Skip to main content

അനാഥരുടെ സ്വത്ത് ഭുജിക്കല്‍

മനുഷ്യജീവിതത്തില്‍ നിലനില്പിന്നുള്ള മാര്‍ഗമായി അല്ലാഹു നിശ്ചയിച്ച് തന്നിട്ടുള്ളതാണ് സമ്പത്ത്. അതുകൊണ്ട് തന്നെ അതിന്റെ സമ്പാദനവും വിനിയോഗവും അവര്‍ അനുവദിച്ച് തന്നതും വിശിഷ്ടവുമായ വഴികളിലൂടെയായിരിക്കണം. മനുഷ്യരക്തത്തിനും അഭിമാനത്തിനും പവിത്രത കല്പിക്കപ്പെട്ടിട്ടുള്ളതുപോലെ സമ്പത്തിന്റെ കാര്യത്തിലും പവിതത്ര കാത്തുസൂക്ഷിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അവിഹിതവും അന്യായവുമായ മാര്‍ഗങ്ങളിലൂടെ സമ്പാദിക്കുന്നതും സമ്പത്ത് വിനിയോഗിക്കുന്നതും പാപമാണെന്ന് അല്ലാഹു പറയുന്നു. 

അന്യായമായി കൈക്കലാക്കുന്ന സമ്പത്തില്‍ ഏറ്റവും ഗൗരവതരമാണ് അനാഥയുടെ മുതല്‍. സംരക്ഷണം നല്‍കേണ്ട പിതാവ് മരണപ്പെട്ടുപോയ കുട്ടിയാണ് അനാഥ അഥവാ യതീം. അനാഥരുടെ സംരക്ഷണം രക്ഷിതാവിന്റെയും അടുത്ത രക്തബന്ധുക്കളുടെയും ബാധ്യതയായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അനാഥസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്‌ഘോഷിച്ചപ്പോള്‍ തന്നെ അനാഥരുടെ സ്വത്ത് ദുര്‍വ്യയം ചെയ്യുന്നതും അപഹരിക്കുന്നതും ഗൗരവമര്‍ഹിക്കുന്ന കുറ്റമായി ഊന്നിപ്പറയുകയും ചെയ്തു. അനാഥയെ അടിച്ചമര്‍ത്താനും ആട്ടിയകറ്റാനും പാടില്ലെന്നും (107:2) അല്ലാഹു ഉണര്‍ത്തി. നബി(സ്വ) പറയുന്നു: 'ഞാനും അനാഥ സംരക്ഷകനും സ്വര്‍ഗത്തില്‍ ഇതുപോലെയാണ്'. എന്നിട്ട് നബി(സ്വ) ചൂണ്ടുവിരലും നടുവിരലും അല്പം വിടര്‍ത്തിയിട്ട് ഉയര്‍ത്തിക്കാണിച്ചു. (അദ്ബുല്‍ മുഫ്‌റദ് 101).

അനാഥരുടെ സ്വത്ത് ദുര്‍വ്യയം ചെയ്യുന്നതും ദുരുപയോഗപ്പെടുത്തുന്നതും ചൂഷണം ചെയ്യുന്നതും അനാഥയായ കുട്ടി കൈകാര്യകര്‍തൃശേഷി നേടിയശേഷം അവന്ന് അര്‍ഹതപ്പെട്ടത് നല്‍കാതെ കൈയടക്കിവെക്കുന്നതും കടുത്ത പാതകമായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഏഴ് മഹാപാപങ്ങളില്‍ ഒന്നായി നബി(സ്വ) എണ്ണിയത് അനാഥകളുടെ സ്വത്ത് ഭൂജിക്കല്‍ എന്നതാണ്. അല്ലാഹു പറയുന്നു: ''അനാഥകളുടെ സ്വത്ത് അന്യായമായി തിന്നുന്നവര്‍ അവരുടെ വയറുകളില്‍ തിന്നുനിറക്കുന്നത് തീ മാത്രമാകുന്നു. പിന്നീട് അവര്‍ നരകത്തില്‍ കത്തിയെരിയുന്നതുമാണ്'' (4:10). അന്യരുടെ സ്വത്ത് നിയമാനുസൃതമല്ലാത്തവിധം ഉപയോഗിക്കുന്നത് എപ്പോഴും നിഷിദ്ധവും കുറ്റവുമാണെന്ന കാര്യത്തില്‍ സംശയമില്ല. അത് അനാഥകളുടേതുകൂടിയാകുമ്പോള്‍ കടുത്ത പാപമായിതീരുന്നു. അതുകൊണ്ട് അനാഥകളുടെ സ്വത്ത് കൈകാര്യം ചെയ്യുന്നവര്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. 

Feedback
  • Thursday Apr 3, 2025
  • Shawwal 4 1446