അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫറിനെയും മറിച്ചിട്ട് ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം തുടങ്ങിയ 1860 കാലഘട്ടം. ഈസ്റ്റ് ഇന്ത്യാ കമ്പനി വഴി, ബ്രിട്ടീഷുകാരുടെ പാശ്ചാത്യ-ക്രൈസ്തവ സംസ്‌കാരാദികള്‍ ഉത്തരേന്ത്യയെ പിടിമുറുക്കാന്‍ തുടങ്ങി. പരാജയ ബോധവും നിരാശയും അരക്ഷിതത്വവും പിടികൂടിയ മുസ്‌ലിം സമൂഹം ആത്മീയ-ധാര്‍മിക പ്രതിസന്ധികളെ മുഖാമുഖം കണ്ടു. ഈ വേളയിലാണ് ഒരു കൂട്ടം പണ്ഡിതര്‍ ഈ പ്രതിസന്ധിയെ അതിജയിക്കാന്‍ പ്രതിജ്ഞയെടുത്തത്. പണ്ഡിതനും സൂഫി ഗുരുവുമായിരുന്ന ശൈഖ് മുഹമ്മദ് ഖാസിം നാനൂതവി (1832-1880) യുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലെ ദയൂബന്ദ് ഗ്രാമത്തിലെ പള്ളിയില്‍ ഒരു സ്ഥാപനം തുടങ്ങി. ദാറുല്‍ ഉലൂം. 1867 മെയ് 30നായിരുന്നു ഇത്. ഇസ്‌ലാമിക പ്രചാരണ-പ്രബോധന വീഥിയില്‍ ഈ സ്ഥാപനം അളവറ്റ സംഭാവനകള്‍ നല്‍കി. ഇതിന് കീഴില്‍ നിരവധി സ്ഥാപനങ്ങളും നിലവില്‍ വന്നു. ദാറുല്‍ ഉലും പ്രിന്‍സിപ്പാള്‍ ശൈഖുല്‍ ഹിന്ദ് എന്നറിയപ്പെട്ടു. ഇന്ത്യന്‍ മുസ്‌ലിംകളുടെ കേന്ദ്രമായി മാറിയ ദാറുല്‍ ഉലൂം പിന്നീട് ദയൂബന്ദി പ്രസ്ഥാനം തന്നെയായി വളര്‍ന്നു.