Skip to main content

കൃഷി വരുമാനവും വിശ്വാസവും

ജീവി ജനസംഖ്യ വര്‍ധിച്ചതും മനുഷ്യരുടെ ക്രയശേഷി കൂടിയതും കൂടിയ ഉത്പാദനം നിര്‍ബന്ധമാക്കി. ഇതാണ് ആധുനിക കൃഷിരീതികളിലേക്ക് മനുഷ്യനെ എത്തിച്ചത്. കാലാകാലങ്ങളില്‍ ദൈവം നല്കിയ ബുദ്ധിയുപയോഗിച്ച് അവന്‍ നേടിയെടുത്ത പുത്തന്‍ കൃഷി അറിവുകള്‍ ലോകത്തെ പട്ടിണിയില്ലാതെ വളര്‍ത്താന്‍ മാത്രമുള്ള വിഭവങ്ങള്‍ ഉത്പാദിപ്പിക്കാന്‍ പ്രാപ്തമായിരുന്നു. മനുഷ്യരുടെ ആവശ്യെത്തക്കാള്‍ ഭക്ഷ്യോത്പന്നങ്ങള്‍ ലോകത്ത് എന്നും സമൃദ്ധമായിരുന്നു. പക്ഷേ ഹൃദയമില്ലാതെ തലവളര്‍ന്ന സമൂഹത്തില്‍ എല്ലാ കാലത്തും വലിയ ഒരു സമൂഹം പട്ടിണിയാലും പോഷകാഹാരക്കുറവിനാലും മരിച്ചുകൊണ്ടേ ഇരുന്നു. പുതിയ കാലത്തും ഇതു തന്നെ ആവര്‍ത്തിക്കുന്നു. ഒരു ഭാഗത്ത് ഭക്ഷ്യധാന്യങ്ങള്‍ സംഭരണികള്‍ക്ക് താങ്ങാവുന്നതിലും കൂടുതലായതിനാല്‍ കത്തിച്ചും കടലിലൊഴുക്കിയും മാര്‍ക്കറ്റില്‍ വിലതാഴാതെ നിലനിര്‍ത്തുമ്പോള്‍ മറുഭാഗം അന്നമില്ലാതെ മരണംപൂകുന്നു. ഒരുഭാഗം പോഷകക്കൂടുതലിനാല്‍ ചലനം സാധ്യമല്ലാതെ കിടക്കുമ്പോള്‍ മറ്റൊരു വലിയ സമൂഹം പോഷകരാഹിത്യത്താല്‍ ചലിക്കാന്‍ കഴിയാതെ മരണം കാത്തുകിടക്കുന്നു. പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ നന്ദികെട്ട കടന്നുകയറ്റമാണിതിന് കാരണം. ''മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരു വേള മടങ്ങിയേക്കാം''(30:41). കൃഷി ഉത്പന്നങ്ങളുടെ വിളവെടുപ്പു സമയത്തു തന്നെ അതിലെ പാവങ്ങളുടെ അവകാശ ഓഹരിയായ സകാത് നല്കണമെന്ന നിര്‍ദേശം പാലിക്കപ്പെട്ടിരുന്നെങ്കില്‍ ജനങ്ങളുടെ ഭക്ഷണത്തില്‍ ഇത്തരം മാരകമായ ധ്രുവീകരണം സംഭവിക്കുമായിരുന്നില്ല. ''പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഈന്തപ്പനകളും, വിവധതരം കനികളുള്ള കൃഷികളും, പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. അതിന്റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്തു വീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല''(6:141).

സകല സൃഷ്ടികള്‍ക്കും ഭക്ഷണം നല്കാന്‍ അല്ലാഹു ഉത്തരവാദിത്തമേറ്റെടുത്തതാണ്. ''ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു    രേഖയിലുണ്ട്''(11:6). ''സ്വന്തം ഉപജീവനത്തിന്റെ ചുമതല വഹിക്കാത്ത എത്രയെത്ര ജീവികളുണ്ട്. അല്ലാഹുവാണ് അവയ്ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍''(29:60). കാര്‍ഷികമേഖലയിലെ കൃത്രിമ ഇടപെടലിലൂടെയും കുത്തകവത്കരണത്തിലൂടെയും അല്ലാഹു ഭക്ഷണമേറ്റെടുത്തവര്‍ പട്ടിണിക്കാരായാല്‍, ക്ഷാമവും വരള്‍ച്ചയുമെല്ലാമായി  പടച്ചവന്റെ ശിക്ഷ ഇവിടെത്തന്നെ അനുഭവിക്കേണ്ടി വന്നേക്കും.
 
കൃഷി മനുഷ്യ നിലനില്പിന് നേര്‍ക്കുനേരെ അനിവാര്യമായതും ആരോഗ്യത്തിന് ഏറെ ശ്രദ്ധിക്കേണ്ടതുമെന്ന നിലയില്‍ ആരാധനപോലെ പവിത്രമായി കരുതപ്പെട്ടിരുന്നു.    

ജനതക്ക് ആവശ്യമായ ഭക്ഷണം ലഭ്യമാക്കുക എന്നതിനെക്കാള്‍ കൃഷി ലാഭകരമായ ബിസിനസാക്കാനുള്ള ഗവേഷണങ്ങളാണ് ഇപ്പോള്‍ ലോകത്തെങ്ങും വ്യാപകമായി നടക്കുന്നത്. ഇതാണ് മനുഷ്യജീവിതത്തെ തകര്‍ക്കുന്ന, പടച്ചവന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുന്ന പുതിയ കാര്‍ഷികോത്പന്നങ്ങളിലേക്കും രീതികളിലേക്കും മനുഷ്യനെ എത്തിച്ചത്. ഒന്നില്‍ നിന്നു എഴുനൂറും അതിലേറെയും വിളയുന്ന ധാന്യം പ്രകൃതിയാണ്.  എന്നാല്‍ അത് സൃഷ്ടിക്കാനുള്ള മാര്‍ഗം പ്രകൃതിവിരുദ്ധമായതാണ് പ്രശ്‌നം. അന്തകവിത്തുകളും ജനിതകവിത്തുകളും അപകടകരമാണെന്നത് ഏതാനും പ്രകൃതിവാദികളുടെ അമിത ഭയാശങ്കകള്‍ മാത്രമല്ല, എല്ലാവരും അംഗീകരിക്കുന്ന യാഥാര്‍ഥ്യമായി അത് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. സങ്കരവിത്തുകളും കൃത്രിമ വളങ്ങളും രാസ കീടനാശിനികളും മണ്ണിന്റെ സ്വാഭാവികതക്ക് ചേരാത്തതിനാല്‍ ഉത്പന്നമായ ഭക്ഷണം മാത്രമല്ല, ശുദ്ധീകരണം സാധ്യമാകാത്തവിധം മണ്ണും മാനവും വെള്ളവും പോലും മലിനമാക്കിയിരിക്കുന്നു. 

കൃഷിയുടെ ഇത്തരം അപചയകാലത്ത് അത് വരുമാനമാക്കുന്ന മുസ്‌ലിംകര്‍ഷകര്‍ ഏറെ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. അപകടമാണെന്നറിഞ്ഞുകൊണ്ട്, അമിതലാഭ പൂതിയില്‍ ഭക്ഷണത്തില്‍ ചതി വരുത്തുന്നവര്‍ മറ്റാരെക്കാളും കുറ്റക്കാരാകും.  വിശുദ്ധഭക്ഷണം കഴിക്കാനേ ഇസ്‌ലാം അനുമതി നല്കുന്നുള്ളൂ. അതവന്റെ അവകാശമാണ്. അത് നിര്‍വഹിക്കാനേല്‍പിക്കപ്പെട്ടവര്‍ കാണിക്കുന്ന വഞ്ചന അല്ലാഹുവിനെ വഞ്ചിക്കുന്നതിന് തുല്യമാണ്. നല്ലഭക്ഷണം ലഭിക്കാതെ മാലിന്യം ഭുജിക്കേണ്ടി വന്നാല്‍ വിഷകൃഷിക്കാരും നിഷിദ്ധത തീറ്റിച്ചതിനുള്ള  കുറ്റപങ്കാളികളാവുകയാണ്. സകാത്തിന്റെയോ സദഖയുടെയോ അളവു കൂട്ടിയാല്‍ പ്രശ്‌നം പരിഹരിക്കപ്പെടില്ല. ''വല്ലവനും പരലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന്റെ കൃഷിയില്‍ നാം അവന്ന് വര്‍ദ്ധന നല്‍കുന്നതാണ്. വല്ലവനും ഇഹലോകത്തെ കൃഷിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നാം അവന്ന് അതില്‍ നിന്ന് നല്‍കുന്നതാണ്. അവന്ന് പരലോകത്ത് യാതൊരു വിഹിതവും ഉണ്ടായിരിക്കുന്നതല്ല''(42:20). ഈ വിശുദ്ധ വചനം പണപ്രധാന ഭൗതിക ജീവിതത്തിന്റെ മാസ്മകരികതയില്‍  പൂണ്ടിറങ്ങി പരലോകം മറന്നവനെ മാത്രമല്ല, അവിശുദ്ധ കാര്‍ഷിക വരുമാനം നേടുന്നവനെകൂടി ഉള്‍കൊള്ളുന്നതാണ്.
 

Feedback