'ആദം എന്ന മനുഷ്യനാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത്. ശേഷം അവന്ന് ഇണയായി ഹവ്വാഅ് എന്ന സ്ത്രീയെ സൃഷ്ടിച്ചു. ഇങ്ങനെ സൃഷ്ടിക്കപ്പെട്ട ആദമെന്ന ആദ്യ പുരുഷനും ഇണയായ ഹവ്വയും സ്വര്‍ഗലോകത്ത് താമസിച്ചു. അവര്‍ക്ക് കൂട്ടു കുടുംബമായും സമൂഹമായും ജീവിക്കാനാവശ്യമായ വിഭവങ്ങളൊരുക്കിയ ശേഷം ദൈവം അവരെ ഭൂമിയിലേക്ക് അയക്കുകയും ചെയ്തു'.
ഇതാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്ന മനുഷ്യോത്പത്തിയുടെ സംക്ഷിപ്തരൂപം. മുന്‍വേദങ്ങളായ തൗറാത്തിന്റെയും ഇഞ്ചീലിന്റെയും മാറ്റം വരുത്തപ്പെട്ട രൂപങ്ങളായ ബൈബിള്‍ പഴയനിയമം, പുതിയ നിയമം എന്നിവയും വിശദീകരിക്കുന്നത് ഏതാണ്ട് ഇങ്ങനെത്തന്നെയാണ്. മതങ്ങളുടെ ഈ മനുഷ്യോത്പത്തി ചരിത്രത്തെ വെല്ലുവിളിച്ച് കടന്നുവന്ന ഊഹാധിഷ്ഠിതമായ ഒറ്റപ്പെട്ട പഠനങ്ങള്‍ ഡാര്‍വിനില്‍ അവസാനിച്ചു. അദ്ദേഹത്തിന്റെ പരിണാമവാദമെന്ന മനുഷ്യോത്പത്തി സിദ്ധാന്തം തെളിവുകള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ കാലഹരണപ്പെടുകയായിരുന്നു.
ദൈവം നിശ്ചയിച്ച കുടുംബ-സമൂഹ രംഗങ്ങളില്‍ ന്യായമായ അസ്തിത്വവും വ്യക്തിത്വവും അനുവദിക്കപ്പെട്ടവളും അനുഭവിച്ചവളുമാണ് സ്ത്രീ. അതുകൊണ്ടാണ് വേദങ്ങളുടെ മാറ്റിമറിക്കപ്പെട്ടിട്ടില്ലാത്ത നിയമങ്ങളില്‍ അവള്‍ക്ക് ഏറെ സുരക്ഷയും സ്വസ്ഥതയും നേടാനാവശ്യമായ നിയമങ്ങള്‍ കാണുന്നത്. എന്നാല്‍, വര്‍ഗ ശത്രുവായ പിശാചിന്റെ പ്രലോഭനങ്ങളാല്‍ ഇഛാരൂഢനായ മനുഷ്യന്‍ എന്നും ദൈവിക കല്‍പനകളില്‍ നിന്ന് വഴിതെറ്റിക്കപ്പെട്ടു. നേരിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ദൈവം അവരിലേക്ക് പ്രവാചകന്മാരെ അയച്ചു. അവര്‍ വേദങ്ങള്‍ നല്കിയും അല്ലാതെയും സമൂഹത്തെ ഉദ്ധരിക്കാനുള്ള ഉദ്‌ബോധനങ്ങള്‍ നടത്തി. അവരുടെ കാലം കഴിയുന്നതോടെ അധികം വൈകാതെ വീണ്ടും മനുഷ്യര്‍ ദൈവകല്പനകളില്‍ നിന്ന് വഴിമാറിക്കൊണ്ടിരുന്നു. ഈ വഴിമാറലുകളുടെ ഭാഗമായാണ് സമൂഹത്തിലെ അബലരെ ആശ്രിതരാക്കുക എന്ന ജന്തുസഹജവാസന അവനില്‍ കടന്നുവരുന്നത്. അങ്ങനെയാണ് സ്ത്രീകളും കുട്ടികളും മറ്റു ദുര്‍ബല വിഭാഗങ്ങളുമെല്ലാം തങ്ങളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് നീങ്ങാവുന്ന വിധം മതനിയങ്ങളെ വളച്ചൊടിക്കാന്‍ അതാതു സമൂഹങ്ങളിലെ ശക്തരെ പ്രചോദിപ്പിച്ചത്. ഇതാണ് സ്ത്രീ മനുഷ്യനാണോ അല്ലേ എന്നു ചര്‍ച്ച ചെയ്യാന്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ പോലും ഫ്രാന്‍സില്‍ സമ്മേളം വിളിച്ചു കൂട്ടാന്‍ കാരണമായത്. അങ്ങനെ പലപ്പോഴും സമൂഹങ്ങളില്‍ പുരുഷന്റെ ഇണ എന്ന സ്ഥാനത്തു നിന്ന് സ്ത്രീ അടിമ, കന്നുകാലി അവസ്ഥകളിലേക്ക് തരം താഴ്ന്നു.