Skip to main content

സ്ത്രീ: ഇസ്‌ലാമില്‍

അവകാശങ്ങളും ബാധ്യതകളുമുള്ള പൂര്‍ണമായ സ്വതന്ത്ര അസ്തിത്വമാണ് ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ സ്ത്രീ. ''മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബ ബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു''(4:1). കളിമണ്ണിന്റെ സത്തില്‍ നിന്നാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് എന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു (55:14).  

ആദ്യമനുഷ്യനായ ആദമിന്റെ വാരിയെല്ലില്‍ നിന്നാണ് ഇണയെ പടച്ചതെന്ന അധ്യാപനം ഇസ്‌ലാമികമല്ല. പുരുഷനെപ്പോലെ തന്നെ അതേ സത്തയില്‍ നിന്ന് ദൈവം സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്തതാണ് സ്ത്രീയുടെ അസ്ഥിത്വവും. അവള്‍ക്കുള്ള ജൈവിക പ്രത്യേകതകള്‍ വിവേചനത്തിന്റെതല്ല, സൃഷ്ടി വൈവിധ്യത്തിന്റെതാണ്. ഇസ്‌ലാം സ്ത്രീയെ പുരുഷന്റെ അടിമയായോ പുരുഷനെ സ്ത്രീയുടെ ഉടമയായോ അല്ല, ഇണയായാണ് നിര്‍ണയിച്ചത്. എന്നാല്‍ പുരുഷനും സ്ത്രീയും പാരസ്പര്യത്തോടെ ജീവിക്കാന്‍ സൃഷ്ടിക്കപ്പെട്ടതാണ്. ''ഒരൊറ്റ സത്തയില്‍ നിന്ന് തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവന്‍. അതില്‍ നിന്ന് തന്നെ അതിന്റെ ഇണയെയും അവനുണ്ടാക്കി. അവളോടൊത്ത് അവന്‍ സമാധാനമടയുവാന്‍ വേണ്ടി''(7:189). അവര്‍ പരസ്പരമുള്ള ആകര്‍ഷണവും ആശ്രിതത്വവും ദൈവിക നിശ്ചയമാണ്. ''നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്''(30:21).

സൃഷ്ടിപ്പിന്റെ തുല്യത നിലനിര്‍ത്തിക്കൊണ്ടു തന്നെ സ്ത്രീപുരുഷന്മാരുടെ മാനസികവും ശാരീരികവുമായ വൈവിധ്യങ്ങളും പ്രത്യേകതകളും അംഗീകരിക്കപ്പെടണം. അപ്പോള്‍ ആര്‍ക്കും സ്വയം നിലനില്പ് സാധ്യമല്ലെന്നും പരസ്പരാശ്രയം അനിവാര്യമാണെന്നും വരും. ഈ ആശ്രയത്തിലും രണ്ടുപേരും തുല്യരാണ്; വ്യത്യസ്തരുമാണ്. പുരുഷന്ന് ചില കാര്യങ്ങള്‍ സ്ത്രീയില്‍ നിന്നു കിട്ടിയേ മതിയാവൂ. അത് മറ്റെവിടെ നിന്നും അവന് ലഭിക്കില്ല. അതുപോലെ സ്ത്രീക്ക് ചില കാര്യങ്ങള്‍ പുരുഷനില്‍ നിന്ന് കിട്ടേണ്ടതുണ്ട്. അതിന്ന് അവള്‍ക്കും ഇതര സ്രോതസ്സുകളില്ല. എന്നാല്‍ രണ്ടുപേര്‍ക്കും ലഭിക്കേണ്ടത് ഒരേ കാര്യമല്ല. പുരുഷന്‍ സ്ത്രീയില്‍ നിന്ന് താല്‍പര്യപ്പെടുന്നതല്ല സ്ത്രീ പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത്.  സമ്പത്തല്ല, ഈ സൃഷ്ടി പ്രകൃതമാണ് വര്‍ഗീകരണത്തിന് മാനദണ്ഡമാക്കേണ്ടത്. 

അങ്ങനെയാകുമ്പോള്‍ സ്ത്രീ പുരുഷന്റെ താങ്ങും തണലുമായി. അതോടൊപ്പം അവന്റെ സംരക്ഷണയില്‍ അനുസരണയോടെ കഴിഞ്ഞൂകൂടുന്ന സുസ്ഥിരമായ കുടുംബജീവിതം അനിവാര്യമാണെന്നു വരും. ലൈംഗിക താത്പര്യമുള്ളപ്പോള്‍ ഇഷ്ടമുള്ളവര്‍ക്കൊപ്പം ലൈംഗികത പങ്കിടുകയും ഭാര്യ, മകള്‍, മാതാവ് തുടങ്ങിയ പദവികള്‍ നിരാകരിക്കുകയും ചെയ്യുന്നതല്ല സ്ത്രീ സ്വാതന്ത്ര്യമെന്നു തിരിച്ചറിയാന്‍ കഴിയുന്നത് അപ്പോഴാണ്. 

ഈ കൂട്ടു ജീവിതത്തിന് നേതൃത്വം വേണം.  കുടുംബനേതൃത്വം പുരുഷനിലാണ് ഇസ്‌ലാം അര്‍പിക്കുന്നത്. സ്ത്രീ ആ നേതൃത്വത്തിനു കീഴില്‍ ജീവിക്കുന്നു. ''പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്''(4:34). 

ഒരു സ്ഥാപനത്തിന് ഓരാളേ മേലധികാരിയാകാന്‍ പാടുള്ളൂ എന്നും മറ്റുള്ളവര്‍ അയാളെ അനുസരിക്കണമെന്നും പറയുന്നതെങ്ങനെയാണ് അടിമത്തമാവുക.  ഈ ലോകക്രമം മാത്രമേ ഇസ്‌ലാം സ്ത്രീപുരുഷ ബന്ധത്തിലും നിശ്ചയിച്ചിട്ടുള്ളൂ. സ്ഥാപനാധികാരിക്ക് അയാളുടെ ജോലികള്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നു. കീഴുദ്യോഗസ്ഥരുടെ ജോലി അവര്‍ക്കും നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഒരാളുടെ ഉത്തരവാദിത്തവും പ്രത്യേകം മഹത്വമുള്ളതല്ല. ഇരുവിഭാഗവും പരസ്പരം ആശ്രയിക്കുകയും സഹകരിക്കുകയും ചെയ്യണം. അവരവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കണം. വീഴ്ചവരുത്തുന്നത് രണ്ടുപേര്‍ക്കും ഉത്തരവാദിത്തത്തിന്റെ ഭാരമനുസരിച്ച് ശിക്ഷവാങ്ങാനുള്ള കാരണമാണ്.  

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446