Skip to main content

ദൈവ നാമത്തിലുള്ള അറവ്

അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ടായിരിക്കണം അറവ് നിര്‍വഹിക്കേണ്ടത് എന്നത് അറവ് അനുവദനീയമാക്കിയതിന്റെ നിര്‍ദേശത്തില്‍ നടത്തിയ പ്രധാന തത്ത്വമാണ്. തങ്ങളുടെ വിഗ്രഹങ്ങളെയും ആരാധന മൂര്‍ത്തികളെയും പ്രീതിപ്പെടുത്താനായി ബിംബാരാധകരും ജാഹിലിയ്യാ സമൂഹത്തിലെ ബഹുദൈവ വിശ്വാസികളും അവരുടെ ദൈവങ്ങളുടെ നാമം ഉച്ചരിച്ചുകൊണ്ടായിരുന്നു അറവു നിര്‍വഹിക്കാറുണ്ടായിരുന്നത്. അല്ലാഹു അല്ലാത്ത ഏതൊന്നിന്റെയും നാമം ഉച്ചരിച്ചുകൊണ്ട് അവയെ പ്രീതിപ്പെടുത്താനായി അറുക്കുമ്പോള്‍ അത് അവയ്ക്കുള്ള ആരാധനയായിത്തീരുന്നു. ആരാധന, അല്ലാഹുവിന് മാത്രമേ പാടുള്ളൂ. അല്ലാഹു അല്ലാത്തവര്‍ക്കുള്ള ആരാധന ശിര്‍ക്ക് അഥവാ കൊടിയ അക്രമം ആണ്.  

അല്ലാഹു മനുഷ്യന്റെ ഭക്ഷ്യോപയോഗത്തിനായി മൃഗങ്ങളെ അറുക്കുന്നത് അനുവദിച്ചിരിക്കുന്നു. അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നത് ഈ ദൈവികാനുവാദത്തിന്റെ പ്രഖ്യാപനമാണ്.

ജാഹിലിയ്യാ കാലത്തെ ആചാരപ്രകാരം തങ്ങളുടെ ഇഷ്ടദൈവങ്ങള്‍ക്കായി പ്രതിഷ്ഠകളിന്മേലോ അവയുടെ അടുത്ത് വെച്ചോ നടത്തിയിരുന്ന അറവുകള്‍ അവയ്ക്കുള്ള ആരാധനയായതിനാല്‍ ഇസ്‌ലാം അവ നിഷിദ്ധമാക്കി. ദൈവേതരരുടെ പേരുകള്‍ അറവുസമയത്ത് ഉരുവിടരുതെന്ന് നിഷ്‌കര്‍ഷിച്ചു. എന്നാല്‍ വേദാവകാശികള്‍ അടിസ്ഥാനപരമായി ഏകദൈവ വിശ്വാസികളായതിനാല്‍ അവരുമായുള്ള വിവാഹബന്ധത്തില്‍ ഇളവനുവദിച്ചതു പോലെത്തന്നെ അവരുടെ ഭക്ഷ്യപദാര്‍ഥങ്ങള്‍ ആഹരിക്കുന്നതിലും അല്ലാഹു അനുവാദം നല്‍കി. അല്ലാഹു പറയുന്നു: ''ഈ ദിവസം എല്ലാ നല്ല വസ്തുക്കളും നിങ്ങള്‍ക്കിതാ അനുവദിച്ചിരിക്കുന്നു. വേദാവകാശികളുടെ ഭക്ഷണം നിങ്ങള്‍ക്കും നിങ്ങളുടെ ഭക്ഷണം അവര്‍ക്കും നിയമവിധേയമാക്കിയിരിക്കുന്നു'' (5:5).  

ഒരു വിഭാഗമാളുകള്‍ നബി(സ്വ)യോട് ചോദിച്ചു. 'ഒരു കൂട്ടര്‍ ഞങ്ങള്‍ക്ക് മാംസം കൊണ്ടുവന്നു തരുന്നു. അവര്‍ അറുക്കുമ്പോള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ക്കറിയില്ല. അപ്പോള്‍ തിരുനബി പറഞ്ഞു. നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചിട്ട് അത് ഭക്ഷിച്ചുകൊള്ളുക (ബുഖാരി).

അറുക്കുമ്പോള്‍ ദൈവനാമത്തിലായിരിക്കണമെന്നത് അതിന്റെ നിബന്ധനയാണ്. എങ്കിലും അറവ് വേളയില്‍ ബിസ്മി ചൊല്ലാന്‍ മറന്നാല്‍ അത് ഭക്ഷിക്കാമെന്നാണ് ഇബ്‌നു അബ്ബാസ്(റ) അടക്കമുള്ള ഭൂരിഭാഗം പണ്ഡിതരുടെയും പക്ഷം. ഇമാം ബുഖാരി ഈ അഭിപ്രായത്തെ അംഗീകരിക്കുന്നു. ഹാഫിദ്ബ്‌നു ഹജര്‍(റ) പറയുന്നു. ''അറുക്കുകയും ദൈവനാമം ചൊല്ലാന്‍ മറക്കുകയും ചെയ്ത ഒരാളെക്കുറിച്ച് ഇബ്‌നു അബ്ബാസ്(റ) പറഞ്ഞിതപ്രകാരമാണ്. ഒരു മുസ്‌ലിമില്‍ അല്ലാഹുവിന്റെ നാമം ഉണ്ട്. അവര്‍ ഉച്ചരിച്ചില്ലെങ്കിലും ശരി'' (ഫതുഹുല്‍ബാരി 12:430).


 

Feedback
  • Monday Apr 14, 2025
  • Shawwal 15 1446