കേരളം സഹസ്രാബ്ദങ്ങള്‍ക്കു മുമ്പു തന്നെ വിദേശ വ്യാപാരികളുടെയും സഞ്ചാരികളുടെയും പറുദീസയായിരുന്നു. കാരണം, തെക്കുവടക്കായി നീണ്ടുകിടക്കുന്ന കേരളത്തിന്റെ പടിഞ്ഞാറെ അതിര് അറബിക്കടലാണ്. പുരാതന കാലം മുതല്‍ തന്നെ, അഥവാ ക്രിസ്തുവിന് മുമ്പു തന്നെ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ വഴി സാഹസികരായ റോമന്‍, സോമാലിയന്‍ നാവികര്‍ കേരള തീരങ്ങളില്‍ നങ്കൂരമിട്ടിരുന്നു. സീസര്‍ ക്ലോഡിയന്റെ കാലത്താണ് ആദ്യ റോമന്‍ സംഘം ഇവിടെയെത്തിയത്. എന്നാല്‍ അറബിക്കടലിന്റെ ആഴവും പരപ്പും കാറ്റിന്റെ ഗതിയും അറിഞ്ഞിരുന്ന ഈജിപ്തിലെ കച്ചവട സംഘങ്ങള്‍ റോമക്കാര്‍ക്കുമുമ്പ് ഈ ഹരിത തീരത്ത് കാലുകുത്തിയിരുന്നു.
ദാവൂദ്, സുലൈമാന്‍(അ) എന്നീ പ്രവാചകന്മാരുടെ കാലം മുതല്‍ക്കു തന്നെ ഇസ്‌റാഈല്‍ ജനത കേരളവു(മലബാറു)മായി കച്ചവടബന്ധം സ്ഥാപിച്ചിരുന്നതായി പഴയ നിയമത്തിലെ രാജാക്കന്മാര്‍, ദിനവൃത്താന്തം എന്നീ പുസ്തകങ്ങളില്‍ നിന്ന് മനസ്സിലാവുന്നു. മലബാറില്‍ നിന്ന് സ്വര്‍ണം, ചന്ദനം, ആനക്കൊമ്പ് എന്നിവയും മയില്‍, കുരങ്ങ് എന്നീ ജീവികളെയും കൊണ്ടുവരാനാണത്രേ സുലൈമാന്‍ നബി(അ) കപ്പലോട്ട വിദഗ്ധരെ അയച്ചിരുന്നത്. തര്‍ശീശ് എന്ന സ്ഥലത്തേക്ക് അയച്ചു എന്നാണ് പഴയ നിയമത്തിലുള്ളത്.
അക്കാലത്ത് ചന്ദനവും മയിലും കേരളത്തില്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും അതുകൊണ്ട് തര്‍ശീശ് കേരളത്തില്‍ തന്നെയുള്ള സ്ഥലം തന്നെയാണെന്നും പേര് പിന്നീട് മാഞ്ഞു പോയതാവാമെന്നുമാണ് അനുമാനിക്കപ്പെടുന്നത്.
മൂസാ നബി(അ)യുടെ കാലത്തും കേരളത്തിലെ ഏലം, കുരുമുളക്, കറുവപ്പട്ട, ആനക്കൊമ്പ്, മയില്‍പീലി, തുണിത്തരങ്ങള്‍ എന്നിവ മധ്യപൗരസ്ത്യ രാജ്യങ്ങളിലേക്ക് കടല്‍ വഴി ഒഴുകിയിരുന്നുവത്രേ.
ക്രിസ്തുവിന് ശേഷവും ഈ വ്യാപാരബന്ധം തുടര്‍ന്നു. റോമാക്കാരുടെ ആഡംബര ജീവിതം കേരളവിഭവങ്ങളെ ആശ്രയിച്ചായിരുന്നുവെന്നും അത് കേരള തീരത്തെ കച്ചവട സമൃദ്ധമാക്കിയെന്നും വരെ ചില സഞ്ചാരികള്‍വിവരിക്കുന്നുണ്ട്. പുതിയ പുതിയ രാജ്യക്കാരും ഇവിടെ കാലുകുത്താന്‍ഇത് ഇടയാക്കി.
എ.ഡി. ആറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജീവിച്ച അറബി കവികളുടെ കാല്പനിക കവിതകളില്‍ കുരുമുളകും മറ്റും കടന്നുവരുന്നുണ്ട്. അതിനു മുമ്പു തന്നെ അറബികള്‍ കേരള തീരവുമായി വാണിജ്യബന്ധമുണ്ടായിരുന്നു എന്ന് ഇതില്‍ നിന്ന് അനുമാനിക്കാം. കാരണം കേരളത്തില്‍ നിന്നല്ലാതെ അവര്‍ക്ക് ഫുല്‍ഫുല്‍(കുരുമുളക്) പരിചയപ്പെടാന്‍ സാധ്യതകളില്ല.