Skip to main content

തബ്‌ലീഗ് ജമാഅത്ത് (1927) (4)

1926ല്‍ മുഹമ്മദ് ഇല്‍യാസ് കാന്തഹ്‌ലവി എന്ന പണ്ഡിതന്‍ ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയിലേക്ക് പോയി. ഹജ്ജ്  കഴിഞ്ഞ് മടങ്ങവെ, തന്റെ നാട്ടിലെ മുസ്‌ലിംകളുടെ അവസ്ഥ ഇല്‍യാസിനെ വേദനിപ്പിച്ചു കൊണ്ടേയിരുന്നു. പുതിയൊരു പ്രതിജ്ഞയുമായാണ് അദ്ദേഹം നാടണഞ്ഞത്.

അങ്ങനെ അദ്ദേഹം മേവാതിയിലെ പള്ളികള്‍ കേന്ദ്രീകരിച്ച് മതപാഠശാലകള്‍ തുടങ്ങി. ഇസ്‌ലാമിക വിശ്വാസവും ആരാധനകളും അവരെ പഠിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ആര്യസമാജത്തിന് കീഴില്‍ തുടങ്ങിയ ശുദ്ധി പ്രസ്ഥാനം മേവാതിയുള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലെ മുസ്‌ലിംകളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാനുള്ള വ്യവസ്ഥാപിത നീക്കം സജീവമാക്കിയ കാലമായിരുന്നു അത്. ഇസ്‌ലാമിക വിശ്വാസവും ആരാധനാമുറകളും പഠിപ്പിക്കുന്നതിലൂടെ മാത്രമേ സമുദായത്തെ 'മതം മാറ്റത്തില്‍' നിന്ന് രക്ഷിക്കാനാവൂ എന്ന് ഇല്‍യാസ് കാന്തഹ്‌ലവി കണക്കു കൂട്ടി. വര്‍ഷമൊന്നു കഴിഞ്ഞപ്പോഴേക്കും ഇല്‍യാസിന് ഒരു കാര്യം ബോധ്യമായി. പള്ളികള്‍  കേന്ദ്രീകരിച്ചുള്ള മതപഠനം ജനങ്ങളില്‍ മതബോധം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ അവരില്‍ നിന്ന് മത പ്രബോധകരെ ഉണ്ടാക്കാനാവുന്നില്ല. ഇത് ഇല്യാസിനെ നിരാശനാക്കി.

വൈകിയില്ല സാഹാറന്‍പൂരിലെ മദാഹിറുല്‍ ഉലൂം പാഠശാലയിലെ ജോലികളും മേവാതും വിട്ട് അതേ വര്‍ഷം തന്നെ മുഹമ്മദ് ഇല്‍യാസ് ഡല്‍ഹിക്കടുത്ത പ്രശസ്തമായ നിസാമുദ്ദീനിലേക്ക് കുടിയേറി. ഇവിടെവെച്ച് അദ്ദേഹം തന്റെ പുതിയ പ്രബോധന രീതി ആവിഷ്‌കരിച്ചു. മുഹമ്മദ് നബി(സ്വ) ഇസ്‌ലാമിന്റെ ആരംഭകാലത്ത് നടത്തിയ പ്രബോധന രൂപമായിരുന്നു അത്. അദ്ദേഹം മുസ്‌ലിംകളെ ആഹ്വാനം ചെയ്തു. ''മുസ്‌ലിംകളേ, നിങ്ങള്‍ യഥാര്‍ഥ മുസ്‌ലിംകളാവുക''.

ഈ ആഹ്വാനം നിസാമുദ്ദീനിലെ മുസ്‌ലിം ജനത ആവേശപൂര്‍വം സ്വീകരിച്ചു. അവര്‍ ഇസ്‌ലാം പഠിക്കാന്‍ മുഹമ്മദ് ഇല്‍യാസിന്റെ സഭയിലെത്തി. അവിടെ ഒരു പുതിയ ജീവിത രീതി വളര്‍ന്നു വന്നു. അവര്‍ സാമൂഹികമായും മതപരമായും ഏറെ മാറി.

1927ല്‍ ആരംഭിച്ച ഈ സംരംഭം പടര്‍ന്നു പന്തലിച്ചു. 1941ല്‍ നിസാമുദ്ദീനില്‍ ഒരു വാര്‍ഷിക സംഗമവും നടത്തി. 25,000 പേരാണ് അവിടെയെത്തിയത്. തബ്‌ലീഗ് ജമാഅത്തിന്റെ ഉദ്ഭവം അങ്ങനെയായിരുന്നു.


 


 

Feedback