ആയിരം വര്‍ഷത്തോളം പഴക്കമുള്ള പള്ളിയാണ് കുറ്റിച്ചിറ ജുമുഅത്ത് പള്ളി. പഴയകാലത്തെ മത-സാമൂഹിക കാര്യങ്ങളുടെ നിയന്ത്രണ കേന്ദ്രം കൂടിയായിരുന്നു ഈ പള്ളി. മുസ്‌ലിംകള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് മതവിധിയുടെ അടിസ്ഥാനത്തില്‍ ഖാദിമാര്‍ പരിഹാരം കണ്ടിരുന്നത് ഇവിടെ വെച്ചായിരുന്നു. കോഴിക്കോട്ടെ തീരപ്രദേശത്തെ മുസ്‌ലിം കേന്ദ്രമായ കുറ്റിച്ചിറയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. പള്ളിയുടെ നിര്‍മാണ കാലത്തെക്കുറിച്ച് രേഖകളൊന്നും ലഭ്യമല്ല.
കൈഫീ എന്ന പേരില്‍ അറിയപ്പെടുന്ന അബീബക്‌റി സഫ്‌റദിയ്യി എന്നവരുടെ മകന്‍ ഖാജാ ബദറുദ്ദീന്‍ ശരീഫ് ഹുസൈന്‍ എന്നയാള്‍ ഹിജ്‌റ വര്‍ഷം 885 ല്‍ പള്ളിയില്‍ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി പുറംപള്ളിയുടെ മച്ചില്‍ ഒരിടത്ത് രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഹിജ്‌റ 1094 ല്‍ ഹോനാവാര്‍ സ്വദേശിയായ ശൈഖ് ഇബ്‌റാഹീം ബിന്‍ നാഖൂദയാണ് ഇന്നു കാണുന്ന രൂപത്തില്‍ പള്ളിയിലെ മിമ്പര്‍ പുതുക്കിപ്പണിതത്. മിമ്പറിന്റെ മധ്യഭാഗത്തായി ഈ വിവരങ്ങള്‍ അറബി ഭാഷയില്‍ കൊത്തിവെച്ചിട്ടുണ്ട്.
സാമൂതിരി രാജാക്കന്മാര്‍ ഈ പള്ളിക്കു വേണ്ടി എല്ലാ വിധ സഹായ സഹകരണങ്ങളും ചെയ്തിരുന്നു. ഖാദ്വിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളില്‍ പോലും സാമൂതിരിയുടെ സാന്നിധ്യം ഉണ്ടാകുമായിരുന്നു. ശൈഖ് ജിഫ്‌രി, മമ്പുറം സയ്യിദ് അലവി തങ്ങള്‍, ഖാദി മുഹ്‌യുദ്ദീന്‍ എന്നിവരുടെ വേര്‍പാടിലുള്ള ദുഃഖം പ്രകടിപ്പിക്കുന്ന വിലാപ കവിതകള്‍ ഈ പള്ളിയുടെ ചുമരുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിദീന്‍ കുട്ടി ഖാദി, വെളിയങ്കോട് ഉമര്‍ ഖാദി, സാധു അഹ്മദ് തുടങ്ങിയവരാണ് അതിന്റെ രചയിതാക്കള്‍.
കോഴിക്കോട് ഖാദിമാരില്‍ പ്രമുഖരായിരുന്ന ഫക്‌റുദ്ദീന്‍ ഇബ്നു ഉസ്മാന്‍, ശൈഖ് റിയാഹുദ്ദീന്‍, അബൂബക്ര്‍ ഇബ്നു ഖാദി അഹ്മദ്, ഖാദി മുഹ്‌യുദ്ദീന്‍, കുഞ്ഞിദീന്‍ കുട്ടി ഖാദി, സയ്യിദ് ഹുസൈന്‍ മുല്ലക്കോയ തങ്ങള്‍ എന്നിവരുടെ ആസ്ഥാനം ഈ പള്ളിയായിരുന്നു. രണ്ടു നിലാമുറ്റങ്ങളോടു കൂടിയ പള്ളിയുടെ വിസ്തീര്‍ണം 5500 ചതുരശ്ര അടിയാണ്. അകം പള്ളിയോടനുബന്ധിച്ചു നിര്‍മിച്ച പുറം ഹാളും ഉമ്മറവും കൊത്തിവെച്ച ഖുര്‍ആന്‍ വാക്യങ്ങളാലും ചിത്രങ്ങളാലും മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. 1974 ഡിസംബര്‍ 13 ന് വലിയ തുക ചെലവഴിച്ച് പള്ളി പുനരുദ്ധരിച്ചിട്ടുണ്ട്.