Skip to main content

കമ്യൂണിസവും കമ്യൂണിസ്റ്റുകളും

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് കമ്യൂണിസം. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം എന്നു പറയാം. 'പൊതുവായത്' എന്ന അര്‍ഥത്തിലുള്ള 'കൊമ്യൂണിസ്' (Communis) എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് 'കമ്യൂണിസം'ത്തിന്റെ ഉത്ഭവം.

വര്‍ഗരഹിത സമൂഹ സൃഷ്ടി എന്ന മനോഹര സ്വപ്നമാണ് കമ്യൂണിസത്തിന്റെ മുദ്രാവാക്യം. മുതലാളിത്തത്തില്‍ ഭൂരിപക്ഷം വരുന്ന തൊഴിലാളി വര്‍ഗവും ന്യൂനപക്ഷമായ മുതലാളി വര്‍ഗവുമാണുള്ളത് എന്നും അതിനു മാറ്റം വരണമെന്നും അവര്‍ സിദ്ധാന്തിച്ചു. ഉത്പാദനം പൊതു ഉടമയിലാവുക, സ്റ്റെയ്റ്റ് നേരിട്ട് ജനങ്ങള്‍ക്ക് പണി നല്കുക, ഓരോരുത്തരും തനിക്കാവുന്നത് രാഷ്ട്രത്തിനു വേണ്ടി ചെയ്യുക. അങ്ങനെ തൊഴിലാളി സര്‍വാധിപത്യമുള്ള ഒരു സ്റ്റെയ്റ്റ് ആണ് കമ്യൂണിസ്റ്റ് സങ്കല്പം. 

ഫ്യൂഡല്‍ വ്യവസ്ഥിതിയും ചര്‍ച്ചിന്റെ മേല്‍ക്കോയ്മയും കൊണ്ട് പൊറുതി മുട്ടിയ യൂറോപ്യന്‍ സമൂഹത്തിലാണ് കാള്‍മാക്‌സ് (1818-1883), ഫ്രഡറിക് എംഗല്‍സ് (1820-1895) തുടങ്ങിയ ചിന്തകന്‍മാര്‍ ഈ ആശയം കൊണ്ടു വരുന്നത്. സ്വാഭാവികമായും മതത്തിന്നും അന്ന് നിലവിലുണ്ടായിരുന്ന സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതിക്കുമെതിരെയുള്ള ഒരു പോരാട്ടം കൂടിയായിരുന്നു അവരുടെ ലക്ഷ്യം. ഹെഗലിന്റെ (1770-1831) വൈരുധ്യവാദവും ഫ്യൂയര്‍ബാക്കിന്റെ ഭൗതികവാദവും ചേര്‍ത്ത് വൈരുധ്യാത്മക ഭൗതികവാദം (Dialectical Materialism) തങ്ങളുടെ ആദര്‍ശമായി മാര്‍ക്‌സും എംഗല്‍സും അംഗീകരിച്ചു. മനുഷ്യോത്പത്തി അടക്കം വിശ്വാസപരമായ പലതും അവരെതിര്‍ത്തു. മതകീയ അടിത്തറയുള്ള ആശയവാദ ചരിത്ര വ്യാഖ്യാനത്തിനെതിരായി ചരിത്രപരമായ ഭൗതികവാദം (Historical Materialism) അവര്‍ അവതരിപ്പിച്ചു. സമകാലികനായ ചാള്‍സ് ഡാര്‍വിന്റെ (1809-1882) പരിണാമ സിദ്ധാന്തം ഇവരെ ആകര്‍ഷിക്കുകയും ചരിത്രപരമായ ഭൗതികവാദത്തിന് ടിപ്പണിയായി അത് സ്വീകരിക്കപ്പെടുകയും ചെയ്തു. സാമ്പത്തിക രംഗത്ത് മിച്ചമൂല്യ സിദ്ധാന്തം അവര്‍ ആദര്‍ശമായി പ്രചരിപ്പിച്ചു. ഫ്യൂഡലിസത്തില്‍ നിന്ന് മുതലാളിത്തത്തിലേക്കും മുതലാളിത്തത്തില്‍ നിന്ന് സോഷ്യലിസത്തിലേക്കും സോഷ്യലിസത്തില്‍ നിന്ന് കമ്യൂണിസ ത്തിലേക്കും സമൂഹം എത്തിച്ചേരുമെന്നും വര്‍ഗരഹിതമായ കമ്യൂണിസത്തില്‍ ഭരണം പോലും ആവശ്യമില്ലാത്ത വിധം സോഷ്യലിസം (സ്ഥിതി സമത്വം) നടപ്പാകുമെന്നുമുള്ള ദിവാസ്വപ്നം (ഉട്ടോപ്യ) കമ്യൂണിസ്റ്റ് ആചാര്യന്‍മാര്‍ വെച്ചുപുലര്‍ത്തി. 

മനോഹരമായ ആശയം. പക്ഷെ, പ്രയോഗിക രംഗത്ത് സംഭവിച്ചത് നേരെ മറിച്ചാണ്. സോഷ്യലിസം നടപ്പിലായി എന്നു പറയുന്ന സോവിയറ്റ് റഷ്യയിലും ചൈനയിലും കമ്യൂണിസം വന്ന് 'സ്റ്റെയ്റ്റ്' ഇല്ലാതായിപ്പോകുന്നതിനു പകരം ഏറ്റവും വലിയ മുതലാളിയും ക്രൂരനായ ഫ്യൂഡല്‍ പ്രഭുവുമായി മാറുകയായിരുന്നു സ്റ്റെയ്റ്റ് അഥവാ ഭരണം നടത്തിയ പാര്‍ട്ടി നേതൃത്വത്തിലെ ഏതാനും പേര്‍. ഇരുമ്പു മറയ്ക്കു പിന്നിലെ ഉരുക്കുമുഷ്ടിക്കു താഴെ അടിസ്ഥാനവര്‍ഗം (തൊഴിലാളികള്‍) അടിമകളെപ്പോലെ പണിയെടുത്തു. സോവിയറ്റ് യൂനിയനിലും കമ്യൂണിസ്റ്റ് ചൈനയിലും മുക്കാല്‍ നൂറ്റാണ്ട് സംഭവിച്ചത് ഇതായിരുന്നു. റഷ്യയില്‍ സ്റ്റാലിന്‍, ലെനിന്‍, ക്രൂഷ്‌ചേവ്, ബ്രഷ്‌നേവ് തുടങ്ങിയവരും മാവോസേതുങ്ങ് മുതല്‍ക്കുള്ള അധികാരികള്‍ ചൈനയിലും നടത്തിയ ക്രൂരമായ ഭരണക്രമം 1980 കളുടെ മധ്യത്തോടെ അവസാനിച്ചു. ഗോര്‍ബച്ചേവ് റഷ്യന്‍ ഭരണാധികാരിയായിത്തീര്‍ന്നപ്പോള്‍ ഗ്ലസ്‌നോസ്റ്റ്, പെരിസ്‌ട്രോയിക്ക എന്നീ സ്വാതന്ത്ര്യത്തിന്റെ നേരിയ കവാടം തുറന്നതോടെ സോവിയറ്റ് യൂനിയന്‍ തന്നെ തകര്‍ന്ന് ഛിന്നഭിന്നമായിത്തീര്‍ന്നു. സാമ്പത്തിക രാഷ്ട്രീയ രംഗങ്ങളിലെ പുനഃക്രമീകരണമാണ് പെരിസ്‌ട്രോയിക്ക. ഗ്ലസ്‌നോസ്റ്റ് എന്നത് ഭരണരംഗത്തെ സുതാര്യതയും. കമ്യൂണിസ്റ്റ് ചൈന സ്വകാര്യസ്വത്ത് സമ്പാദനം അനുവദിച്ചു കൊണ്ട് മുതലാളിത്തത്തിന്റെ പാതയിലേക്ക് നീങ്ങിത്തുടങ്ങി. അതിനു ശേഷമാണ് ചൈനയുടെ മുരടിപ്പു മാറിയത്.  മറുവശത്ത് ശാസ്ത്രരംഗത്ത് ജിനോം കണ്ടുപിടിത്തത്തോടെ ശാസ്ത്രലോകം നേരത്തെ തള്ളിയ ഡാര്‍വിന്റെ പരിണാമവാദവും കെട്ടടങ്ങി. 

ലോകത്ത് ഒരു നിമഷം പോലും പ്രയോഗത്തില്‍ വന്നിട്ടില്ലാത്ത ഒരു ആശയമാണ് കമ്യൂണിസം. മാത്രമല്ല, ലോകത്ത് കമ്യൂണിസമെന്ന പേരില്‍ നിലവില്‍ വന്ന ഭരണകൂടങ്ങള്‍ മാര്‍ക്‌സിന്റെ ആശയത്തിനു കടകവിരുദ്ധമായിരുന്നു താനും. ഫ്യൂഡലിസം കൈയൊഴിച്ച് ജനങ്ങള്‍ സോഷ്യലിസത്തിലൂടെ കമ്യൂണിസത്തിലേക്ക് എത്തിച്ചേര്‍ന്നാല്‍ ഭരണമെന്ന സംവിധാനം പോലും ആവശ്യമില്ലാത്ത സ്ഥിതി സമത്വസുന്ദരമായ ഒരു ലോകം വരുമത്രേ! എന്നാല്‍ ലോകത്ത് നിലവിലുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ അധികാരം പിടിച്ചെടുത്തത് തോക്കിന്‍ കുഴലിലൂടെയായിരുന്നു. ലക്ഷക്കണ്ണക്കിന് നിരപരാധികളായ മനുഷ്യരെ കൊന്നുതള്ളി. കബന്ധങ്ങള്‍ക്കു മീതെ അധികാരത്തിലേറിയ ഭരണാധികാരികള്‍ ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതികളായിത്തീര്‍ന്നു. ഭൂപ്രഭൃത്വവ്യവസ്ഥിതി (ഫ്യൂഡലിസം) തകര്‍ന്നെങ്കിലും അതിനേക്കാള്‍ ഭീകരമായ ഭൂപ്രഭുക്കളായി മാറി കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍. പ്രജകള്‍ കേവലം അടിമകള്‍.

സോവിയറ്റ് യൂണിയന്‍ കമ്യൂണിസ്റ്റ് ഭരണം (1922-1999) നിലവില്‍ വന്ന കാലത്തു തന്നെ ഇന്ത്യയിലും കമ്യൂണിസം എത്തിയിട്ടുണ്ട്. 1925 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപീകരിക്കപ്പെട്ടു. ഇന്ത്യ ബ്രിട്ടീഷ് കോളണിയായിരുന്നു അന്ന്. ചൈനീസ്/റഷ്യന്‍ കമ്യൂണിസത്തിന്റെ ഭീകരമുഖം പുറത്തെടുക്കാന്‍ ഇന്ത്യാ മഹാരാജ്യത്തിനു പറ്റിയില്ല. നാലു പതിറ്റാണ്ടു കഴിഞ്ഞ് ഇന്ത്യ സ്വതന്ത്രയായി. സ്വാതന്ത്ര ഭാരത ശില്പികള്‍ രൂപം നല്കിയ ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രം കമ്യൂണിസ്റ്റുകള്‍ക്ക് പഥ്യമായിരുന്നില്ല. സ്വാതന്ത്ര്യസമരത്തില്‍ ഒരിക്കല്‍ പോലും പങ്കെടുക്കാത്ത കമ്യൂണിസ്റ്റുകള്‍ സ്വതന്ത്ര ഇന്ത്യയുടെ ദേശീയദിനമായ സ്വാതന്ത്ര്യദിനം അംഗീകരിച്ചതും ആചരിച്ചതും പിന്നെയും ഏഴരപ്പതിറ്റാണ്ടു പിന്നിട്ട് 2021 ല്‍ മാതമ്രാണ്. കമ്യൂണിസമെന്ന വരട്ടുതത്ത്വവാദം മനുഷ്യനെ എത്രമാത്രം പ്രതിലോമപരമായി ചിന്തിപ്പിക്കുന്നു എന്നതിന് ഉത്തമോദാഹരണമാണ് ഈ സംഭവം.

കാള്‍മാക്‌സിന്റെ തത്ത്വചിന്തയ്ക്കും സ്റ്റാലിന്‍, ലെനില്‍ തുടങ്ങിയവരുടെ നടപടികള്‍ക്കും വിരുദ്ധമായി ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തില്‍ വന്നു; തികച്ചും ജനാധിപത്യ രീതിയില്‍ ബാലറ്റു പേപ്പറിലൂടെ. വൈരുധ്യാത്മക ഭൗതികവാദമാണ് കമ്യൂണിസത്തിന്റെ അടിസ്ഥാന തത്ത്വമെങ്കിലും മതകീയ പാരമ്പര്യമുള്ള ഭാരതത്തില്‍ കമ്യൂണിസം വീണ്ടും രൂപാന്തരം പ്രാപിച്ചു. കമ്യൂണിസത്തിന്റെ ഇന്ത്യന്‍ പതിപ്പ്!

ഇവിടെ ജന്‍മിത്തത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന തൊഴിലാളി പാര്‍ട്ടിയായിട്ടാണ് അത് അരങ്ങേറിയത്. തുടക്കത്തില്‍ ഈ സിദ്ധാന്തത്തോട് ഒട്ടൊക്കെ നീതി പുലര്‍ത്താന്‍ ശ്രമിച്ചു നോക്കിയെങ്കിലും അധികാരം കിട്ടിയ സംസ്ഥാനങ്ങളില്‍ കമ്യൂണിസം മുതലാളിത്തത്തിന്റെ വഴിയേ സഞ്ചരിക്കുകയായിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ രാജപാതയില്‍ കമ്യൂണിസ്റ്റുകള്‍ കമ്യൂണിസമെന്തെന്നു മറന്നുപോയി. ഭൗതിക വാദവും മതവിരോധവും വേണ്ടത്ര വേരോടാത്ത ഇന്ത്യയില്‍, വിശിഷ്യാ കേരളത്തില്‍, വിശ്വാസികള്‍ക്കും അംഗത്വം നല്കുമെന്ന് പാര്‍ട്ടി സെക്രട്ടറി  പരസ്യമായി പറയുന്ന അവസ്ഥയിലെത്തി നിലക്കുന്നു കമ്യൂണിസം. 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446