വിശുദ്ധ ഖുര്‍ആന്‍ ഒരു മതഗ്രന്ഥമാണ്. മതത്തിന്റെ മൂല്യങ്ങളും സിദ്ധാന്തങ്ങളും കല്പനകളും നിരോധങ്ങളും വഴിക്കുവഴിയായോ അധ്യായം തിരിച്ചു കൊണ്ടോ വിവരിക്കുന്ന ഒരു സാമ്പ്രദായിക രീതിയിലല്ല വിശുദ്ധ ഖുര്‍ആനിന്റെ പ്രതിപാതന ശൈലി. വിശുദ്ധ ഖുര്‍ആനില്‍ വിശ്വാസ കാര്യങ്ങളുണ്ട്. അനുഷ്ടാന മുറകളുണ്ട്, സ്വഭാവ പാഠങ്ങളും സാംസ്‌കാരിക മര്യാദകളുമുണ്ട്. സച്ചരിതരുടെ മാതൃകകളും ഗുണപാഠങ്ങളുമുണ്ട്. ദുഷ്ടതയുടെ ചരിത്രവും പര്യവസാനവുമുണ്ട്. ഇവയെല്ലാം ഇടകലര്‍ത്തിയും ആവര്‍ത്തിച്ചും ചിന്തയെ തട്ടിയുണര്‍ത്തിക്കൊണ്ടാണ് ഖുര്‍ആനികാധ്യാപനങ്ങള്‍.
വിശുദ്ധ ഖുര്‍ആന്‍ കേവലം മതശാസനങ്ങളല്ല. വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു അഭിസംബോധന ചെയ്യുന്നത് മനുഷ്യധിഷണയെയാണ്. അതുകൊണ്ടുതന്നെ പ്രകൃതിയിലേക്ക് കണ്ണോടിക്കാനും ചിന്തിക്കാനുമുള്ള ആഹ്വാനങ്ങള്‍ ധാരാളമുണ്ട്. ഇതിലെല്ലാം ഉപരിയായി അനേകായിരം വിഷയങ്ങള്‍ ഖുര്‍ആന്‍ പ്രതിപാദിക്കുന്നത് കാണാം. ഖുര്‍ആന്‍ കൈകാര്യം ചെയ്തിട്ടുള്ള വിവിധ വിഷയങ്ങളുടെ ഉള്ളടക്കം ഇവിടെ നല്കുന്നു.
1. വിശ്വാസ കാര്യങ്ങള്‍
അല്ലാഹു, മലക്കുകള്‍, ദൈവിക ഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്‍, അന്ത്യനാള്‍, വിധി-ഇവയില്‍ വിശ്വസിക്കേണ്ടത് എങ്ങനെയെന്ന പ്രതിപാദ്യം. ഖുര്‍ആനിലെ ഏറിയ പങ്കുമുള്ള വചനങ്ങള്‍ വിശ്വാസകാര്യങ്ങളാണ്. 'മുഹമ്മദ് നബിയില്‍ വിശ്വസിച്ചവരോ, യഹൂദമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സാബികളോ ആരാകട്ടെ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സത്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവന്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.' (2:62)
2. ആരാധനാകര്‍മങ്ങള്‍
അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ നിലനിര്‍ത്താനും മനുഷ്യന് മാനസിക സംസ്‌കരണമുണ്ടാക്കാനും വേണ്ടി ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പഠിപ്പിക്കുന്നു. 'നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്തു നല്കുകയും റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കും.' (24:56)
3. സ്വഭാവഗുണങ്ങള്‍
വിശ്വാസവും കര്‍മങ്ങളും ഉള്‍ക്കൊള്ളുന്നവര്‍ക്ക് അനിവാര്യമായി ഉണ്ടാകുന്നതാണ് സ്വഭാവഗുണങ്ങള്‍. ഒരു ഉദാഹരണം: 'നീ അഹങ്കാരത്തോടെ മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചുകളയുകയുമരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല. നിന്റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുകയും നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമത്രെ.' (31:18,19)
4. സമൂഹമര്യാദകള്‍
മനുഷ്യന്‍ സാമൂഹ്യജീവിയാണ്. വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമല്ല ഒരു സമൂഹത്തിന്നാവശ്യമായ കാര്യങ്ങളെല്ലാം ഖുര്‍ആന്‍ പ്രതിപാദിച്ചിട്ടുണ്ട്. 'അല്ലാഹു പവിത്രത നല്കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്. അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്ന പക്ഷം അവന്റെ അവകാശിക്ക് നാം പ്രതിക്രിയ ചെയ്യാന്‍ അധികാരം വെച്ചുകൊടുത്തിട്ടുണ്ട്. എന്നാല്‍ അവര്‍ കൊലയില്‍ അതിരുകവിയരുത്. തീര്‍ച്ചയായും അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു. അനാഥക്ക് പ്രാപ്തി എത്തുന്നതുവരെ ഏറ്റവും നല്ല രീതിയിലല്ലാതെ അവന്റെ സ്വത്ത് നിങ്ങള്‍ കൈകാര്യം ചെയ്യരുത്. നിങ്ങള്‍ കരാര്‍ നിറവേറ്റുക. തീര്‍ച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്.'(17:33,34)
5. കുടുംബ-വൈവാഹിക നിയമങ്ങളും മര്യാദകളും
കുടുംബജീവിതത്തിന് വളരെ സ്പഷ്ടമായ ഒരു കാഴ്ചപ്പാട് ഖുര്‍ആന്‍ നല്കിയിട്ടുണ്ട്. മാതാ പിതാക്കളുടെ കടമകളും അവകാശങ്ങളും ദമ്പതിമാര്‍ തമ്മിലുള്ള ബാധ്യതകളും അവകാശങ്ങളും ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. 'തന്റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്റെ മാതാവ് വളരെ പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയുംചെയ്തു. അവന്റെ ഗര്‍ഭകാലവും മുലകുടി നിര്‍ത്തലും കൂടി മൂപ്പത് മാസക്കാലമാകുന്നു. അങ്ങനെ അവന്‍ തന്റെ പൂര്‍ണശക്തി പ്രാപിക്കുകയും നാല്പതു വയസ്സെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തുതന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദി കാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സത്കര്‍മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്കണേ. എന്റെ സന്ത തികളില്‍ നീ എനിക്ക് നന്മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്പ്‌പെടുന്നവരുടെ കൂട്ടത്തിലാകുന്നു.' (46:13)
'മടക്കിയെടുക്കാന്‍ അനുമതിയുള്ള വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്. നിങ്ങള്‍ ഭാര്യമാര്‍ക്ക് നല്കിയിട്ടുള്ളതില്‍ നിന്ന് യാതൊന്നും തിരിച്ചുവാങ്ങാന്‍ അനുവാദമില്ല. അവരിരുവര്‍ക്കും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിച്ചുപോരാന്‍ കഴിയില്ലെന്ന് ആശങ്ക തോന്നുന്നുവെങ്കിലല്ലാതെ. അങ്ങനെ അവര്‍ക്ക് അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുവാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഉല്‍ക്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. അതിനാല്‍ അവയെ നിങ്ങള്‍ ലംഘിക്കരുത്. ദൈവിക നിയമങ്ങള്‍ ലംഘിക്കുന്നവര്‍ തന്നെയാണ് അക്രമികള്‍'(2:229)
6. പ്രകൃതി ദൃഷ്ടാന്തങ്ങള്‍
അല്ലാഹുവിന്റെ ഏകത്വം മനുഷ്യനെ തെര്യപ്പെടുത്താന്‍ മനുഷ്യന് അനുഭവവേദ്യമായ പ്രക്യതിയെ അവന്റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയും അവയെക്കുറിച്ച് ചിന്തിക്കാന്‍ അവനോട് ആവശ്യപ്പെടുകയും ചെയ്യുന്നു.
'നിങ്ങള്‍ക്കു സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഉണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്കു ദൃഷ്ടാന്തങ്ങളുണ്ട്. ആകാശ ഭൂമികളുടെ സൃഷ്ടിയും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ട്ടാന്തമുണ്ട്.' (30:21,22).
7. പൂര്‍വകാല കഥകള്‍
അല്ലാഹുവിന്റെ പ്രവാചകന്മാര്‍ പ്രബോധനം നടത്തിയ സമുദായങ്ങളെക്കുറിച്ചും, അവര്‍ അത് സ്വീകരിക്കാതിരുന്നപ്പോള്‍ അവരില്‍ നടപ്പിലാക്കിയ ശിക്ഷകളെക്കുറിച്ചും വിശുദ്ധ ഖുര്‍ആനില്‍ ധാരാളം പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ട്. അത്തരം കഥകളില്‍ നിന്ന് ഗുണപാഠം ഉള്‍ക്കൊള്ളാന്‍ ആഹ്വാനം ചെയ്യുന്നു.
'മൂസായുടെ ചരിത്രത്തിലുമുണ്ട് ദൃഷ്ടാന്തങ്ങള്‍. വ്യക്തമായ ആധികാരിക പ്രമാണവുമായി ഫിര്‍ഔനിന്റെ അടുത്തേക്ക് നാം അദ്ദേഹത്തെ നിയോഗിച്ച സന്ദര്‍ഭം, അപ്പോള്‍ അവന്‍ അവന്റെ ശക്തിയില്‍ അഹങ്കരിച്ച് പിന്തിരിഞ്ഞുകളയുകയാണു ചെയ്തത്. മൂസാ ഒരു ജാലവിദ്യക്കാരനോ അല്ലെങ്കില്‍ ഭ്രാന്തനോ ആണെന്ന് അവന്‍ പറയുകയും ചെയ്തു. അതിനാല്‍ അവനെയും അവന്റെ സൈന്യങ്ങളെയും നാം പിടികൂടുകയും എന്നിട്ട് അവരെ കടലില്‍ എറിയുകയും ചെയ്തു. അവന്‍ തന്നെയായിരുന്നു ആക്ഷേപാര്‍ഹന്‍.'(51:38-40) 'ആദ് ജനതയിലും ദൃഷ്ടാന്തമുണ്ട്. വന്ധ്യമായ കാറ്റ് നാം അവരുടെ നേരെ അയച്ച സന്ദര്‍ഭം! ആ കാറ്റ് ഏതൊരു വസ്തുവിന്‍മേല്‍ ചെന്നെത്തിയോ അതിനെ ദ്രവിച്ച തുരുമ്പുപോലെ ആക്കാതെ അത് വിടുമായിരുന്നില്ല.' (15:41-42)
8. അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍
ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിലും സംവിധാനത്തിലും നിയന്ത്രണത്തിലും അല്ലാഹു തുടര്‍ന്നു പോരുന്ന ഒരു നടപടിക്രമമുണ്ട്. മനുഷ്യസമൂഹത്തിന്റെ പരിണാമഘട്ടങ്ങളിലും ഉത്ഥാന പതനങ്ങളിലും അതേ നടപടി ക്രമങ്ങള്‍ തന്നെ അവന്‍ പാലിക്കുന്നു. അതെന്തെന്ന് മനുഷ്യനെ ബോധ്യപ്പെടുത്തുന്നു. 'സത്യനിഷേധികള്‍ നിങ്ങളോട് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെങ്കില്‍ അവര്‍ പിന്തിരിഞ്ഞ് ഓടുമായിരുന്നു. പിന്നീട് ഒരു രക്ഷകനെയോ സഹായിയെയോ അവര്‍ക്ക് കണ്ടെത്താനാവില്ല' (48:22,23)
9. അന്ത്യദിനത്തെക്കുറിച്ചും പുനരുത്ഥാനനാളിനെക്കുറിച്ചുമുള്ള പ്രതിപാദനം
ലോകാവസാനഘട്ടത്തില്‍ പ്രപഞ്ചത്തിന് സംഭവിക്കുന്ന മാറ്റത്തെക്കുറിച്ചും മരണമടഞ്ഞ മനുഷ്യരെ പുനരുത്ഥാനനാളില്‍ ഹാജരാക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചും ഖുര്‍ആന്‍ വളരെയേറെ വിവരിച്ചിട്ടുണ്ട്.
'ആകാശം പൊട്ടിപ്പിളരുമ്പോള്‍, നക്ഷത്രങ്ങള്‍ കൊഴിഞ്ഞുവീഴുമ്പോള്‍, സമുദ്രങ്ങള്‍ പൊട്ടി ഒഴുക്കപ്പെടുമ്പോള്‍, ഖബറുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍, ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തുവച്ചതും പിന്നോട്ട് മാറ്റിവച്ചതും എന്താണെന്ന് അറിയുന്നതാണ്.' (82:1-5)
10. രക്ഷാശിക്ഷകളെക്കുറിച്ചുള്ള വിവരണം
'അപ്പോള്‍ മരിച്ചവന്‍ സാമീപ്യം സിദ്ധിച്ചവരില്‍പ്പെട്ടവനാണെങ്കില്‍, അവന് ആശ്വാസവും വിശിഷ്ടമായ ഉപജീവനവും, സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പും ഉണ്ടായിരിക്കും. എന്നാല്‍ അവന്‍ വലതുപക്ഷക്കാരില്‍പ്പെട്ടവനാണെങ്കിലോ നിനക്ക് സമാധാനം എന്നായിരിക്കും അവനു ലഭിക്കുന്ന അഭിവാദ്യം. ഇനി അവന്‍ ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍പ്പെട്ടവനാണെങ്കിലോ ചുട്ടുതിളയ്ക്കുന്ന വെള്ളം കൊണ്ടുള്ള സല്ക്കാരവും നരകത്തില്‍ വെച്ചുള്ള ചുട്ടെരിക്കലുമാണ് അവനുള്ളത്. തീര്‍ച്ചയായും ഇതു തന്നെയാണ് ഉറപ്പുള്ള യാഥാര്‍ഥ്യം. ആകയാന്‍ നിന്‍്‌റെ മഹാനായ രക്ഷിതാവിന്റെ നാമം പ്രകീര്‍ത്തിക്കുക.' (58:88-96)
11. സാമ്പത്തിക അച്ചടക്കം
ഇസ്‌ലാമിന് വളരെ ഭദ്രമായ സാമ്പത്തിക നിയമമുണ്ട്. സമ്പാദനം, വിനിമയം, വിതരണം എന്നി വയില്‍ പാലിക്കേണ്ട അച്ചടക്കം ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്.
'സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവടം മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങളന്യോന്യം എടുത്തു തിന്നരുത്. നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു ഏറെ കരുണയുള്ളവനാകുന്നു.' (4:29)
'പുരുഷന്മാര്‍ സമ്പാദിച്ചതിന്റെ ഓഹരി അവര്‍ക്കുണ്ട്. സ്ത്രീകള്‍ സമ്പാദിച്ചതിന്റെ ഓഹരി അവര്‍ക്കുമുണ്ട്. (4:32)
12. ഭൗതികലോകത്ത് നിയമലംഘനം നടത്തിയതിനുള്ള ശിക്ഷകള്‍
മോഷണം, കൊല, വ്യഭിചാരം, വ്യഭിചാരാരോപണം, സമൂഹദ്രോഹം എന്നീ കുറ്റങ്ങള്‍ ചെയ്തതിന് മാതൃകാപരമായി ശിക്ഷ നടപ്പിലാക്കി സമൂഹത്തിന് നിര്‍ഭയാവസ്ഥ ഉണ്ടാക്കണമെന്നാണ് ഇസ്‌ലാമിന്റെ താല്പര്യം. ഇസ്‌ലാമികമായ ഒരു ഭരണസംവിധാനത്തിന് കീഴില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് ഭരണാധികാരി നടപ്പിലാക്കേണ്ട ശിക്ഷകള്‍ ഖുര്‍ആന്‍ വിവരിക്കുന്നു.
'വ്യഭിചരിക്കുന്ന സ്ത്രീപുരുഷന്മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്റെ മതനിയമത്തില്‍ അതു നടപ്പാക്കുന്ന വിഷയത്തില്‍ അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ! അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു സംഘം സന്നിഹിതരാവുകയും ചെയ്യട്ടെ.'(24:2)
13. ശാസ്ത്ര സൂചനകള്‍
ചില ശാസ്ത്രീയ യാഥാര്‍ഥ്യങ്ങളിലേക്ക് ഖുര്‍ആന്‍ വിരല്‍ ചൂണ്ടിയിട്ടുണ്ട്. പ്രവാചകന്റെ കാലത്ത് തെളിയിക്കപ്പെട്ടിട്ടില്ലാത്ത അത്തരം കാര്യങ്ങള്‍ പില്ക്കാലത്ത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
'സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്കു സഞ്ചരിക്കുന്നു. പ്രതാപശാലിയും സര്‍വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്. ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈത്തപ്പഴക്കുലയുടെ തണ്ടുപോലെ ആയിത്തീരുന്നു. സൂര്യന് ചന്ദ്രനെ പ്രാപിക്കാന്‍ ഒക്കുകയില്ല. രാവ് പകലിനെ മറികടക്കുകയും ഇല്ല. ഓരോന്നും ഓരോ നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു.' (36:38-40)
'ഒരൊറ്റ അസ്തിത്വത്തില്‍ നിന്ന് അവന്‍ നിങ്ങളെ സൃഷ്ടിച്ചു. പിന്നീട് അതില്‍ നിന്ന് അതിന്റെ ഇണയേയും അവന്‍ ഉണ്ടാക്കി. കന്നുകാലികളില്‍ നിന്ന് എട്ടു ജോടികളെയും അവന്‍ നിങ്ങള്‍ക്ക് ഇറക്കിത്തന്നു. നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ നിങ്ങളെ അവന്‍ സൃഷ്ടിക്കുന്നു. മൂന്നുതരം അന്ധകാരങ്ങള്‍ക്കുള്ളില്‍ സൃഷ്ടിയുടെ ഒരു ഘട്ടത്തിനു ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്. അങ്ങനെയുള്ളവനാകുന്നു, നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാണ് ആധിപത്യം. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് സത്യത്തില്‍ നിന്ന് തെറ്റിക്കപ്പെടുന്നത്?'(39:6).
14. പ്രവചനങ്ങള്‍
വിശുദ്ധ ഖുര്‍ആനിന്റെ ദൈവികതയും അമാനുഷികതയും വെളിപ്പെടുത്തുന്ന ശാസ്ത്ര സൂചനകളെപ്പോലെ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചും വിശുദ്ധ ഖുര്‍ആനില്‍ പ്രവചനങ്ങള്‍ വന്നിട്ടുണ്ട്. ഇസ്‌ലാമിന്റെ ആരംഭ ദശയില്‍ അതിനെ എതിര്‍ത്തവരുടെ ജീവിതകാലത്തുതന്നെ അവയില്‍ ചിലത് സംഭവിക്കുകയും ഖുര്‍ആനിന്റെ ദൈവികത അവര്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
'അലിഫ് ലാം മീം. അടുത്ത നാട്ടില്‍ വെച്ച് റോമക്കാര്‍ തോല്പിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ പരാജയത്തിനു ശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവര്‍ വിജയം നേടുന്നതാണ്. മുമ്പും പിമ്പും അല്ലാഹുവിനു തന്നെയാണ് കാര്യങ്ങളുടെ നിയന്ത്രണം. അന്നേദിവസം സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ സഹായം കൊണ്ട് സന്തുഷ്ടരാകുന്നതാണ്. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അവനത്രെ പ്രതാപിയും കരുണാനിധിയും.' (30:1-5)
പേര്‍ഷ്യക്കാര്‍ റോമക്കാരെ യുദ്ധത്തില്‍ തോല്പിച്ച സന്ദര്‍ഭത്തിലാണ് ഈ പ്രവചനമുണ്ടായത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ റോമക്കാര്‍ വിജയം നേടുകയും അതേ കാലത്തു തന്നെ സത്യവിശ്വാസികള്‍ ബദ്ര്‍യുദ്ധത്തില്‍ വിജയം കൈവരിക്കുകയും ചെയ്തു. അങ്ങനെ ഈ വചനത്തിലെ പ്രവചനം പൂര്‍ണമായി സാക്ഷാത്കൃതമായി.