ജലജീവികളെപ്പോലെ കരജീവികളില്‍ നിന്ന് മനുഷ്യനോട് ഇണങ്ങാത്ത മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നത് ഇസ്‌ലാം അനുവദിച്ചു. ഭക്ഷിക്കുന്നത് അനുവദനീയമായ വന്യജീവികളെ വേട്ടയാടിപ്പിടിക്കുന്നത് സംബന്ധമായ നിയമങ്ങളാണ് വേട്ടനിയമങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അറുക്കുന്നവന്റെ കാര്യത്തിലുള്ള നിബന്ധനകളെല്ലാം കരജീവികളെ വേട്ടയാടുന്നവനും ബാധകമാണ്. അറുക്കുന്നവന്‍ മുസ്‌ലിമോ വേദാവകാശിയോ ആകണമെന്നത് അതില്‍പ്പെട്ട ഒന്നാണ്.
ഹജ്ജിനോ ഉംറക്കോ ഇഹ്‌റാം ചെയ്ത വ്യക്തി വേട്ടയാടുന്നത് നിഷിദ്ധമാണ്. അല്ലാഹു പറയുന്നു. ''നിങ്ങള്‍ക്കും യാത്ര സംഘങ്ങള്‍ക്കും ജീവിതവിഭവമായികൊണ്ട് കടലിലെ വേട്ട ജന്തുക്കളും സമുദ്രാഹാരവും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടു. നിങ്ങള്‍ ഇഹ്‌റാമിലായിരിക്കെ കരയിലെ വേട്ടജന്തുക്കള്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഏതൊരുവനിലേക്കാണോ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുന്നത് ആ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക'' (5:96).
ഭക്ഷണാവശ്യത്തിനല്ലാതെ ജന്തുക്കളെ ഹിംസിക്കുന്നത് നബി(സ്വ) നിരോധിച്ചിരിക്കുന്നു. പ്രയോജനശൂന്യമായ ജന്തുഹിംസ അവയോടുള്ള ക്രൂരതയാണ്. നബി(സ്വ) പറഞ്ഞു: ''ഒരുവന്‍ ഒരു കിളിയെ വൃഥാ ഹിംസിച്ചാല്‍ അന്ത്യനാളില്‍ അത് അല്ലാഹുവിനോട് ഇപ്രകാരം വിലപിക്കും. 'നാഥാ ഇന്നയാള്‍ എന്നെ അനാവശ്യമായി വധിച്ചു. യാതൊരു പ്രയോജനത്തിനുവേണ്ടിയല്ല അയാളെന്നെ വധിച്ചത് (സ്വഹീഹുഇബ്‌നു ഹിബ്ബാന്‍ 5894). നബി(സ്വ) ഒരിക്കല്‍ ഒരു പക്ഷിയുടെ അരികിലൂടെ കടന്നുപോകാനിടയായി ചിലയാളുകള്‍ അതിനെ ഉന്നമാക്കി പ്രഹരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകണ്ട് നബി(സ്വ) പറഞ്ഞു. ''ഇങ്ങനെ ചെയ്യുന്നവരെ അല്ലാഹു ശപിക്കട്ടെ'' (മുസ്‌നദ് 6259). കുന്തം, വാള്‍, അസ്ത്രം തുടങ്ങിയ മാരകായുധങ്ങള്‍ കൊണ്ട് വേട്ട നടത്താം. അല്ലാഹു പറയുന്നു. 'വിശ്വസിച്ചവരേ, നിങ്ങളുടെ കരങ്ങള്‍ക്കും അസ്ത്രങ്ങള്‍ക്കും എളുപ്പം പ്രാപിക്കാവുന്ന ഇരകളാല്‍, നിങ്ങള്‍ വേട്ടയിലേര്‍പ്പെടുമോ എന്ന് നിങ്ങളെ പരീക്ഷിക്കുന്നതാകുന്നു'' (5:94). പരിശീലനം നല്‍കപ്പെട്ട വേട്ട മൃഗങ്ങളും വേട്ടപ്പക്ഷികളും മുഖേനയും വേട്ടനടത്താം. അല്ലാഹു പറയുന്നു. ''തങ്ങള്‍ക്ക് അനുവദനീയമായതെന്തെന്ന് ജനം താങ്കളോട് ചോദിക്കുന്നു. പറയുക നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്കനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നല്‍കിയ അറിവ് പ്രകാരം നിങ്ങള്‍ പരിശീലിപ്പിച്ച വേട്ട മൃഗങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി പിടിച്ച് തരുന്നതും ഭുജിക്കാവുന്നാതാകുന്നു. എന്നാല്‍ ഇതിന്‍മേല്‍ നിങ്ങള്‍ ദൈവനാമം ഉരുവിടേണ്ടതുണ്ട്. അല്ലാഹുവിന്റെ നിയമങ്ങള്‍ ലംഘിക്കുന്നത് ഭയപ്പെടുവിന്‍. അല്ലാഹു അതിവേഗം വിചാരണ ചെയ്യുന്നവനാകുന്നു (5:4).
വേട്ടയാടുന്നവന്റെ നായയോടൊന്നിച്ച് മറ്റൊരു നായ നായാട്ടില്‍ പങ്കെടുത്താല്‍ അവ രണ്ടും പിടിച്ചത് അനുവദനീയമാവുകയില്ലെന്ന് ഹദീസ് നമുക്ക് മനസ്സിലാക്കിത്തരുന്നു. അദിയ്യ്ബ്‌നു ഹാതിം നബി(സ്വ)യോട് ചോദിച്ചു. ''ഞാന്‍ എന്റെ നായയെ അയയ്ക്കുന്നു അതിന്റെ കൂടെ മറ്റൊരു നായയെയും ഞാന്‍ കാണുന്നു. അവയില്‍ ഏതാണ് അതിനെ പിടിച്ചത് എന്ന് എനിക്കറിയില്ല. നബി(സ്വ) പറഞ്ഞു. ''എങ്കില്‍ താങ്കള്‍ അത് തിന്നരുത്. താങ്കളുടെ നായയുടെ മേല്‍ മാത്രമേ താങ്കള്‍ ദൈവനാമം ഉച്ചരിച്ചിട്ടുള്ളൂ.'' അസ്ത്രം പ്രയോഗിക്കുമ്പോഴും വേട്ടമൃഗത്തെ അതിന് അയയ്ക്കുമ്പോഴും ദൈവനാമം ഉച്ചരിക്കാന്‍ മറന്നാല്‍ അതിന്റെ പേരില്‍ കുറ്റക്കാരാവുകയില്ല. അത് ഭക്ഷിക്കുമ്പോള്‍ ഓര്‍മിച്ച് ബിസ്മി ചൊല്ലുകയാണ് വേണ്ടത്. രണ്ടു വേട്ടമൃഗങ്ങള്‍ കൂട്ടായി ഒരു ഇരയെ പിടിക്കല്‍ ഓരോന്നിന്റേയും അതിന്റെ യജമാനന്‍ വേട്ടയ്ക്ക് അയച്ചതാണെങ്കില്‍ അനുവദനീയമാകുന്നു. രണ്ടു മൃഗങ്ങളില്‍ ഒന്നിനെ മാത്രമേ വേട്ടയ്ക്ക് നിയോഗിക്കപ്പെട്ടിരുന്നുള്ളൂവെങ്കില്‍ അവ രണ്ടും ചേര്‍ന്നുപിടിച്ച ഇര തിന്നുന്നത് അനുവദനീയമല്ല. പിന്നെ ജീവന്‍ പോയ നിലയില്‍ മൃഗത്തെ കണ്ടെത്തി എന്നിരിക്കട്ടെ. നിബന്ധനകളോടെ അത് അനുവദനീയമായിത്തീരുന്നതാണ്. അത് വല്ല മലമുകളില്‍ നിന്നോ മറ്റോ വീണ നിലയിലോ അല്ലെങ്കില്‍ വെള്ളത്തില്‍ വീണ നിലിയല്‍ അല്ലെങ്കില്‍ അത് ഭക്ഷിക്കുവാന്‍ നബി(സ്വ) അനുവാദം നല്‍കിയിട്ടുണ്ട്. റസൂല്‍(സ്വ) പ്രസ്താവിച്ചതായി ബുഖാരിയും മുസ്‌ലിമും അദിയ്യ്ബ്‌നു ഹാതിമില്‍ നിന്ന് നിവേദനം ചെയ്യുന്നു. ''നീ അല്ലാഹുവിന്റെ നാമം ഉരുവിട്ടുകൊണ്ട് അമ്പെയ്തിട്ട ഇരയെ ചത്തതായി കണ്ടെത്തിയാലും തിന്നുകൊള്ളുക. വെള്ളത്തില്‍ കിടക്കുന്നത് കണ്ടാലൊഴിച്ച്. അപ്പോള്‍ അത് നിന്റെ അമ്പ് മൂലമാണോ അതല്ല വെള്ളത്തില്‍ വീണതുകൊണ്ടാണോ ചത്തതെന്ന് നിനക്കറിയുകയില്ലല്ലോ. വേട്ടയ്ക്ക് ഇരയായ ജീവിയുടെ ജീവഹാനിക്ക് കാരണമായി തോന്നത്തക്ക അസ്ത്രത്തിന്റേതല്ലാത്ത അടയാളം അതില്‍ കാണാതിരിക്കുകയും വേണം.
നബി(സ്വ) പറഞ്ഞു: ''നീ അമ്പെയ്തിട്ട് ഇര മൂന്ന് ദിവസത്തേക്ക് അപ്രത്യക്ഷമായശേഷം കണ്ടെത്തിയാല്‍ അത് ദുര്‍ഗന്ധം വമിക്കുന്നില്ലെങ്കില്‍ തിന്നുകൊള്ളുക'' (ശറഹുസ്സുന്ന 6/8).