Skip to main content

ജൈന മതം

ഇന്ത്യയില്‍ ഉടലെടുത്ത മതങ്ങളില്‍ ഒന്നാണ് ജൈനമതം. വര്‍ധമാന മഹാ വീരനാണ് ജൈന മത സ്ഥാപകനെന്ന് പൊതുവെ കരുതപ്പെടുന്നുണ്ടെങ്കിലും ജൈന മത വിശ്വാസികള്‍ അദ്ദേഹത്തെ 24ാമത്തെ തീര്‍ഥങ്കരനായിട്ടാണ് കരുതി വരുന്നത്. വൈദിക മതത്തിന്റെ അത്രതന്നെ പുരാതനമാണ് ജൈന മതമെന്ന് ജൈനര്‍ അവകാശപ്പെടുന്നു. ഋഷഭ ദേവന്‍ എന്ന ആദിനാരനത്രെ പ്രഥമ തീര്‍ഥങ്കരന്‍. വാജി രാജ്യത്തിന്റെ തലസ്ഥാനമായ വൈശാലിയിലാണ്( ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ല) മഹാവീരന്‍ (599 ബി.സി) ജനിച്ചത്. രാജകീയ ജീവിതം നയിച്ച മഹാവീരന്‍ ചെറുപ്പത്തില്‍ തന്നെ വൈദിക മതവിശ്വാസം പരിത്യജിച്ചു. സമൂഹത്തിലെ ജാതി സമ്പ്രദായം വിവേചനം എന്നിവയെ എതിര്‍ത്തു. ശ്രീ ബുദ്ധനെപ്പോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് 30ാമത്തെ വയസ്സില്‍ കൊട്ടാരം വിട്ടിറങ്ങി. ദീര്‍ഘമായ 12 വര്‍ഷകാലം തപസ്സനുഷ്ഠിച്ചു ജീനനായി. ജൈനന്‍ ജീനന്‍ എന്നീ പദങ്ങളുടെ അര്‍ഥം വിജയം വരിച്ച ആള്‍ എന്നതാണ്. ആസക്തികള്‍ വെടിഞ്ഞ് അനന്തമായ ശക്തിയും ജ്ഞാനവും സമ്പാദിച്ച് മോചനം നേടുകയാണ് ജൈന ധര്‍മത്തിന്റെ കാതല്‍. ജീനനായതിന് ശേഷം 32 വര്‍ഷക്കാലം ബീഹാറിലെ മഗധ, അങ്ക, മിഥില, കോസല, വൈശാലി എന്നീ പ്രദേശങ്ങളില്‍ തന്റെ തത്ത്വശാസ്ത്രം പ്രചരിപ്പിച്ചു. 

ഗൗതമ ബുദ്ധനുമായി പലതവണ സംവാദത്തിലേര്‍പ്പെട്ടിരുന്നു. ജന്‍മത്തിന്റെ മാഹാത്മ്യമാണ് സര്‍വ്വ ഉന്നതിക്കും കാരണമെന്ന് വിശ്വസിച്ചിരുന്ന വൈദിക ബ്രാഹ്മണിക മതത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു മഹാവീരന്റെ അധ്യാപനം. ജാതീയതയെ ശക്തിയായി എതിര്‍ത്തു. അഹിംസ ജീവിത വ്രതമായി സ്വീകരിക്കാനായിരുന്നു മഹാവീരന്‍ നല്‍കിയ മറ്റൊരാഹ്വാനം. യുദ്ധവും കലഹവുമില്ലാത്ത ശാന്തിയുടെയും സമാധാനാത്തിന്റെയും ലോകമായിരുന്നു അദ്ദേഹം വിഭാവന ചെയ്തത്.

മുപ്പത് വര്‍ഷത്തെ തത്ത്വ പ്രചാരണത്തിന് ശേഷം മഹാവീരന്‍ തന്റെ 72ാം വയസ്സില്‍ ബി സി 527 ല്‍ അന്തരിച്ചു.

തന്റെ ശിഷ്യ ഗണങ്ങളെ ഭിക്ഷുകള്‍, ഭിക്ഷുണികള്‍, ഗൃഹസ്ഥര്‍, ഗൃഹസ്ഥകള്‍ എന്നിങ്ങനെ തരം തിരിച്ചു പ്രത്യേകം സംഘങ്ങള്‍ മഹാവീരന്‍ ഏര്‍പ്പെടുത്തി. അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ക്രോഡീകരിച്ചത്.

ജൈനമതത്തിന്റെ തത്ത്വങ്ങള്‍ മൂന്ന് രത്‌നങ്ങളില്‍ അടങ്ങിയിരിക്കുന്നു.
1. ദര്‍ശനം - (ശരിയായ വിശ്വാസം, സത്യത്തെയും അസത്യത്തെയും യഥാര്‍ഥ രൂപത്തില്‍ കാണുക)
2. നല്ല ജ്ഞാനം (ജൈനമത സിദ്ധാന്തങ്ങളെ ശരിക്കും അനുസരിക്കല്‍)
3. നല്ല ചാരിത്ര്യം (നല്ല സ്വഭാവം)

ഒരോ ജൈന മതവിശ്വാസിയും 5 പ്രതിജ്ഞകള്‍ എടുക്കേണ്ടതുണ്ട്.
1. ഒരു ജീവിയെയും നശിപ്പിക്കാതിരിക്കുക.
2. അസത്യം പറയാതിരിക്കുക.
3. അവകാശപ്പെട്ടതല്ലാതെ കൈവശപ്പെടുത്താതിരിക്കുക.
4.    ബ്രഹ്മചര്യം
5. സുഖലോലുപത വര്‍ജിക്കുക.

ഒരു ജൈനനെ സംബന്ധിച്ചേടത്തോളം നല്ല സ്വഭാവം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഈ പഞ്ച വ്രതാനുഷ്ഠാനമാണ്.

പില്ക്കാലത്ത് ജൈന മതവിശ്വാസികള്‍ ദിഗംബര(നഗ്നര്‍) ശ്വേതാംബര(വെളുത്ത വസ്ത്ര ധാരികള്‍) ആയി വിഭജിക്കപ്പെട്ടു.

വൈദിക മതത്തിനും ബുദ്ധ മതത്തിനും ഉള്ളത് പോലെ വിപുലവും സമ്പുഷ്ടവുമായ ഒരു സാഹിത്യ സഞ്ചയം ജൈനമതത്തിനുമുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടത് മഹാവീരന്റെ ഉപദേശങ്ങളാണ്. ജൈന മതാധ്യാപനങ്ങളുടെ ലാളിത്യവും ചില ഭരണാധികാരികളില്‍ നിന്നു ലഭിച്ച രാഷ്ട്രീയ പരിലാളനയും ജൈനമതത്തില്‍ പ്രചരണത്തിന് കാരണമായിട്ടുണ്ട്.

Feedback