ഇസ്ലാം, സ്രഷ്ടാവായ അല്ലാഹു നല്കിയ ജീവിത വ്യവസ്ഥയാണ്. അത് നടപ്പിലാക്കി കാണിച്ചുതന്നിട്ടുള്ളയാളാണ് തിരുനബി(സ്വ). മനുഷ്യ ജീവിതത്തിന്റെ ഒരു തലവും ഇസ്ലാമിക ബന്ധിതമല്ലാതെയില്ല. അതിനാല്‍ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഇസ്ലാമിനെ (ദീന്) സംസ്ഥാപിക്കുക (ഇഖാമത്തുദ്ദീന്‍) എന്നതാണ് ജമാഅത്ത് തങ്ങളുടെ ലക്ഷ്യമായി കാണുന്നത്. ഈ കാഴ്ചപ്പാടിലൂള്ള ഒരു സമൂഹ നിര്‍മിതി സാധ്യമാണെന്നും ദൈവിക നീതിയിലധിഷ്ഠിതമായ സമ്പൂര്‍ണ ജീവിത വ്യവസ്ഥയായ ഇസ്ലാമിന് ഇതര മനുഷ്യനിര്‍മിത വ്യവസ്ഥകളെക്കാള്‍ പ്രസക്തിയുണ്ടെന്നും ജമാഅത്ത് സിദ്ധാന്തിക്കുന്നു.
മുസ്ലിം സമൂഹം പ്രത്യേകിച്ചും ഇതര സമൂഹങ്ങള്‍ പൊതുവിലും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക, തികച്ചും സമാധാനപൂര്‍ണമായ മാര്‍ഗത്തിലൂടെ പ്രബോധന-സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയും ജമാഅത്ത് കാര്യപരിപാടികളാണ്.
ന്യൂനപക്ഷമായ മുസ്ലിം സമുദായത്തിന്റെ എല്ലാ നിലക്കുമുള്ള പിന്നാക്കവസ്ഥ പരിഹരിക്കാന്‍ ജമാഅത്ത് നിരവധി ക്ഷേമ പദ്ധതികളും സംരംഭങ്ങളും നടത്തുന്നുണ്ട്. പ്രബോധന-വിദ്യാഭ്യാസ-സമൂഹ ക്ഷേമ-രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളില്‍ കൂടി ജമാഅത്ത് അതിന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട് .
അതേ സമയം, രൂപീകരണ കാലം മുതല്‍ തന്നെ വിവാദങ്ങളയുയര്ത്തിയ ഒരു പ്രസ്ഥാനം കൂടിയാണിത്. മൗദൂദി, ഇസ്ലാമിനെ രാഷ്ട്രീയ ബദലായി അവതരിപ്പിച്ചുവെന്നും അതിന്നായി ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന് പോലുള്ള സംജ്ഞകളെ ദുര്വ്യാഖ്യാനിച്ചുവെന്നുമുള്ളതാണ് അതിന് കാരണം. ജമാഅത്തിന്റെ രൂപവല്‍ക്കരണ കാലത്തെ ലക്ഷ്യം ഹുകൂമത്തെ ഇലാഹി (ദൈവിക ഭരണം) ആയിരുന്നുവെന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അത് ഇഖാമതുദ്ദീന്‍ (മത സംസ്ഥാപനം) എന്നാക്കി മാറ്റിയെന്നും, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വോട്ടുചെയ്യുന്നതും ശിര്‍ക്കും കുഫ്റുമായി വ്യാഖ്യാനിച്ചവര്‍ പില്കാലത്ത് ഇത് രണ്ടും ചെയ്യുകയുണ്ടായി എന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ജമാഅത്ത്, ഇത്തരം വിമര്‍ശനങ്ങള്‍ അത് തങ്ങളുടെ നയങ്ങളാണെന്നും നയങ്ങള്‍ എപ്പോഴും മാറ്റാവുന്നതേയുള്ളൂ എന്നും വിശദീകരിക്കുകയാണ് ചെയ്യാറുള്ളത്.