Skip to main content

മനുഷ്യരേ..

•    മനുഷ്യരേ, നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വ്യത്യസ്ത വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങള്‍ അന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിങ്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ കൂടുതല്‍ സൂക്ഷമതയുള്ളവനാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷമജ്ഞാനിയുമാണ്.(49:13)


•    മനുഷ്യരേ, നിങ്ങളെയും മുമ്പുള്ളവരെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ ആരാധിക്കുക. എന്നാല്‍ നിങ്ങള്‍ക്ക് സൂക്ഷമത കൈവരിക്കാം. അവന്‍ ഭൂമിയെ നിങ്ങള്‍ക്ക് വിരിപ്പാക്കിത്തന്നു. ആകാശത്തെ മേല്‍ക്കൂരയാക്കി. വിണ്ണില്‍ നിന്ന് വെള്ളമിറക്കി നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉത്പാദിപ്പിച്ചു. ഇതെല്ലാമറിഞ്ഞുകൊണ്ട് നിങ്ങള്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. (2:21,22)


•    മനുഷ്യരേ, ഭൂമിയില്‍ നിന്ന് അനുവദനീയവും വിശിഷ്ടവുമായത്  നിങ്ങള്‍ തിന്നുക. പിശാചിന്റെ പാതയെ നിങ്ങള്‍ പിന്തുടരരുത്. കാരണം അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്. തിന്മയും നീചവൃത്തികളും ചെയ്യുവാനും, നിങ്ങള്‍ക്കറിയാത്തത് അല്ലാഹുവിന്റെ പേരില്‍ പറഞ്ഞുണ്ടാക്കുവാനുമാണ് അവന്‍ നിങ്ങളോട് കല്പിക്കുന്നത് (2:168,169)


•    മനുഷ്യരേ, ഒരൊറ്റ ആത്മാവില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ച നാഥനെ സൂക്ഷിക്കുക. അതില്‍ നിന്ന് തന്നെ അതിന്റെ ഇണയെയും സൃഷ്ടിച്ചു. പിന്നീട് അവരില്‍ നിന്ന് ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തു. ഏതൊരു അല്ലാഹുവിനെ മുന്‍നിര്‍ത്തിയാണോ നിങ്ങള്‍ പരസ്പരം ചോദിക്കുന്നത് അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധം പുലര്‍ത്തുക. അല്ലാഹു നിങ്ങളെ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.(4:1)


•    മനുഷ്യരേ, നിങ്ങളുടെ നാഥനില്‍ നിന്ന് സത്യവുമായി ഒരു ദൂതനിതാ നിങ്ങള്‍ക്ക് വന്നിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ നന്മയ്ക്കായി വിശ്വസിക്കുക. നിങ്ങള്‍ നിഷേധിക്കുകയാണെങ്കിലോ അറിയുക: ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (4:170)


•    മനുഷ്യരേ, നിങ്ങള്‍ക്കിതാ രക്ഷിതാവിങ്കല്‍ നിന്നുള്ള തെളിവ് വന്നെത്തുകയും വ്യക്തമായ പ്രകാശം ഇറക്കിത്തരുകയും ചെയ്തിരിക്കുന്നു. ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവനെ മുറുകെ പിടിക്കുകയും ചെയ്തുവോ അവര്‍ അവന്റെ കാരുണ്യത്തിലും അനുഗ്രഹത്തി ലുമായിരിക്കും. അവരെ അവന്‍ നേര്‍വഴിയിലൂടെ നയിക്കുന്നതുമാണ്. (4:174,175)


•    മനുഷ്യരേ, ഞാന്‍ നിങ്ങളിലെല്ലാവരിലേക്കുമുള്ള അല്ലാഹുവിന്റെ ദൂതനാണ്. ആകാശഭൂമികളുടെ അധിപനായ അല്ലാഹു; അവനല്ലാതെ ആരാധനക്കര്‍ഹനില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ നിരക്ഷരനായ പ്രവാചകനിലും വിശ്വസിക്കുക. അദ്ദേഹം അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്നു.അദ്ദേഹത്തെ പിന്‍പറ്റുകയും ചെയ്യുക. നിങ്ങള്‍ക്ക് നേര്‍വഴി പ്രാപിക്കാം. (7:158)


•    മനുഷ്യരേ, നിങ്ങളുടെ അതിക്രമം നിങ്ങള്‍ക്കെതിരെത്തന്നെയാണ്. ഭൗതിക ജീവിതത്തിലെ സുഖാസ്വാദനമാണ് നിങ്ങള്‍ക്ക് ലഭിക്കുക. പിന്നെ നമ്മുടെ അടുക്കലേക്കാണ് നിങ്ങളുടെ മടക്കം. അന്ന് നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നാം വിവരമറിയിക്കും (10:23)


•    മനുഷ്യരേ, നാഥനില്‍ നിന്നുള്ള ഉപദേശം നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു. അത് നിങ്ങളുടെ മനസ്സുകളുടെ രോഗത്തിന് ശമനം നല്കും. സത്യവിശ്വാസികള്‍ക്ക് നേര്‍വഴിയും അനുഗ്രഹവുമാണത്. (10:57)


•    മനുഷ്യരേ, നിങ്ങള്‍ എന്റെ മതത്തെക്കുറിച്ച് ഇനിയും സംശയത്തിലാണോ? എങ്കില്‍ അറിയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവരെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിക്കുന്നത് നിങ്ങളെ മരിപ്പിക്കുന്നവനായ അല്ലാഹുവിനെയാണ്. സത്യവിശ്വാസികളിലുള്‍പ്പെടാനാണ് എന്നോടു കല്‍പിച്ചിരിക്കുന്നത്. (10:104)


•    മനുഷ്യരേ, നാഥനില്‍ നിന്നുള്ള സത്യം ഇതാ നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു. അതിനാല്‍ ആരെങ്കിലും നേര്‍മാര്‍ഗം സ്വീകരിക്കുന്നുവെങ്കില്‍ അവന്നു തന്നെയാണ് ഗുണം. വല്ലവനും വഴിമാറിപ്പോവുകയാണെങ്കില്‍ അതിന്റെ ദോഷവും അവന്നു തന്നെ. ഞാന്‍ നിങ്ങളുടെ മേല്‍ ഉത്തരവാദിയാവുകയില്ല.(10:108)


•    മനുഷ്യരേ, നാഥനെ നിങ്ങള്‍ സൂക്ഷിക്കുക. ആ അന്ത്യനാളിന്റെ പ്രകമ്പനം അതിഭയങ്കരമാകുന്നു. അന്നത്തെ ദിവസം മുലയൂട്ടുന്ന മാതാക്കള്‍ കുഞ്ഞുങ്ങളെ മറക്കും. ഗര്‍ഭിണികള്‍ പ്രസവിച്ചു പോകും. ജനങ്ങളെ ലഹരിബാധിതരായി നിനക്ക് തോന്നും. എന്നാല്‍ യഥാര്‍ഥത്തില്‍ അവര്‍ ലഹരി ബാധിതരല്ല. അല്ലാഹുവിന്റെ ശിക്ഷ അതികഠിനം തന്നെ. ഒന്നുമറിയാതെ അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിക്കുകയും ധിക്കാരിയായ ഏതു പിശാചിനെയും പിന്‍പറ്റുകയും ചെയ്യുന്ന ചില മനുഷ്യരുണ്ട്. ആരെങ്കിലും പിശാചിനെ മിത്രമായി സ്വീകരിക്കുന്നുവെങ്കില്‍ പിശാച് അവനെ വഴിപിഴപ്പിക്കുകയും നരക ശിക്ഷയിലേക്ക് നയിക്കുകയും ചെയ്യുന്നതാണ്. (22:1-4)


•    മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പ്പിനെപ്പറ്റി നിങ്ങള്‍ സംശയത്തിലാണോ? തീര്‍ച്ചയായും മണ്ണില്‍ നിന്നും പിന്നെ ബീജത്തില്‍ നിന്നും ശേഷം ഭ്രൂണത്തില്‍ നിന്നും, രൂപം നല്‍കപ്പെട്ടതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നുമാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. ഞാന്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദീകരിക്കുകയാണ്. ഒരവധി വരെ ഗര്‍ഭാശയത്തിലതിനെ നാം സൂക്ഷിക്കുന്നു. പിന്നെ ശിശുക്കളായി പുറത്തു കൊണ്ടു വരുന്നു. പിന്നീട് നിങ്ങള്‍ യൗവനമെത്തുന്നതു വരെ വളര്‍ത്തുകയും ചെയ്യുന്നു. നിങ്ങളില്‍ ആയുസ്സ് കുറഞ്ഞവരുണ്ട്. എല്ലാം അറിയാവുന്ന അവസ്ഥക്കു ശേഷം ഒന്നും അറിയാത്ത അവശ വാര്‍ധക്യത്തിലെത്തുന്നവരും നിങ്ങളിലുണ്ട്. ഭൂമി വരണ്ട് നിര്‍ജീവമായിക്കിടക്കുന്നത് നിനക്ക് കാണാം. പിന്നെ നാം മഴ ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും കൗതുകമുള്ള എല്ലാ തരം ചെടികളെയും മുളപ്പിക്കുകയും ചെയ്യുന്നു. എന്തെന്നാല്‍ അല്ലാഹു തന്നെയാണ് സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. എല്ലാ കാര്യത്തിനും കഴിവുള്ളവനാണവന്‍. അന്ത്യദിനം വന്നെത്തുക തന്നെ ചെയ്യും; അതില്‍ സംശയം വേണ്ട. ഖബ്‌റുകളിലുള്ളവരെ അവന്‍ ഉയിര്‍ത്തെഴുന്നേല്പിക്കുകയും ചെയ്യും. (22:5-7)


•    നബിയേ പറയുക: മനുഷ്യരേ, ഞാന്‍ നിങ്ങള്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ട്. തോല്പ്പിച്ചു കളയാമെന്ന ഭാവത്തില്‍ നമ്മുടെ വചനങ്ങളെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നവരാണ് നരകാവകാശികള്‍(22:49-51)


•    മനുഷ്യരേ, ഒരു ഉദാഹരണം വിശദീകരിക്കാം. നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരെല്ലാം ഒരുമിച്ചുചേര്‍ന്ന് ശ്രമിച്ചാലും ഒരീച്ചയെപ്പോലും സൃഷ്ടിക്കാന്‍ അവര്‍ക്കാവില്ല. എന്നല്ല; ഈച്ച അവരുടെയടുത്തു നിന്ന് വല്ലതും തട്ടിയെടുത്താല്‍ അത് തിരികെ വാങ്ങാന്‍ പോലും അവര്‍ക്ക് സാധ്യമല്ല. സഹായം തേടുന്നവനും തേടപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ. (22:73)


•    മനുഷ്യരേ, നിങ്ങള്‍ നാഥനെ സൂക്ഷിക്കുക. പിതാവിന്ന് മകനോ, മകന്ന് പിതാവോ ഒരുപകാരവും ചെയ്യാന്‍ കഴിയാത്ത ആ ദിവസത്തെ നിങ്ങള്‍ ഭയപ്പെടുക. നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. അതിനാല്‍ ഭൗതികജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. കൊടും ചതിയനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ആ അന്ത്യസമയത്തെ സംബന്ധിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണ്. അവന്‍ മഴ പെയ്യിക്കുന്നു. ഗര്‍ഭാശയങ്ങളിലുള്ളതെന്തെന്ന് അറിയുന്നു. നാളെ താന്‍ എന്തു നേടുമെന്ന് ആര്‍ക്കും അറിയില്ല. താന്‍ ഏതു നാട്ടില്‍ വെച്ചാണ് മരിക്കുകയെന്നും അറിയില്ല. അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞനുമാണ് (31:33,34)


•    മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. ആകാശഭൂമികളില്‍ നിന്ന് ഉപജീവനം നല്കുന്ന അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ ദൈവമില്ല. എന്നിട്ടും നിങ്ങളെങ്ങനെയാണ് വഴിതെറ്റിപ്പോകുന്നത്?(35:3)


•    മനുഷ്യരേ, അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. അതിനാല്‍ ഭൗതികജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. കൊടും ചതിയനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. നിശ്ചയമായും പിശാച് നിങ്ങളുടെ ശത്രുവാണ്. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ കാണുക. അവന്‍ തന്റെ കൂടെയുള്ളവരെ ക്ഷണിക്കുന്നത്, അവരെ നരകാവകാശികളാക്കിത്തീര്‍ക്കാനാണ് (35:5,6)


•    മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതരാണ്. അല്ലാഹുവാകട്ടെ സ്വയംപര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു. അവനുദ്ദേശിച്ചാല്‍ നിങ്ങള്‍ക്കു പകരം പുതിയൊരു സൃഷ്ടിയെ അവന്‍ കൊണ്ടുവരും. അത് അവന് പ്രയാസമുള്ള കാര്യമല്ല.(35:15-17)


•    മനുഷ്യാ, നിന്നെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും സന്തുലിതപ്പെടുത്തുകയും ചെയ്ത അത്യുദാരനായ നാഥന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചുകളഞ്ഞതെന്താണ്? (82:6,7)


•    മനുഷ്യാ, നീ നിന്റെ നാഥനിലേക്ക് കടുത്ത ക്ലേശത്തോടെ ചെല്ലുന്നവനാണ്. അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനാണ്. (84:6)

Feedback