ലോകത്ത് സ്വൂഫി ചിന്താധാരയില്‍ എണ്ണമറ്റ ത്വരീഖത്തുകള്‍ ഇന്നു നിലവിലുണ്ട്. യഥാര്‍ഥ ത്വരീഖത്ത്, വ്യാജ ത്വരീഖത്ത് എന്നിങ്ങനെ ചിലര്‍ ഹിതാനുസാരം വിഭജിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്്‌ലാമില്‍ സ്വൂഫിസത്തിന്റെയും അതിന്റെ ഭാഗമായ ത്വരീഖത്തിന്റെയും ആവശ്യം തന്നെയില്ല. ആയതിനാല്‍ മുസ്്‌ലിംകള്‍ മുഴുവന്‍ ത്വരീഖത്തുകളെയും വ്യാജമായി കാണുന്നു.
ത്വരീഖത്ത് പ്രസ്ഥാനം ആദ്യമായി തുടങ്ങിയത് ആരാണെന്നത് അവ്യക്തമാണ്. എന്നാല്‍ ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദില്‍ ഖാദിര്‍ ജീലാനിയുടെ നാമധേയത്തിലാണ് ആദ്യ ത്വരീഖത്ത് രംഗപ്രവേശം ചെയ്തത്. അദ്ദേഹത്തിന്റെ മരണാനന്തരം പിന്‍മുറക്കാര്‍ ഉണ്ടാക്കിയതാണ് അദ്ദേഹത്തിന്റെ പേരുപയോഗിച്ചു കൊണ്ടുള്ള ഖാദിരിയ്യ ത്വരീഖത്ത്.
ഹമ്പലീ മദ്ഹബുകാരനായിരുന്ന ജീലാനി, മഹാനായ പണ്ഡിതനും, ഭക്തിയും ഭൗതിക വിരക്തിയും നന്നായി ഉണ്ടായിരുന്ന അത്യപൂര്‍വ്വ വ്യക്തിയായിരുന്നു. ബഗ്ദാദില്‍ അദ്ദേഹത്തിന്റെ സദസ്സിലേക്ക് മുസ്‌ലിംകളും ഇതര മതസ്ഥരും ഒഴുകിയെത്തി. മത-രാഷ്്ട്രീയ രംഗങ്ങള്‍ മലീമസമായിക്കഴിഞ്ഞ, ദുസ്സഹമായ സാമൂഹികാവസ്ഥയില്‍ നിന്ന് മോചനം നേടിയെത്തിയ അവര്‍ക്ക് ശൈഖ് ജീലാനി സ്‌നേഹവും ഭക്തിയും പകര്‍ന്നു നല്‍കി. എന്നാല്‍ ശൈഖ് ജീലാനിയുടെ മരണത്തോടെ ആ സമൂഹവും പിന്‍ഗാമികളും പ്രത്യേക ത്വരീഖത്തായി മാറി. അതാണ് ഖാദിരിയ്യ ത്വരീഖത്ത്.
ശൈഖ് അഹ്മദുല്‍കബീര്‍ രിഫാഈ യുടെ പേരിലുള്ള രിഫാഇയ്യ ത്വരീഖത്ത്, ജലാലുദ്ദീന്‍ റൂമിയുടെ പേരിലുള്ള മൗലവിയ്യ ത്വരീഖത്ത്, അബുല്‍ ഹസന്‍ അലി ശാദുലിയുടെ പേരിലുള്ള ശാദുലിയ്യ ത്വരീഖത്ത്, അഹ്്മദ് ബദവിയുടെ ബദവിയ്യ ത്വരീഖത്ത്, ബഹാഉദ്ദീന്‍ നഖ്ശബന്ദിയുടെ നഖ്ശബന്ദിയ്യ ത്വരീഖത്ത്, ഇബ്‌നുബശീശിന്റെ ബക്ശാത്തിയ്യ ത്വരീഖത്ത്, ശത്താറിന്റെ ശതാരിച്ച ത്വരീഖത്ത്, അജ്മീറിലെ ഖാജാമുഈനുദ്ദീന്‍ ചിശ്തിയുടെ നാമത്തില്‍ അദ്ദേഹത്തിന്റെ മുരീദ് സ്ഥാപിച്ച ചിശ്ത്തിയ്യ ത്വരീഖത്ത്, സനൂസിയുടെ സനൂസിയ്യ ത്വരീഖത്ത്, ഇമാം സുഹ്‌റവര്‍ദിയുടെ സുഹ്‌റവര്‍ദിയ്യ തുടങ്ങിയവയാണ് അറിയപ്പെടുന്ന ത്വരീഖത്തുകള്‍. ഇവയ്‌ക്കെല്ലാം പിന്നീട് അനേകം ഉള്‍പിരിവുകളുണ്ടായി.