Skip to main content

ഇസ്‌ലാമിക രാഷ്ട്രവും അമുസ്‌ലിം പൗരന്‍മാരും

ഇസ്‌ലാമിക രാഷ്ട്രം എന്നത് മുസ്‌ലിംകള്‍ മാത്രമുള്ള ഒരു സമൂഹത്തിന്റെ ഭരണമാണെന്ന് ധരിക്കേണ്ടതില്ല. ഇസ്‌ലാമിക രാഷ്ട്രത്തില്‍ ഇസ്‌ലാമിക നിയമങ്ങള്‍ മുസ്‌ലിംകള്‍ക്കു മാത്രമേ ബാധകമാവൂ. എന്നാല്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ അവിടത്തെ സിവില്‍, ക്രിമിനല്‍, ശിക്ഷാനിയമങ്ങളും ട്രാഫിക് നിയമം മുതലായ സമൂഹ നിയന്ത്രണ സംവിധാനങ്ങളും എല്ലാവര്‍ക്കും ബാധകമാണ്. മുസ്‌ലിംകള്‍ ഇസ്‌ലാമിക സര്‍ക്കാറിന് സകാത്ത് നല്കുന്നു. അമുസ്‌ലിംകള്‍ക്ക് സകാത്ത് ബാധകമല്ല. പക്ഷേ അവര്‍ രാഷ്ട്രത്തിന്റെ ഭാഗമാണ്. അവര്‍ നികുതി കൊടുക്കണം. പ്രജാക്ഷേമം എന്ന നിലയില്‍ ഗവണ്‍മെന്റ് ചെയ്യുന്ന ഒരു കാര്യത്തിലും പൗരന്‍മാര്‍ക്കിടയില്‍ മതകീയ വിവേചനം ഒരിക്കലും ഇസ്‌ലാം അനുവദിക്കുന്നില്ല. നബി(സ്വ) മദീനയിലെ ഭരണാധികാരിയായിരിക്കുമ്പോള്‍ അവിടെ ജൂതരും ക്രൈസ്തവരും അഗ്‌നിയാരാധകരുമെല്ലാം ഉണ്ടായിരുന്നു. നബിയെ തുടര്‍ന്നുവന്ന ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് രാജ്യവിസ്തൃതി കൂടിയപ്പോഴും അവിടങ്ങളില്‍ മുസ്‌ലിംകളും അല്ലാത്തവരും ഉണ്ടായിരുന്നു. ഖലീഫമാരുടെ ഭരണത്തിന്‍ കീഴില്‍ മുസ്‌ലിംകളും അല്ലാത്തവരുമായ പൗരന്‍മാര്‍ക്കെല്ലാം തുല്യനീതി ലഭിച്ചിരുന്നു. അധികാരം ഉപയോഗിച്ച് മതം അടിച്ചേല്പിച്ചിരുന്നില്ല. എല്ലാവര്‍ക്കും ആരാധാനാ സ്വാതന്ത്ര്യം നല്കിയിരുന്നു.

ഖലീഫമാര്‍ പാവപ്പെട്ടവര്‍ക്ക് സഹായം നല്കിയപ്പോള്‍ അവര്‍ മുസ്‌ലിംകളായിരി ക്കണമെന്ന്  നിബന്ധന വെച്ചിട്ടില്ല. പൗരാവകാശം പൂര്‍ണമായും പരിഗണിക്കപ്പെടുന്ന സമീപനം മാത്രമേ ഇസ്‌ലാമിക ഭരണത്തിന്‍ കീഴില്‍ ഉണ്ടാവൂ. 

ഇസ്‌ലാമിക രാഷ്ട്രത്തിനു കീഴിലെ ഇതര മതസ്ഥരെ 'ദിമ്മി'കള്‍ എന്നു പറയുന്നു. അഥവാ ഇസ്‌ലാമിക രാഷ്ട്രത്തിന് സംരക്ഷണബാധ്യതയുള്ള ഇതര പൗരന്‍മാര്‍ എന്നര്‍ഥം. ദിമ്മികളെ ഉപദ്രവിക്കുന്നവര്‍ക്കുള്ള പരലോക ശിക്ഷയെക്കുറിച്ച് നബി(സ്വ) പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്.
 

Feedback