ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതോടുകൂടി സ്ത്രീയും പുരുഷനും സന്താനലബ്ധി ആഗ്രഹിക്കുക സ്വാഭാവികമാണ്. സന്താനോത്പാദനവും സംസ്‌കാരവും മൂല്യങ്ങളുമുള്ള തലമുറയുടെ ശിക്ഷണവും ദമ്പതികളുടെ ബാധ്യതയാണ്. കുട്ടികള്‍ കുടുംബത്തിന്റെ ആനന്ദവും വീടിന്റെ വിളക്കുമാണ്. ജീവിതത്തിന് അര്‍ഥവും അഴകും നല്‍കുന്നത് കണ്‍കുളിര്‍മയുള്ള സന്താനങ്ങളാണ്.
പ്രകൃതിപരമായിത്തന്നെ വൈവാഹിക ജീവിതത്തിലേക്ക് എത്തിയ സ്ത്രീയും പുരുഷനും മാതൃത്വവികാരവും പിതൃത്വബോധവുമുണ്ടാവുകയും ചെയ്യുന്നു. വീടിന്റെ അലങ്കാരവും മനസ്സിന് സമാധാനവും സന്തോഷവും പകരുന്നതുമായ സന്താനങ്ങളുടെ ലബ്ധിക്കായി ആഗ്രഹിക്കുകയും സര്‍വശക്തനോട് തേടുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹവും പരീക്ഷണവുമാണ് മക്കള്‍. അല്ലാഹു പറയുന്നു: ''സമ്പത്തും സന്താനങ്ങളും ഐഹിക ജീവിതത്തിലെ അലങ്കാരമാണ്'' (18:46).
അനസ്(റ)നുവേണ്ടിയുള്ള പ്രാര്‍ഥനയില്‍ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞതായി അദ്ദേഹം അറിയിക്കുന്നു. 'അല്ലാഹുവേ, നീ അദ്ദേഹത്തിന് സമ്പത്തും സന്താനവും ധാരാളമായി നല്‍കേണമേ, അദ്ദേഹത്തെ അനുഗ്രഹിക്കേണമേ' (സ്വഹീഹുല്‍ബുഖാരി 6334).
വാര്‍ധക്യത്തിന്റെ അവശതയിലും അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സന്താനസൗഭാഗ്യത്തിനായി ഇബ്‌റാഹീം നബി(അ), സകരിയ്യാ നബി(അ) പ്രാര്‍ഥിച്ചതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ''എന്റെ നാഥാ, എനിക്ക് നീ സച്ചരിതനായ സന്താനത്തെ നല്‍കേണമേ'' (37:100), സകരിയ്യാ നബി പ്രാര്‍ഥിച്ചു. ''എന്റെ നാഥാ, എനിക്ക് നീ നിന്റെ വകയായി നല്ലവരായ മക്കളെ നല്‍കേണമേ, തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനല്ലേ?''.
മനുഷ്യനില്‍ അന്തര്‍ലീനമായ ഒരു ശക്തിയുടെ ആവിഷ്‌കാരമാണ് യഥാര്‍ഥത്തില്‍ സ്‌നേഹം. പരസ്പരം അറിഞ്ഞ് ഒറ്റപ്പെടലില്‍ നിന്ന് മനുഷ്യനെ രക്ഷിക്കുന്നതും സ്‌നേഹമെന്ന വികാരമാണ്. മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തിലാണ് സ്‌നേഹത്തിന്റെ ഉത്തമമാതൃക ദര്‍ശിക്കാനാവുന്നത്. മാതാപിതാക്കള്‍ക്ക് മക്കളോടുള്ള സ്‌നേഹത്തിന് ഇസ്‌ലാം ഏറെ പ്രാമുഖ്യം കല്പിക്കുന്നു. ചെറുപ്പത്തില്‍ കുട്ടികള്‍ക്ക് മതിയായ സ്‌നേഹവും കാരുണ്യവും മാതാപിതാക്കളില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. സന്തതികളോട് മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുന്ന ഖുര്‍ആന്‍ വാക്യത്തില്‍ മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്‌നേഹത്തിന്റെ ആദാനപ്രദാനങ്ങളാണ് ജീവിതത്തെ അര്‍ഥപൂര്‍ണമാക്കുന്നതെന്ന സൂചനയുണ്ട്. 'എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോടും നീ കരുണ കാണിക്കേണമേ' (17:24).
മാതൃ ശിശുബന്ധം സ്‌നേഹത്തിന്റെ കൊടുക്കല്‍ വാങ്ങലിന്റെ ഉജ്വലമായ പ്രക്രിയയായി മനസ്സിലാക്കാന്‍ സാധിക്കും. മാതാവിന്റെ നിരുപാധിക സ്‌നേഹപരിചരണമാണ് ശിശുക്കളുടെ വളര്‍ച്ചയില്‍ നര്‍ണായക പങ്കുവഹിക്കുന്നത്. ശൈശവം മുതല്‍ വാര്‍ധക്യം വരെയും അതിനുശേഷം മാതാപിതാക്കളുടെ മരണാനന്തരവും നിലനില്ക്കുന്ന സ്‌നേഹമെന്ന അനുസ്യൂതമായ പ്രക്രിയയാണ് സത്യവിശ്വാസിയായ സന്തതിയെ പ്രാര്‍ഥിക്കാന്‍ പ്രേരിപ്പിക്കുന്നത്. നാഥാ, എന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി നീ കരുണ ചെയ്യേണമേ, ഇരുവരും ചെറുപ്പത്തില്‍ എന്നെ പോറ്റിവളര്‍ത്തിയതുപോലെ'. എന്ന് അവന്‍ പ്രാര്‍ഥിക്കുന്നു.