Skip to main content

മാതാപിതാക്കളോടുള്ള കടമകള്‍

അല്ലാഹുവും പ്രവാചകനും കഴിഞ്ഞാല്‍ മനുഷ്യന് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് മാതാപിതാക്കളോടാണ്. അവരുടെ സംരക്ഷണം മനുഷ്യസഹജവും പ്രകൃതിപരവുമാണ്. എങ്കിലും അല്ലാഹുവിന്റെ തൃപ്തിനേടി പരലോകത്ത് വിജയം വരിക്കണമെങ്കില്‍ അവരോടുള്ള ബാധ്യതകള്‍ മക്കള്‍ നിര്‍വഹിച്ചേ തീരുവെന്ന് വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും ഊന്നിപ്പറഞ്ഞു. അവര്‍ക്ക് മഹിതമായ പദവി നല്‍കി ആദരിക്കുകയും പ്രായത്തിന്റെ അവശതയില്‍ അവര്‍ക്ക് തണലായി ജീവിക്കുന്നതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുകയും ചെയ്തു. അല്ലാഹുവിനുമാത്രം വഴിപ്പെട്ട് വണങ്ങി ജീവിക്കണമെന്ന് കല്പിച്ചതിന്റെ ഭാഗമായിട്ടാണ് മാതാപിതാക്കളോട് നന്മ ചെയ്തു ജീവിക്കണമെന്നതും അനുശാസിക്കപ്പെട്ടിരിക്കുന്നത്.

''നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു. അവനല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണം'' (17:23).

ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശം തൗഹീദാണ്. അതിന് വിരുദ്ധമായി അല്ലാഹുവില്‍ പങ്കുചേര്‍ക്കാന്‍ മാതാപിതാക്കള്‍ മക്കളെ നിര്‍ബന്ധിച്ചാല്‍ ആ വിഷയത്തില്‍ അവരെ അനുസരിക്കേണ്ടതില്ലെന്ന് അല്ലാഹു ഉണര്‍ത്തുന്നു. ''നിനക്ക് യാഥാര്‍ഥ്യം വ്യക്തമായറിയാത്ത വസ്തുക്കളെ എന്നില്‍ പങ്കുചേര്‍ക്കണമെന്ന് അവരിരുവരും നിന്നെ നിര്‍ബന്ധിച്ചാല്‍ നീ അനുസരിക്കരുത്. അതോടൊപ്പം ഐഹിക ജീവിതത്തില്‍ അവരുമായി നല്ല നിലയില്‍ സഹവസിക്കുകയും ചെയ്യുക'' (31:15)

ബഹുദൈവത്വത്തെ ഇസ്‌ലാം നിരാകരിക്കുന്നുണ്ടെങ്കിലും ഒരു മുസ്‌ലിമിന്റെ മാതൃസ്‌നേഹത്തിന് തന്റെ മാതാവിന്റെ ബഹുദൈവവിശ്വാസം തടസ്സമാവരുത്. അബൂബക്‌റിന്റെ പുത്രി അസ്മാഅ്(റ) പറയുന്നു: ഖുറൈശികളുമായി യുദ്ധമില്ലാക്കരാര്‍ നിലവിലുള്ള സമയത്ത് എന്റെ മാതാവ് (മക്കയില്‍നിന്ന്) എന്റെ അടുത്തേക്ക് (മദീനയിലേക്ക്) വന്നു. അവര്‍ ബഹുദൈവവിശ്വാസിനിയായിരുന്നു. അപ്പോള്‍ ഞാന്‍ നബിയോട് ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, എന്റെ മാതാവ് എന്റെയടുക്കല്‍ വന്നിരിക്കുന്നു അവര്‍ ഇസ്‌ലാമിനെ ഇഷ്ടപ്പെടാത്തവരാണ്, എന്നിരിക്കെ ഞാന്‍ അവരുമായി കുടുംബബന്ധം ചേര്‍ക്കണമോ? നബി(സ്വ) പറഞ്ഞു: അതേ, നീ അവരോട് കുടുംബബന്ധം ചേര്‍ക്കുക (ബുഖാരി 2620, മുസ്‌ലിം 1003).

അവശതയുടെയും ഒറ്റപ്പെടലിന്റെയും മാനസികാവസ്ഥ അനുഭവിക്കുന്ന വാര്‍ധക്യത്തില്‍ മക്കള്‍ മാതാപിതാക്കള്‍ക്ക് സ്‌നേഹപരിചരണം നല്‍കേണ്ടതുണ്ട്. മക്കള്‍ സ്വര്‍ഗാവകാശികളോ നരകാവകാശികളോ എന്ന് തീരുമാനിക്കപ്പെടുന്ന ദൈവികപരീക്ഷണമാണ് മക്കളെ സംബന്ധിച്ചിടത്തോളം വൃദ്ധരായ മാതാപിതാക്കള്‍. പ്രായത്തിന്റെ അവശതയുടെ സാഹചര്യത്തില്‍ അവരെ വൃദ്ധസദനത്തിലേക്ക് പറഞ്ഞുവിട്ട് മാസംതോറും സംഖ്യ അയച്ചുകൊടുത്ത് ബാധ്യത നിര്‍വഹിക്കുകയല്ല വേണ്ടത്. കൂടെ നിര്‍ത്തി അവര്‍ക്ക് സ്‌നേഹത്തണലൊരുക്കുകയാണ് വേണ്ടതെന്ന് അല്ലാഹു കല്പിക്കുന്നു. ''അവരില്‍ ഒരാളോ രണ്ടുപേരും തന്നെയോ നിന്റെയടുക്കല്‍ വെച്ച് വാര്‍ധക്യം ബാധിച്ചാല്‍ അവരോട് നീ 'ഛെ' എന്നുപോലും പറയരുത്. അവരോട് കര്‍ക്കുകയും അരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവരിരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. 'എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവരിരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കേണമേ' എന്ന് നീ പറയുകയും ചെയ്യുക (17:23,24).

അനിഷ്ടകരമായ വാക്കുകളും പ്രവൃത്തികളും വാര്‍ധക്യത്തില്‍ മാതാപിതാക്കളില്‍ നിന്നുണ്ടായേക്കാം. അത് മക്കള്‍ക്ക് പ്രയാസകരമായി തോന്നിയിരുന്നാലും അവ ക്ഷമിച്ച് നല്ല നിലയില്‍ അവരുമായി സഹവസിക്കാന്‍ മക്കള്‍ക്ക് സാധിക്കേണ്ടതുണ്ട്.

അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: അവന്‍ നിന്ദ്യനാവട്ടെ, വീണ്ടും അവന്‍ നിന്ദ്യനാവട്ടെ. അല്ലാഹുവിന്റെ ദൂതരേ, ആരാണത് എന്ന് ചോദിക്കപ്പെട്ടു. നബി(സ്വ) പറഞ്ഞു. വാര്‍ധക്യം ബാധിച്ച മാതാപിതാക്കളെയോ അവരില്‍ ഒരാളെയോ ലഭിച്ചിട്ടും സ്വര്‍ഗത്തില്‍ പ്രവേശിക്കാത്തവന്‍ (സ്വഹീഹു മുസ്‌ലിം 2551).

നബി(സ്വ) പറഞ്ഞു: മാതാപിതാക്കളെ പ്രയാസപ്പെടുത്തുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു.

മനുഷ്യക്കുഞ്ഞ് പിറന്നുവീഴുന്നതിനു മുമ്പ് തന്നെ ഗര്‍ഭാവസ്ഥയില്‍ ഏതൊരു മാതാവും കുഞ്ഞിനുവേണ്ടി അനുഭവിക്കുന്ന പ്രയാസങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടാണ് മാതാവിനോട് നന്ദിചെയ്യാന്‍ കൂടുതല്‍ ബാധ്യതയുണ്ടെന്ന അല്ലാഹു ഓര്‍മപ്പെടുത്തുന്നത്. ''തന്റെ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്ന് മനുഷ്യനോട് നാം കല്പിച്ചിരിക്കുന്നു. ഏറെ പ്രയാസത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. പ്രസവിച്ചതോ കടുത്ത പാരവശ്യത്തോടെയും. ഗര്‍ഭധാരണവും മുലകുടിമാറ്റലും കൂടി മുപ്പത് മാസമത്രെ. പിന്നീട് പൂര്‍ണ ശക്തി പ്രാപിക്കുകയും 40 വയസ്സ് പ്രായമെത്തുകയും ചെയ്തപ്പോള്‍ അവനതാ പ്രാര്‍ഥിക്കുന്നു. എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തുതന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാനും നിനക്കിഷ്ടമുള്ള നല്ല കാര്യങ്ങള്‍ ചെയ്യാനും എനിക്ക് പ്രചോദനം നല്‍കണേ. എന്റെ സന്തതികളില്‍ നീയെനിക്ക് നന്‍മ ഉണ്ടാക്കിത്തരികയും ചെയ്യണേ. ഞാനിതാ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. ഞാന്‍ അനുസരണയുള്ളവന്‍ തന്നെ, തീര്‍ച്ച'' (46:15).

ഭൂമിയില്‍ മനുഷ്യന് ഏറ്റവുമധികം ബാധ്യതയുള്ളത് മാതാവിനോടാണ്. പിന്നെ പിതാവിനോടും. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിനേക്കാള്‍ ഇസ്‌ലാമില്‍ മാതാപിതാക്കളുടെ പരിരക്ഷണത്തിന് പ്രാധാന്യം കല്പിക്കുന്നു. അബ്ദുല്ല(റ) പറയുന്നു: ഒരാള്‍ നബി(സ്വ)യുടെ അടുത്തുവന്ന് ഇപ്രകാരം പറഞ്ഞു. ഞാന്‍ ഹിജ്‌റ പുറപ്പെടുകയാണ് എന്ന് പ്രതിജ്ഞ ചെയ്യാന്‍ താങ്കളുടെ അരികില്‍ വന്നിരിക്കുന്നു. എന്റെ മാതാപിതാക്കളെ കരയുന്ന അവസ്ഥയിലാണ് ഞാന്‍ വിട്ടുപോന്നത്. അപ്പോള്‍ നബി(സ്വ) പറഞ്ഞു. നീ അവരുടെ അടുത്തേക്ക് മടങ്ങിപ്പോവുക. എന്നിട്ട് അവരെ നീ ചിരിപ്പിക്കുക; അവരെ നീ കരയിച്ചതുപോലെ. (സുനനു അബീദാവൂദ് 2528).
 

Feedback