ഒരു മുസ്‌ലിം അന്യനാട്ടില്‍വെച്ച് മരണമടഞ്ഞാല്‍ ജനാസയുടെ അസാന്നിധ്യത്തില്‍ നമസ്‌കരിക്കാവുന്നതാണ്. തത്വത്തില്‍ ഇതംഗീകരിക്കെത്തന്നെ വിശദാംശങ്ങളില്‍ പണ്ഡിതന്മാര്‍ക്ക് വിവിധ വീക്ഷണങ്ങളുമുണ്ട്. തദ്വിഷയകമായ തെളിവ് ബുഖാരിയും മുസ്‌ലിമും ജാബിറില്‍ നിന്ന് നിവേദനം ചെയ്യുന്ന ഈ ഹദീസാണ്: ''നബി(സ്വ) നജ്ജാശി രാജാവ് അസ്വ്ഹിമത്തിന് വേണ്ടി മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചു. നാലു തക്ബീറുകള്‍ നിര്‍വഹിക്കുകയുണ്ടായി. നബി(സ്വ) പ്രസ്താവിച്ചു: ഇന്ന് അബ്‌സീനിയയിലെ ഒരു നല്ല മനുഷ്യന്‍ നിര്യാതനായിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ വരിക. അദ്ദേഹത്തിന്റെ പേരില്‍ നമസ്‌കരിക്കാം. അങ്ങനെ ഞങ്ങള്‍ നബി(സ്വ)യുടെ പുറകില്‍ അണിനിരന്നു. നബി(സ്വ) അദ്ദേഹത്തിന് നമസ്‌കരിച്ചു; അണിയായി ഞങ്ങളും.''
പ്രസ്തുത ഹദീസിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തില്ലാത്ത മയ്യിത്തിന് നിരുപാധികം നമസ്‌കരിക്കാമെന്ന് ശാഫിഈ, അഹ്മദ്, ഇബ്‌നുഹസം എന്നിവരും സലഫുകളില്‍ ചിലരും പറയുന്നു. എന്നാല്‍ ഇത് തീരെ പാടില്ലെന്ന പക്ഷക്കാരാണ് ഹനഫികളും മാലിക്കികളും. അവര്‍ ഈ ഹദീസിന് വ്യത്യസ്ത വിശദീകരണങ്ങളാണ് നല്കിയിട്ടുള്ളത്. നജ്ജാശിയുടെയും നബി(സ്വ)യുടെയുമിടയിലുള്ള മറ നീക്കപ്പെട്ടുവെന്നും അങ്ങനെ നബി(സ്വ) മയ്യിത്ത് കണ്ടുകൊണ്ടാണ് നമസ്‌കരിച്ചതെന്നും ഹനഫികളില്‍ ചിലര്‍ പറയുന്നു. എന്നാല്‍ ഇത് വ്യക്തമായ രേഖകളിലൂടെ തെളിയിക്കപ്പെടേണ്ട വിഷയമാണ്. അതില്ലാത്തതിനാല്‍ഈ അഭിപ്രായം ബാലിശമാണ്. ഇത് നജ്ജാശിക്ക് നബി(സ്വ) പ്രത്യേകമായി ചെയ്തതും നബിക്ക് മാത്രം ബാധകവുമായ കാര്യമാണെന്നാണ് മാലിക്കികളുടെയും മറ്റുചിലരുടെയും വാദം. നബി(സ്വ) അനുഷ്ഠിച്ച ഒരു കര്‍മം സമൂഹത്തിന് ബാധകമല്ലെന്ന വാദം സ്വീകാര്യമാകണമെങ്കില്‍ പ്രത്യേകം തെളിവുകള്‍ ആവശ്യമാണ്. അതില്ലാത്തതിനാല്‍ ഈ വാദത്തെയും പണ്ഡിതന്മാര്‍ വിമര്‍ശിച്ചിട്ടുണ്ട്.
മരിച്ച നാട്ടിലുള്ളവര്‍ ആരും നമസ്‌കരിച്ചില്ലെങ്കില്‍ അന്യനാട്ടുകാര്‍ നമസ്‌കരിക്കേണ്ടതാണെന്നാണ് മൂന്നാമത്തെ അഭിപ്രായം. അവിശ്വാസികളുടെ നാട്ടില്‍വെച്ച് മരിച്ച നജ്ജാശിക്ക് തന്റെ നാട്ടിലുള്ളവരാരും നമസ്‌കരിച്ചിട്ടില്ലാത്തതിനാലാണ് നബി(സ്വ) നമസ്‌കരിച്ചതെന്ന് അവരുടെ വിശദീകരണം. ഖത്താബിയുടെ ഈ അഭിപ്രായത്തെ റുഅ്‌യാനി ഉത്തമമെന്നും ഇബ്‌നുതൈമിയ്യ മുന്‍ഗണനാര്‍ഹമെന്നും വിശേഷിപ്പിച്ചു (ഫത്ഹുല്‍ബാരി 3: 188). ഇതിനെ ബലപ്പെടുത്തുന്ന തെളിവ് വന്നിട്ടുണ്ട്. അഹ്മദ്, ഇബ്‌നുമാജ, ത്വബ്‌റാനി എന്നിവര്‍ ഹുദൈഫത്തുബ്‌നു ഉസൈദില്‍ നിന്ന് നിവേദനം ചെയ്ത ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു.
നബി(സ്വ) പറഞ്ഞു: നിങ്ങളുടെ സഹോദരന്‍ നിങ്ങളുടേതല്ലാത്ത നാട്ടില്‍ മരിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ എഴുന്നേല്ക്കൂ, അദ്ദേഹത്തിനുവേണ്ടി നമസ്‌കരിക്കൂ.''
ഇമാം ഇബ്‌നുല്‍ഖയ്യിം പറയുന്നു: ''സര്‍വ മയ്യിത്തിന്റെ പേരിലും അസാന്നിധ്യത്തില്‍ നമസ്‌കരിക്കുന്നത് പ്രവാചകചര്യയോ മാതൃകയോ അല്ല. കാരണം അന്യദേശങ്ങളില്‍വെച്ച് എത്രയോ അനുചരന്മങക്ത മരണമടയുകയുണ്ടായി. അവര്‍ക്ക്‌വേണ്ടി നബി(സ്വ) മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചിരുന്നില്ല.'' അദ്ദേഹം തുടര്‍ന്നു: ''നജ്ജാശിക്കുവേണ്ടി നമസ്‌കരിച്ചത് സ്വഹീഹായി വന്നിട്ടുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ ആളുകള്‍ക്ക് മൂന്നഭിപ്രായമുണ്ട്. എല്ലാ മറഞ്ഞവര്‍ക്കും നമസ്‌കരിക്കാനുള്ള അനുവാദവും മാതൃകയുമാണ് ഈ സംഭവമെന്നാണ് ഒരഭിപ്രായം. ഇതാണ് ശാഫിഈയുടെയും ഒരു റിപ്പോര്‍ട്ടനുസരിച്ച് അഹ്മദിന്റെയും പക്ഷം. ഇത് നബി(സ്വ)ക്ക് മാത്രം പ്രത്യേകമായതാണെന്നും മറ്റൊരാള്‍ക്കും അനുവദിക്കപ്പെടുകയില്ലെന്നുമാണ് അബൂഹനീഫയും മാലികും പറയുന്നത്. അവര്‍ പറയുന്നു: വിദൂരത്താണെങ്കിലും ഇതര നമസ്‌കാരങ്ങള്‍പോലെ ജനാസ നമസ്‌കാരത്തിനും ശുചിത്വം, അശുദ്ധിയില്ലാതിരിക്കുക, ഖിബ്‌ലയെ അഭിമുഖീകരിക്കുക, നഗ്നതമറയ്ക്കുക, നിയ്യത്ത് ഉണ്ടായിരിക്കുക, കഴിവുള്ളവന്‍ നില്‍ക്കുക തുടങ്ങിയവയൊക്കെ പാലിക്കേണ്ടതാണ്. കാരണം നമസ്‌കാരം (സ്വലാത്ത്) എന്ന പദംകൊണ്ടാണ് ഇതിനെ ഖുര്‍ആനിലും നബിവചനങ്ങളിലും പരിചയപ്പെടുത്തിയിട്ടുള്ളത്.
മറ്റു നമസ്‌കാരങ്ങള്‍ പോലെ ഇതില്‍ റുകൂഅ്, സുജൂദ് എന്നിവ ഇല്ല. നിന്നുകൊണ്ടാണ് ഇത് നിര്‍വഹിക്കേണ്ടത്. ഈ നമസ്‌കാരം ഒറ്റക്കും കൂട്ടമായും (ജമാഅത്ത്) നിര്‍വഹിക്കാം. പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും ഈ നമസ്‌കാരം പുണ്യകരമാണ്. പല ജമാഅത്തുകളായി കൈ ഉയര്‍ത്തല്‍
ജനാസ നമസ്‌കാരത്തില്‍ ആദ്യത്തെ തക്ബീറില്‍ കൈ ഉയര്‍ത്തേണ്ടതാണ്. ശേഷമുള്ള തക്ബീറുകളില്‍ കൈ ഉയര്‍ത്തുന്നത് സംബന്ധിച്ച് ഭിന്നാഭിപ്രായമുണ്ട്. ''ഈ വിഷയകമായി ഒന്നും സ്വഹീഹായി വന്നിട്ടില്ല. എന്നാല്‍ ജനാസ നമസ്‌കാരത്തിന്റെ മുഴുവന്‍ തക്ബീറുകളിലും കൈ ഉയര്‍ത്താറുണ്ടായിരുന്നുവെന്ന് പ്രസ്തുത ഹദീസിന്റെ റിപ്പോര്‍ട്ടറായ ഇബ്‌നു അബ്ബാസില്‍ നിന്ന് പ്രബലമായ വന്നിട്ടുണ്ട്'' (തല്‍ഖീസ്വ് 5:277). ത്വബ്‌റാനിയുടെ റിപ്പോര്‍ട്ടില്‍ ഇത് നബി(സ്വ)യിലേക്ക് ചേര്‍ത്തു ഉദ്ധരിക്കുന്നുണ്ട്. ഇപ്രകാരം ഉമറുബ്‌നു അബ്ദില്‍അസീസ് ചെയ്തിരുന്നതായി ബുഖാരിയും ഇബ്‌നുല്‍ മുസ്വയ്യിബ്, ഉര്‍വ എന്നിവര്‍ ചെയ്തതായി ഇമാം ശാഫിഈയും ഉദ്ധരിക്കുന്നുണ്ട്. ഇതൊക്കെ ജനാസ നമസ്‌കാരത്തിന്റെ മുഴുവന്‍ തക്ബീറിലും കൈ ഉയര്‍ത്തേണ്ടതാണെന്ന് വരച്ചുകാട്ടുന്നു.
ഫാതിഹ
ആദ്യത്തെ തക്ബീറിന്നുശേഷം ഫാതിഹ സൂറത്ത് ഓതേണ്ടതാണ്. ബുഖാരി ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം ചെയ്യുന്നു: ''അദ്ദേഹം ഒരു ജനാസക്ക് വേണ്ടി നമസ്‌കരിച്ചപ്പോള്‍ ഫാതിഹ ഉറക്കെ ഓതി. ഇത് നബിചര്യയാണെന്ന് നിങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് ഞാനിപ്രകാരം ചെയ്തതെന്ന് അദ്ദേഹം പറയുകയുമുണ്ടായി.''
അബൂഉമാമയില്‍ നിന്ന് നസാഈ ഉദ്ധരിക്കുന്നു. ''ജനാസ നമസ്‌കാരത്തില്‍ സുന്നത്ത് (നബിചര്യ) ഇപ്ര കാരമാണ്. ഒന്നാമത്തെ തക്ബീറില്‍ ശബ്ദംതാഴ്ത്തി ഫാതിഹ ഓതുക. ശേഷം മൂന്ന് തക്ബീറുകള്‍ ചൊല്ലുക. അവസാനത്തേതില്‍ സലാം പറയുക.'' ഇതിന്റെ പരമ്പര ബുഖാരി-മുസ്‌ലിമിന്റെ വ്യവസ്ഥകള്‍ക്കനുസരിച്ച് സ്വീകാര്യമാണെന്ന് നവവി പറഞ്ഞു (ശറഹുല്‍മുഹദ്ദബ് 5:233). ഇതിന്റെ പരമ്പര സ്വഹീഹാണെന്നും സ്വ ഹാബികള്‍ 'സുന്നത്ത്' എന്നു പറഞ്ഞാല്‍ അത് നബിചര്യയാണെന്നതില്‍ 'ഇജ്മാഉ'ണ്ടെന്നും ഫത്ഹുല്‍ബാരിയില്‍ പറഞ്ഞിരിക്കുന്നു.
സ്വലാത്ത്
രണ്ടാം തക്ബീറിന്‌ശേഷം സ്വലാത്ത് ചൊല്ലേണ്ടതാണ്. സഈദുബ്‌നു മുസ്വയ്യിബ്(റ) പറഞ്ഞു: ജനാസ നമ സ്‌കാരത്തില്‍ സുന്നത്ത് (ചര്യ) ഫാതിഹ ഓതുകയും നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലുകയും ശേഷം വിര മിക്കുവോളം മയ്യിത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയുമാകുന്നു. ഖിറാഅത്ത് ഒരു തവണ മാത്രം. അനന്തരം സലാം ചൊല്ലുക. ഇപ്രകാരം അബൂഉമാമയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇത് രണ്ടിന്റെയും പരമ്പര സ്വഹീഹാണെന്ന് ഇബ്‌നുഹജര്‍ വ്യക്തമാക്കി (ഫത്ഹുല്‍ബാരി 3:204). സ്വലാത്ത് ചൊല്ലേണ്ടത് ഏത് തക്ബീറിന് ശേഷമാണെന്ന് വ്യക്തമായി വന്നിട്ടില്ലെങ്കിലും ''ഒന്നാമത്തേതില്‍ ഫാതിഹ ഓതണമെന്ന് പറയുകയും ശേഷം സ്വലാത്ത് ചൊല്ലുകയും വേണം'' എന്ന് നിര്‍ദേശിച്ചതില്‍നിന്ന് സ്വലാത്ത് രണ്ടാമത്തേതിന് ശേഷമാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഇപ്രകാരമാണ് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുള്ളത്. മറ്റുള്ള നമസ്‌കാരത്തില്‍ തശഹ്ഹുദിനുശേഷം ചൊല്ലേണ്ട സ്വലാത്ത് തന്നെയാണ് ഇവിടെയും വേണ്ടത്.