1927ല്‍ മുഹമ്മദ് ഇല്‍യാസ് ആരംഭിച്ച ഈ നിശ്ശബ്ദ മതപ്രബോധനം അദ്ദേഹത്തിന്റെ മരണാനന്തരം 1960 കളിലാണ് വ്യവസ്ഥാപിതവും രാജ്യാന്തര സംവിധാനവുമാകുന്നത്. മകന്‍ മുഹമ്മദ് യൂസൂഫ്, ബന്ധുവും പില്ക്കാലത്ത് തബ്‌ലീഗ് ജമാഅത്തിന്റെ ദാര്‍ശനികനുമായിത്തീര്‍ന്ന മുഹമ്മദ് സകരിയ്യ കാന്തഹ്‌ലവി (1898-1982) യുമാണ് ഇതിന് പിന്നില്‍.
മുഹമ്മദ് സകരിയ്യ മുപ്പതിലധികം കനപ്പെട്ട ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. അദ്ദേഹത്തിന്റെ 'ഫദാഇല്‍ പരമ്പര' കളാണ് തബ്‌ലീഗിന്റെ പ്രധാന അവലംബങ്ങള്‍.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടെ തന്നെ തബ്‌ലീഗ് ജമാഅത്ത് പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെത്തി. ഇന്ന് അവരുടെ ഏറ്റവും വലിയ ഘടകം ബംഗ്ലാദേശിലാണുള്ളത്. ലോകത്ത് ഹജ്ജ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ സംഗമിക്കുന്നത് ബംഗ്ലാദേശില്‍ നടക്കുന്ന തബ്‌ലീഗ് ജമാഅത്ത് വാര്‍ഷികസംഗമത്തിലാണെന്ന് കണക്കുകള്‍ പറയുന്നു. 1970 ഓടെ ഏഷ്യയുടെ ഇതര ഭാഗങ്ങള്‍, യൂറോപ്പ്, ആഫ്രിക്ക, വടക്കെ അമേരിക്ക എന്നിവിടങ്ങളിലും വ്യാപിച്ചു. ഇരുനൂറിലധികം രാജ്യങ്ങളിലായി 150 മില്യണിലധികം അനുയായികള്‍ തബ്‌ലീഗ് ജമാഅത്തിനു കീഴിലുള്ളതായി 2010ല്‍ വന്ന കണക്കിലുണ്ട്. അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ തബ്‌ലീഗ് ജമാഅത്ത് സജീവമാണ്.
തബ്‌ലീഗിന് ഒരു ശൂറാ (കൂടിയാലോചന സമിതി) യുണ്ട്. ഒരു സമയത്ത് ഒരു അമീര്‍ മാത്രമേയുണ്ടാവൂ. മുഹമ്മദ് ഇല്യാസ് കാന്തഹ്‌ലവിയായിരുന്നു ഒന്നാമത്തെ അമീര്‍. മൗലാനാ മുഹമ്മദ് യൂസുഫ്, മൗലാനാ ഇനാമുല്‍ ഹസന്‍, മൗലാനാ സുബൈദുല്‍ ഹസന്‍ എന്നിവരായിരുന്നു തുടര്‍ന്നു വന്ന അമീറുമാര്‍. ചിലയിടങ്ങളില്‍ സ്ത്രീകളുടെ നേതൃത്വത്തിലും തബ്‌ലീഗ് പ്രവര്‍ത്തനമുണ്ട്.