ഖുര്‍ആനിലെ വിജ്ഞാന കലവറ തുറക്കുമ്പോള്‍ പണ്ഡിതരെപ്പോലും അമ്പരപ്പിക്കുന്ന അത്ഭുതങ്ങളാണ് കാണാന്‍ കഴിയുന്നത്. പല വിജ്ഞാനശാഖകളുടെയും അകക്കാമ്പുകള്‍ വിലയിരുത്തുന്നതും മറ്റുചില വിജ്ഞാനീയങ്ങള്‍ക്ക് ജന്‍മം നല്‍കുന്നതും ഖുര്‍ആനില്‍ കാണാം.
പ്രപഞ്ചോത്പത്തി
മഹാവിസ്‌ഫോടന സിദ്ധാന്തം (BIG BANG THEORY) ഭൂരിപക്ഷം ശാസ്ത്രജ്ഞരും അംഗീകരിച്ച ഒരു വസ്തുതയാകുന്നു. പ്രപഞ്ചം അത്യധികം സാന്ദ്രവും താപോന്‍മുഖവുമായ ഒരവസ്ഥയില്‍ നിന്ന് വികസിച്ച് ഉണ്ടായതാണെന്നാണ് ഈ സിദ്ധാന്തത്തിന്റെ കാതല്‍. ഖുര്‍ആനിന്റെ ചില പരാമര്‍ശങ്ങള്‍ ഇതിനോടു യോജിക്കുന്നു. ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? (21:30, 51: 47).
മനുഷ്യോത്പത്തി
പത്തൊന്‍പത് ഇരുപത് നൂറ്റാണ്ടുകളില്‍ ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ഉയര്‍ത്തിപ്പിടിച്ച് ഭൗതികവാദികള്‍ മതങ്ങള്‍ പറയുന്ന മനുഷ്യോത്പ്പത്തി സിദ്ധാന്തത്തെ നിരാകരിച്ചിരുന്നു. എന്നാല്‍ ജനിതക ശാസ്ത്രം പുരോഗമിക്കുകയും മനുഷ്യന്റെ ഡി എന്‍ എയെക്കുറിച്ച് പഠനം പുരോഗമിക്കുകയും ചെയ്തപ്പോള്‍ ശാസ്ത്രലോകം മനുഷ്യന്‍ പരിണമിച്ചുണ്ടായതല്ല എന്ന വസ്തുതയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ആദമിനെയും ഭാര്യ ഹവ്വയെയും കുറിച്ച് 'നിങ്ങളുടെ മാതാപിതാക്കള്‍' എന്ന ഖുര്‍ആനിന്റെ പരാമര്‍ശം (7:27) ഇവിടെ ശ്രദ്ധേയമാകുന്നു. ഇന്ത്യയുടെ മുക്കുമൂലകളില്‍ അധിവസിക്കുന്ന നൂറ്റി ഇരുപത്തിയൊന്നിലധികം കോടി വരുന്ന മനുഷ്യരുടെയും കോശമെടുത്ത് പരിശോധിച്ചാല്‍ DNAയില്‍ കണ്ടുവരുന്ന MITOCHONDRIAL DNA ഒന്നാണെന്ന് കണ്ടെത്താന്‍ കഴിയും. ജീവിച്ചിരിക്കുന്ന മുഴുവന്‍ മനുഷ്യരുടെയും ഇനി നൂറ്റാണ്ടുകള്‍ കഴിഞ്ഞ് പിറക്കുന്ന മനുഷ്യരുടെയും മൈക്രോ കോന്‍ഡിയല്‍ ഡി എന്‍ എ ഒന്നുതന്നെയാണെന്ന വസ്തുത ഖുര്‍ആനിന്റെ 'നിങ്ങളുടെ മാതാപിതാക്കള്‍' എന്ന പ്രഖ്യാപനത്തെ ശരിവെക്കുകയാണ്. കാരണം M-DNA ഒരൊറ്റ മാതാവിലൂടെ മാത്രമേ കൈമാറുകയുള്ളൂ എന്ന് ശാസ്ത്രം സ്ഥിരീകരിച്ചിരിക്കുന്നു. അതുപോലെ തന്നെ ഡി എന്‍ എയില്‍ കാണുന്ന Y ക്രോമസോമുകളും എല്ലാവരുടെതും ഒന്നുതന്നെയാകുന്നു. ഇത് ഒരൊറ്റ പിതാവിലൂടെ മാത്രമേ കൈമാറാന്‍ കഴിയുകയുള്ളൂ. ഇതിലൂടെ മനുഷ്യകുലത്തിന്റെ പിതാവും മാതാവും ഒന്നാണെന്നും വ്യക്തമാകുന്നു. (വി.ഖു 4:1)
മനുഷ്യോത്പത്തിയെ കുറിച്ച് ഖുര്‍ആനിന്റെ മറ്റൊരു പരാമര്‍ശം മണ്ണില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു എന്നാകുന്നു (22:5, 30:20). ഒന്നുകൂടി സ്പഷ്ടമാക്കിക്കൊണ്ട് മണ്ണിന്റെ സത്തയില്‍ (സുലാല) നിന്നും (23:12) എന്നും പറഞ്ഞിട്ടുണ്ട്. മണ്ണിലെ മൂലകങ്ങള്‍ക്കാണ് സുലാല എന്ന വാക്ക് ഉപയോഗിക്കുന്നത്. എഴുപതോളം മൂലകങ്ങളാണ് മണ്ണിലുള്ളതെന്ന് ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കറിയാം. അതിലെ ഏതാനും മൂലകങ്ങളാണ് മനുഷ്യസൃഷ്ടിപ്പിന് അല്ലാഹു ഉപയോഗിച്ചിരിക്കുന്നത് എന്നതൊരു ശാസ്ത്ര വസ്തുതയാകുന്നു.
മനുഷ്യപ്പിറവി
ഖുര്‍ആന്‍ മനുഷ്യപ്പിറവിയുമായി ബന്ധപ്പെട്ട ശാസ്ത്ര വസ്തുതകള്‍ വെളിപ്പെടുത്തിയത് ഇങ്ങനെ സംഗ്രഹിക്കാം. 1. മനുഷ്യന്‍ സൃഷ്ടിക്കപ്പെടുന്നത് ശുക്ലത്തിലെ സൂക്ഷ്മമായ ഒരു തന്തുവില്‍(ബീജം) നിന്നാണ് (75: 36,37). 2. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം നിര്‍ണയിക്കുന്നത് പുരുഷ ബീജത്തിലെ ഘടകങ്ങള്‍ മാത്രമാണ്. സ്ത്രീക്ക് ഇതില്‍ യാതൊരു പങ്കുമില്ല (53: 45,46). 3. ഭ്രൂണം അട്ടയെപ്പോലെ (അലഖ്) ഗര്‍ഭപാത്രത്തില്‍ അള്ളിപ്പിടിച്ചാണ് പോഷകങ്ങളും ഓക്‌സിജനും വലിച്ചെടുത്ത് വളരുന്നത് (96:2). ഭ്രൂണത്തില്‍ കാര്‍ട്ടിലേജ് ബോണ്‍ ടിഷ്യു (ശിശുവിന്റെ ശരീരത്തില്‍ ആദ്യം പടരുന്ന നേര്‍ത്ത അസ്ഥിപഞ്ജരം) പ്രത്യക്ഷപ്പെട്ടതിനു ശേഷമാണ് മാംസപേശികള്‍ അവയെ പൊതിയുന്നത് (23:14). 5. ഭ്രൂണവളര്‍ച്ചയില്‍ വ്യത്യസ്തമായ മൂന്നു ഘട്ടങ്ങളുണ്ട്. ഗര്‍ഭ പാത്രം മൂന്ന് അന്ധകാരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന മൂന്ന് പാളികള്‍ (Layers) ചേര്‍ന്നാണ് രൂപപ്പെട്ടത് (39: 6). ഭ്രൂണശാസ്ത്രം വളര്‍ച്ച പ്രാപിച്ചതും മേല്‍പറഞ്ഞ കാര്യങ്ങള്‍ കണ്ടെത്തിയതും ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ്.
ജലവും ജീവനും
മനുഷ്യനടക്കമുള്ള പ്രപഞ്ചത്തിലെ ജീവന്റെ നിലനില്പിന് ജലമാണ് ആധാരമെന്നത് ഖുര്‍ആന്‍ വ്യക്തമാക്കുന്ന അത്യത്ഭുതങ്ങളിലൊന്നാണ് (21: 30, 24: 45, 25: 54).