Skip to main content

വ്യക്തിതല ബാധ്യതകള്‍

ഏറെ ആദരവും ബഹുമാനവും ലഭിക്കുന്നവളാണ് ഇസ്‌ലാമിലെ സ്ത്രീ. അവള്‍ക്ക് പൂര്‍ണവ്യക്തിത്വവും അസ്തിത്വവും ഇസ്‌ലാം അനുവദിച്ചു നല്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ എല്ലാ അംശങ്ങളും അംഗീകരിക്കേണ്ടത് അവളുടെ കൂടി ബാധ്യതയാണ്. ''ആണാകട്ടെ പെണ്ണാകട്ടെ, ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സത്പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല''(4:124). വിശുദ്ധ ഖുര്‍ആനിലെ (16:97, 33:35, 40:40) സ്ത്രീപുരുഷന്‍മാര്‍ക്ക് നന്മകളില്‍ തുല്യപ്രതിഫലം വാഗ്ദാനംചെയ്യുമ്പോള്‍ ചുമതലയിലും തുല്യത കല്പിക്കുന്നുണ്ട്.    

ഒരു വ്യക്തി എന്ന നിലയില്‍ ആരാധനകളിലും അനുഷ്ഠാനങ്ങളിലും ഇസ്‌ലാമിന്റെ മറ്റു മഹിതമായ ആദര്‍ശഭാഗങ്ങളിലും പൂര്‍ണ ഉത്തരവാദിത്തം പുരുഷനെപ്പോലെ സ്ത്രീക്കുമുണ്ട്. നമസ്‌കാരം, നോമ്പ്, സകാത്, ഹജ്ജ് തുടങ്ങിയ നിര്‍ബന്ധവും ദാനം, ഖുര്‍ആന്‍ പാരായണം, സ്‌തോത്രകീര്‍ത്തനങ്ങള്‍ തുടങ്ങിയ ഐഛികവുമായ എല്ലാ വൈയക്തിക ആരാധനകളും പുരുഷനും സ്ത്രീയും നിര്‍വഹിക്കേണ്ടതുണ്ട്. എന്നാല്‍ സ്ത്രീയുടെ പ്രകൃതമനുസരിച്ച് ചില ഇളവുകള്‍ അല്ലാഹു അനുവദിച്ചിരിക്കുന്നു. ആര്‍ത്തവ നാളുകളിലും പ്രസവാനന്തര രക്തസ്രാവമുള്ള ദിനങ്ങളിലും നമസ്‌കരിക്കേണ്ടതില്ലെന്നും നിര്‍ബന്ധ നോമ്പുകള്‍ ഇത്തരം നാളുകളില്‍ നോല്‍ക്കാതെ മറ്റു ദിവസങ്ങളില്‍ നോറ്റുവീട്ടിയാല്‍ മതിയാകുമെന്നതും ഇളവുകളില്‍പ്പെടുന്നു. പ്രത്യേക കാരണങ്ങളില്ലെങ്കില്‍ പുരുഷന്മാര്‍ക്ക് നിര്‍ബന്ധമാകുന്ന ജുമുഅ ജമാഅത്ത് നമസ്‌കാരങ്ങളിലും സായുധ സമരങ്ങളിലും  പങ്കെടുക്കലും കുടുംബത്തിന്റെ ചെലവ് വഹിക്കലും സ്ത്രീകള്‍ക്ക് നിര്‍ബന്ധമില്ല. സ്‌ത്രൈണത പരിഗണിച്ചുള്ള ഈ ഇളവുകള്‍ തന്നെയാണ് പുരുഷന്മാരുടെ ആരാധനാ നേതൃത്വം, പള്ളികളിലെ ബാങ്ക്, കച്ചവടത്തിലെ സാക്ഷ്യം, അനന്തരാവകാശത്തിലെ പങ്കാളിത്തം തുടങ്ങിയ ചില കാര്യങ്ങളിലെ ബാധ്യതാ നിയന്ത്രണങ്ങള്‍. നിത്യജീവിതത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സ്വഭാവം, പെരുമാറ്റം, ഇടപാടുകള്‍ തുടങ്ങിയ എല്ലാ സന്ദേശങ്ങളും സ്ത്രീപുരഷ ഭേദമന്യേ എല്ലാവര്‍ക്കും ബാധകമാണ്. 

പുരുഷന്റെ നിഴലായി നിന്ന് ആരാധനകളില്‍ നിന്നും അല്ലാഹു ഏല്പിച്ച ബാധ്യതകളില്‍ നിന്നും ഒളിച്ചോടാന്‍ അവള്‍ക്ക് പാടില്ല. നിര്‍ബന്ധ ബാധ്യതകള്‍ നിര്‍വഹിക്കുന്നതിലും നിഷിദ്ധ കാര്യങ്ങള്‍ വെടിയുന്നതിലും പുരുഷനെപ്പോലെത്തന്നെയാണ് സ്ത്രീകളും. വ്യക്തിപരമായി താന്‍ നിര്‍വഹിക്കേണ്ട ആരാധനകള്‍ക്ക് കുടുംബവും ചുറ്റുപാടുകളും ഒഴികഴിവായി സ്വീകരിക്കപ്പെടുകയുമില്ല. സത്യവിശ്വാസികള്‍ക്കു മാതൃകയായി ഖുര്‍ആന്‍ അടയാളപ്പെടുത്തിയ രണ്ടു സ്ത്രീകളും ഇതിന് മികച്ച ഉദാഹരണമാണ്. ദിവ്യത്വം വാദിച്ച ഫറോവ  രാജാവിന്റെ പത്‌നിപദത്തില്‍ അതംഗീകരിച്ച് സര്‍വൈശ്വര്യങ്ങളോടെ രാജ്ഞിയായി വാഴാന്‍ കഴിയുമായിരുന്ന ആസിയ(റ) മൂസാ നബി(അ)യുടെ പ്രബോധനത്തില്‍ ആകൃഷ്ടരായി ഇസ്‌ലാമിലേക്ക് കടന്നുവരുന്നത്, പിന്നീട് നേരിടേണ്ടി വന്നേക്കാവുന്ന എല്ലാ പ്രയാസങ്ങളും അറിഞ്ഞുകൊണ്ടു തന്നെയായിരുന്നു. ആത്മീയലോകത്ത് അനിതരയായി വളര്‍ന്നു വന്നതായിരുന്നു ഈസ(യേശു) പ്രവാചകന്റെ മാതാവായ മര്‍യം. മസ്ജിദുല്‍ അഖ്‌സയുടെ പരിപാലനത്തിന് നേര്‍ച്ചയാക്കപ്പെട്ട ആ പെണ്‍കുട്ടി ദൈവാരാധനയുടെ മേഖലയില്‍ ഒരു സ്ത്രീക്ക് അനുഭവിക്കാവുന്ന ഏറ്റവും വലിയ മാനസിക പീഡനം സഹിച്ചാണ് ലോകവിശ്വാസികള്‍ക്ക് പ്രചോദനമായത്. ഇസ്‌ലാം ഉയര്‍ത്തിക്കാട്ടിയ നിത്യസ്മരണയായ ഇബ്‌റാഹീം പ്രവാചകന്റെ(അ) ഇണയായ ഹാജറും ദൈവത്തോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്നതില്‍ പലതും ത്യജിക്കേണ്ടി വന്നവരാണ്. ഇവരെല്ലാം നല്കുന്ന പാഠം, ദൈവാനുസരണയുടെ കാര്യത്തില്‍ പുരുഷന്മാര്‍ക്കുള്ളതു പോലുള്ള ബാധ്യത സ്ത്രീകള്‍ക്കുമുണ്ടെന്നതാണ്.

സ്‌ത്രൈണത എന്ന ജൈവിക വ്യതിരിക്തയുടെ ഭാഗമായി ആരാധനകളിലും മറ്റും ചില ഇളവുകളനുവദിച്ചതുപോല വ്യക്തിജീവിതത്തില്‍ മറ്റു ചില നിയന്ത്രണങ്ങള്‍ പാലിക്കേണ്ടത് അവളുടെ ബാധ്യതയാണെന്ന് ഇസ്‌ലാം ഓര്‍മപ്പെടുത്തുന്നു. സ്ത്രീയുടെ നഗ്നത, സംസാരം, അംഗചലനങ്ങള്‍, അലങ്കാര പ്രകടനങ്ങള്‍, യാത്രകള്‍ തുടങ്ങിയവയിലുള്ള ഇത്തരം നിയന്ത്രണങ്ങള്‍ അവളുടെ വ്യക്തിപരമായ സുരക്ഷയ്ക്കും സാമൂഹിക കെട്ടുറപ്പിനും അനിവാര്യമാണെന്നും സ്രഷ്ടാവിന്റെ പ്രതിഫലം ലഭിക്കാനുള്ള മാര്‍ഗമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ഒരുഭാഗത്ത് സ്ത്രീ അവഗണിക്കപ്പെടുന്നു എന്നു പരിതപിക്കുകയും അവളെ പുരുഷനോടൊപ്പമെത്താനായി  മുന്നിലേക്ക് വലിച്ചുകൊണ്ടു വരികയും ചെയ്യുമ്പോള്‍ മറുഭാഗത്ത് അവള്‍ പരക്കെ പീഡിപ്പിക്കപ്പെടുന്നു. സ്ത്രീക്ക് പുരുഷനുമായുള്ള ജൈവിക വ്യത്യാസം അവളുടെ ജീവിതരംഗങ്ങളിലും ചില മാറ്റങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്ന സാമാന്യസത്യം പറയുന്നവര്‍ക്കിടയിലല്ല ഈ പീഡനം കൂടുതലായി നടക്കുന്നത്. അവളെ കാണാനും ആസ്വദിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടെന്നു പ്രഖ്യാപിച്ച് സര്‍വസ്വതന്ത്രയായി ആള്‍ക്കൂട്ടങ്ങളിലേക്ക് പറഞ്ഞയച്ചവര്‍, അവള്‍ക്ക് ആവശ്യമായ സുരക്ഷകൊടുക്കാന്‍ കഴിയാതെ പരാജയം സമ്മതിക്കേണ്ടി വരുന്നു.  

Feedback