നന്മകള്‍ ധാരാളമായി ചെയ്ത് തിന്മകള്‍ പരമാവധി വെടിഞ്ഞും ജീവിത വിശുദ്ധി നിലനിര്‍ത്തുക എന്നതാണ് ആത്യന്തക വിജയത്തിന് നിദാനമായി ഇസ്‌ലാം പഠിപ്പിക്കുന്നത്. സര്‍വ മതങ്ങളും പക്ഷാന്തരമില്ലാതെ അംഗീകരിക്കുന്ന നന്മകളുണ്ട്. മാനവസമൂഹം ഒന്നടങ്കം മ്ലേഛകരമായി കാണുന്ന ചീത്ത കാര്യങ്ങളുണ്ട്. എന്നാല്‍ നന്മതിന്മകളെ സംബന്ധിച്ച് യഥാര്‍ഥത്തില്‍ വ്യവഛേദിച്ച് ക്ലിപ്തപ്പെടുത്തിത്തരാന്‍ സര്‍വജ്ഞനായ അല്ലാഹുവിന് മാത്രമേ കഴിയുകയുള്ളൂ. ചെറുതും വലുതുമായ നന്മതിന്മകളുടെയൊക്കെ വിശദാംശങ്ങള്‍ വിശുദ്ധ ഖുര്‍ആനിലൂടെയും നബിചര്യയിലൂടെയും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
മനുഷ്യജീവിതത്തില്‍ തെറ്റുകളിലേക്ക് വഴുതിവീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. മനുഷ്യന്‍ മാലാഖയെപ്പോലെ പാപം ചെയ്യാത്തവരോ ദൈവദൂതന്മാരായ മനുഷ്യരെപ്പോലെ പാപസുരക്ഷിതത്വം (ഇസ്മത്ത്) ലഭിച്ചവരോ അല്ല. സഹജമായ ദൗര്‍ബല്യത്താല്‍ വീഴ്ചകള്‍ സംഭവിച്ചുപോകാന്‍ സാധ്യതയുള്ളതിനാല്‍ ബോധപൂര്‍വം ചെയ്യുന്ന നന്മകളെക്കൊണ്ട് അത് പരിഹരിക്കപ്പെടും. അതോടൊപ്പം കര്‍ശനമായി വിരോധിക്കപ്പെട്ടിട്ടുള്ളതും ശിക്ഷാ നിയമങ്ങള്‍ക്ക് വിധേയമായതുമായ മഹാപാപങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യേണ്ടതാണ്.
കഠിനമായ ശിക്ഷയെക്കുറിച്ച് താക്കീത് ചെയ്യപ്പെട്ട കാര്യങ്ങള്‍, അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്കു കാരണമാകുമെന്ന് പ്രസ്താവിക്കപ്പെട്ട കാര്യങ്ങള്‍, കര്‍ശനമായ ഭാഷയില്‍ നിരോധിക്കപ്പെട്ട കാര്യങ്ങള്‍, ഇഹത്തില്‍ വെച്ച് തന്നെ ശിക്ഷാ നടപടികള്‍ക്കു വിധേയമാകുന്ന കാര്യങ്ങള്‍, അല്ലാഹുവിന്റെ മഹത്വത്തെയോ അധികാരാവകാശങ്ങളെയോ ധിക്കരിക്കുന്ന തരത്തിലുള്ള കുറ്റങ്ങള്‍, വ്യക്തികള്‍ക്കും സമൂഹത്തിനും ദോഷകരമാവുന്ന വിധത്തിലുള്ള തിന്മകള്‍, മനുഷ്യര്‍ പരസ്പരമുള്ള ബന്ധങ്ങളെ മുറിച്ചുകളയുന്ന പാപങ്ങള്‍ എല്ലാം വന്‍ പാപങ്ങള്‍ എന്ന ഗണത്തിലാണ് ഉള്‍പ്പെടുന്നത്. മഹാപാപങ്ങള്‍ ഏതൊക്കെയാണെന്ന് കൃത്യമായി വിശുദ്ധഖുര്‍ആനിലോ ഹദീസിലോ എണ്ണിപ്പറഞ്ഞിട്ടില്ല. വിനാശകരങ്ങളായ ഏഴു പാപങ്ങളെ നിങ്ങള്‍ വര്‍ജിക്കുവിന്‍ എന്ന് ഒരിക്കല്‍ നബി(സ്വ) പറഞ്ഞപ്പോള്‍ ഏതാണവ എന്ന് സ്വഹാബികള്‍ ചോദിക്കുകയുണ്ടായി. അപ്പോള്‍ തിരുദൂതര്‍ പറഞ്ഞു. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കല്‍, സിഹ്‌റ് (ആഭിചാരം), അല്ലാഹു ആദരിച്ച മനുഷ്യ ജീവനെ ന്യായപ്രകാരമല്ലാതെ വധിക്കല്‍, പലിശ ഭുജിക്കല്‍, അനാഥയുടെ സ്വത്ത് തിന്നല്‍, ശത്രുക്കളുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന യുദ്ധത്തിരക്കുള്ള ദിവസം പിന്‍തിരിഞ്ഞുപോകല്‍, സത്യവിശ്വാസികളും ദുര്‍വൃത്തികളറിയാത്തവരുമായ സ്ത്രീകളെക്കുറിച്ച് വ്യഭിചാരോരോപണം ചെയ്യലുമാകുന്നു (സ്വഹീഹുല്‍ ബുഖാരി 2760). വേറെ ചില ഹദീസുകളില്‍ ഈ ഏഴ് കാര്യങ്ങള്‍ കൂടാതെ മഹാപാപങ്ങളായി വേറെയും ചില കാര്യങ്ങള്‍ എടുത്തു പറഞ്ഞിട്ടുണ്ട്. മാതാപിതാക്കളെ ദ്രോഹിക്കുക, അവരെ ശപിക്കുക, കള്ളസാക്ഷ്യം പറയുക, കള്ളസത്യം ചെയ്യുക എന്നിവ അതില്‍പ്പെടുന്നു.
വിരോധിക്കപ്പെട്ട മുഴുവന്‍ പാപങ്ങളില്‍ നിന്നും ഒരു വിശ്വാസി പാടെ വിട്ടുനില്‍ക്കേണ്ടതാണ്. മനുഷ്യന്റെ ദൗര്‍ബല്യം കാരണം പൂര്‍ണമായും അത്തരം കുറ്റങ്ങളെ വര്‍ജിക്കല്‍ സാധിക്കുന്നില്ലെങ്കിലും മഹാപാപങ്ങള്‍ വര്‍ജിക്കുന്നപക്ഷം ചെറിയ തിന്മകളെയും വീഴ്ചകളെയും അല്ലാഹു മൂടിവെച്ച് മാപ്പാക്കിക്കൊടുക്കുമെന്ന് ഖുര്‍ആനില്‍ വ്യക്തമാക്ക പ്പെട്ടിട്ടുണ്ട്. 'നിങ്ങളോട് നിരോധിക്കപ്പെടുന്ന വന്‍ പാപങ്ങള്‍ നിങ്ങള്‍ വര്‍ജിക്കുന്നപക്ഷം നിങ്ങളുടെ തിന്മകളെ നിങ്ങളില്‍ നിന്ന് നാം മായ്ച്ചുകളയുകയും മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ് (4:31). പാരത്രിക വിജയത്തിനവകാശികളായിത്തീരുന്ന സജ്ജനങ്ങളുടെ ഗുണഗണങ്ങള്‍ എടുത്തുപറഞ്ഞപ്പോള്‍, മഹാപാപങ്ങളെയും നീചവൃത്തികളെയും വിട്ടകന്നുനില്‍ക്കുന്നവരും, ദേഷ്യം വരുമ്പോള്‍ അവര്‍ പൊറുത്തുകൊടുക്കുകയും ചെയ്യും (42:37) എന്ന ഒരു വിശേഷണമാണ് അല്ലാഹു പറയുന്നത്. മനുഷ്യന്റെ സഹജഭാവം കൊണ്ട് നിസ്സാരമായ തിന്മകള്‍ അവന്റെ പക്കല്‍ നിന്ന് സംഭവിച്ചേക്കാവുന്നതാണ്. എങ്കിലും വലിയ പാപങ്ങളും നീചവൃത്തികളും വര്‍ജിക്കുന്നപക്ഷം ആ ലഘുവായ തെറ്റുകള്‍ അല്ലാഹു പൊറുത്ത് കൊടുക്കുമെന്ന് സുവാര്‍ത്ത അറിയിക്കുന്നു (53:32).