Skip to main content

ആമിന ബിന്‍ത് വഹബ് (2-5)

കടുത്ത ദാരിദ്ര്യത്തിലും നൂറൊട്ടകങ്ങളെ ബലിയറുക്കേണ്ടിവന്നെങ്കിലും വത്സലപുത്രനായ അബ്ദുല്ലയെ തനിക്ക് തിരിച്ചുകിട്ടിയതില്‍ അബ്ദുല്‍ മുത്വലിബ് അല്ലാഹുവിനെ സ്തുതിച്ചു. കത്തി ഉപേക്ഷിച്ച് മകന്റെ കൈയ്യും പിടിച്ച് അദ്ദേഹം വീട്ടിലേക്ക് നടന്നു.

തന്റെ പത്തുമക്കളില്‍ ഇളയവനും സുന്ദരനുമായ അബ്ദുല്ലക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ അബ്ദുല്‍മുത്വലിബ് ഒരു പെണ്ണിനെ കണ്ടുവെച്ചു. സൗന്ദര്യം കൊണ്ടും കുടുംബ മഹിമകൊണ്ടും ഖുറൈശികളില്‍ തലയെടുപ്പുള്ളവള്‍. ആമിനബിന്‍ത് വഹബ്. ഖുസയ്യിന്റെ സഹോദരനും സുഹറയുടെ പേരക്കുട്ടിയുമായ വഹബിന്റെ മകള്‍.

''

സുഹറ ഗോത്രത്തിന്റെ തലവന്‍ കൂടിയായ വഹബ് നേരത്തെ മരണപ്പെട്ടു. പിതൃവ്യന്‍ വുഹൈബിന്റെ സംരക്ഷണത്തിലായിരുന്നു ആമിനയുടെ ജീവിതം. ക്രിസ്തുവര്‍ഷം 569ല്‍ ആ വിവാഹം നടന്നു. അതിനെ തുടര്‍ന്നാണ് ആനക്കലഹം നടക്കുന്നത്.

അബ്ദുല്ല ആമിന ദാമ്പത്യം അധികകാലം നീണ്ടുനിന്നില്ല. വിവാഹത്തിന്റെ തൊട്ടടുത്ത വര്‍ഷം തന്നെ സിറിയയിലേക്ക് കച്ചവടത്തിന് പോയ അബ്ദുല്ല യസ്‌രിബി(മദീന)ല്‍ വെച്ച് മരണപ്പെടുക യായിരുന്നു.

വിധവയും ഗര്‍ഭിണിയുമായ ആമിനയെ പ്രയാസങ്ങളറിയിക്കാതെ അബ്ദുല്‍മുത്വലിബ് സംരക്ഷിച്ചു. ഭര്‍ത്താവിന്റെ മരണത്തില്‍ സങ്കടപ്പെട്ടവള്‍ ജനിക്കാനിരിക്കുന്ന കുട്ടിയെക്കുറിച്ച് സ്വപ്‌നങ്ങള്‍ നെയ്തു. ഒരു ദിവസം അവര്‍ സ്വപ്നം കണ്ടു. അതില്‍ അവരോട് ഇങ്ങനെ പറയപ്പെട്ടു.

''നിന്റെ ഗര്‍ഭത്തിലിരിക്കുന്നത് ഒരു ജനതയുടെ നായകനാണ്. അവരുടെ പ്രവാചകനും. അസൂയക്കാരുടെ ഉപദ്രവങ്ങളില്‍ നിന്നും നീ ഏകനായ രക്ഷിതാവില്‍ അഭയം തേടുക. കുട്ടിക്ക് നീ 'മുഹമ്മദ്' എന്ന പേര് നല്‍കുകയും ചെയ്യുക''

ക്രിസ്തുവര്‍ഷം 570 റബീഉല്‍ അവ്വലില്‍ ആമിന മുഹമ്മദിനെ പ്രസവിച്ചു. ഹലീമയില്‍ നിന്ന് മൂന്ന് വര്‍ഷത്തോളം മുലകുടിച്ച കുട്ടിയെ പിന്നീട് ആമിന തന്നെ വളര്‍ത്തി. ആറാം വയസ്സില്‍ അവനെയും കൂട്ടി അവര്‍ യസ്‌രിബിലേക്ക് പോയി; കുടുംബ സന്ദര്‍ശനത്തിന്. അവരോടൊപ്പം പരിചാരികയായ ബറക(ഉമ്മ ു ഐമന്‍)യുമുണ്ടായിരുന്നു.

ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ അബവാഇല്‍ ആമിന മരണപ്പെട്ടു. ക്രിസ്തുവര്‍ഷം 576ല്‍. ബറകയാണ് കുട്ടിയെ പിന്നീട് മക്കയിലേക്ക് തിരിച്ചെത്തിച്ചത്.

Feedback