഷന്‍ ഓഫ് ഇസ്‌ലാമിലെ അംഗങ്ങളാണെന്നും വെള്ളക്കാരായ തീവ്രവാദികളാണെന്നും ആരോപണമുണ്ടായി.

ബെറ്റി ഷഹബാസ് ആണ് മാല്‍ക്കമിന്റെ ജീവിതസഖി. ആറു പെണ്‍മക്കളുണ്ട് ഇവര്‍ക്ക്. മാല്‍ക്കമിന്റെ ജീവിതം സിനിമയും ഡോക്യുമെന്ററികളുമായി പുറത്തുവന്നിട്ടുണ്ട്. ലക്ഷക്കണക്കിന് യുവാക്കളുടെ ആവേശമാണിന്ന് മാല്‍ക്കം എക്‌സ്.

അലക്‌സ് ഹാലിയുമായി ചേര്‍ന്ന് മാല്‍ക്കം എഴുതിയ ജീവിതകഥയും 2011ല്‍ പുറത്തുവന്ന മാനിങ് മരാബിളിന്റെ Malcom x: A life of re-invension എന്ന ജീവചരിത്രവും കറുത്തവന്റെ വീരഗാഥകളായി ലോകം അംഗീകരിച്ചവയാണ്.


 

Feedback