Skip to main content

ഇസ്‌ലാം

ഏകദൈവ വിശ്വാസം അടിസ്ഥാനമായ മതമാണ് ഇസ്‌ലാം. ലോകത്തെയും അതിലെ കോടാനുകോടി ജീവികളെയും സൃഷ്ടിക്കുകയും അവയ്ക്ക് ജീവിക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കുകയും ചെയ്ത സ്രഷ്ടാവിനു മാത്രമേ ആരാധന അര്‍പ്പിക്കാവൂ എന്നാണ് ഇസ്‌ലാമിന്റെ അടിസ്ഥാനസിദ്ധാന്തം. മുസ്‌ലിംകള്‍ ആ സ്രഷ്ടാവിനെ 'യഥാര്‍ഥ ആരാധ്യന്‍' എന്നര്‍ഥം വരുന്ന അല്ലാഹു എന്ന പദംകൊണ്ട് വിശേഷിപ്പിക്കുന്നു. 

സമാധാനം, വിശുദ്ധി, സമര്‍പ്പണം എന്നൊക്കെയാണ് ഇസ്‌ലാം എന്ന പദത്തിന്റെ അര്‍ഥം. ഇസ്‌ലാം ഒരു സാമുദായിക മതമല്ല. പ്രപഞ്ച സ്രഷ്ടാവ് മനുഷ്യസമൂഹത്തിന് ജീവിതപ്പാത കാട്ടിക്കൊടുക്കുവാന്‍ അവതരിപ്പിച്ച ആദര്‍ശവും, ഒരു മനുഷ്യന്‍ തന്റെ ജനനം മുതല്‍ മരണം വരെ പാലിക്കേണ്ട നിര്‍ദേശങ്ങളുമടങ്ങുന്ന നിയമസംഹിതയാണത്. മനുഷ്യന്റെ ആരംഭം മുതല്‍ സ്രഷ്ടാവ് ഈ ജീവിതപ്പാതയെക്കുറിച്ച് മനുഷ്യനെ അറിയിച്ചുകൊണ്ടേയിരുന്നു. മനുഷ്യരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ദൂതന്മാരിലൂടെയാണ് അല്ലാഹു ഇതു നിര്‍വഹിച്ചത്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിഭിന്ന പ്രദേശങ്ങളിലായി അനേകം പ്രവാചകര്‍ ദൗത്യനിര്‍വഹണം നടത്തി. അവരില്‍ ചിലര്‍ക്ക് അല്ലാഹു വേദഗ്രന്ഥങ്ങള്‍ നല്കുകയും ചെയ്തു. നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ തുടങ്ങിയ പ്രവാചകരും തൗറാത്ത്, സബൂര്‍, ഇഞ്ചീല്‍ വേദഗ്രന്ഥങ്ങളും ഇതിനുദാഹരണങ്ങളാണ്.

പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി എന്ന ദൈവദൂതന്‍. അദ്ദേഹത്തിലൂടെ ഇസ്‌ലാമികനിയമസംഹിത അല്ലാഹു പൂര്‍ത്തിയാക്കുകയും ലോകവസാനം വരെയുള്ള മനുഷ്യര്‍ക്കു വേണ്ടി ഖുര്‍ആന്‍ എന്ന വിശുദ്ധ ഗ്രന്ഥം അവതരിപ്പിക്കുകയും ചെയ്തു. ലോകാന്ത്യം വരെ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാവാതെ അത് നിലനില്ക്കും. വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്ക് പ്രവാചകന്‍ തന്റെ ജീവിതം കൊണ്ട് മാതൃക കാണിച്ചിട്ടുണ്ട്. ഖുര്‍ആന്റെയും പ്രവാചകധ്യാപനങ്ങളുടെയും സ്വാധീനത്തിലൂടെ അജ്ഞാന കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആറാം നൂറ്റാണ്ടിലെ അറബ് ജനത സംസ്‌കാരസമ്പന്നരായിത്തീര്‍ന്നു.

ഇസ്‌ലാം ഒരു സാമുദായിക മതമല്ല. ആദര്‍ശമതമാണ്. വിശുദ്ധഖുര്‍ആനും പ്രവാചചര്യയുമാണ് (ഹദീസ്) അതിന്റെ അടിസ്ഥാന പ്രമാണങ്ങള്‍. ഈ പ്രമാണങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ ക്രമീകരിക്കുകയാണ് വേണ്ടത്. മനുഷ്യന്റെ വൈയക്തിക, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ ജീവിതം എങ്ങനെയാവണമെന്നും അവന്ന് സ്രഷ്ടാവിനോടും മനുഷ്യരോടും ഇതരജീവികളോടും പ്രകൃതിയോടുമുള്ള ബാധ്യതകള്‍ എന്തൊക്കെയാണെന്നും ദൈവപ്രീതിക്കു വേണ്ട അനുഷ്ഠാനങ്ങളും ആചാരങ്ങളും എന്തൊക്കെയാണെന്നും പ്രമാണങ്ങള്‍ കൃത്യമായി പഠിപ്പിക്കുന്നു. ഈ പ്രമാണങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നതിലൂടെ മനുഷ്യജീവിതം സമാധാനം നിറഞ്ഞതായിത്തീരുന്നു. 

ഈ ലോകത്തിന് ഒരവസാനമുണ്ട്. അന്ന് എല്ലാം നശിക്കും. തുടര്‍ന്ന് മനുഷ്യന്‍ പുനര്‍ജീവിക്കപ്പെടും. ഭൂമിയിലെ ജീവിതത്തെക്കുറിച്ച് സ്രഷ്ടാവ് വിചാരണ നടത്തും. പ്രമാണബദ്ധമായ ജീവിതം നയിച്ചവര്‍ക്ക് രക്ഷ ലഭിക്കുകയും അല്ലാത്തവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും. ഇക്കാര്യങ്ങളെല്ലാം ഗ്രഹിച്ചവരും ഉള്‍ക്കൊണ്ടവരുമാണ് മുസ്‌ലിംകള്‍. 

അംഗസംഖ്യയില്‍ ലോകത്തെ രണ്ടാമത്തെ വലിയ മതമാണ് ഇസ്‌ലാം. ലോകജനസംഖ്യയുടെ 24% ല്‍ അധികം മുസ്‌ലിംകളാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന മതവും ഇസ്‌ലാമാണ്. ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ളത് ഇന്ത്യോനേഷ്യയിലാണ്. ഇന്ത്യക്കാണ് രണ്ടാം സ്ഥാനം.
 

Feedback