എല്ലാ ദിവസവും പ്രഭാത നമസ്‌കാരത്തില്‍ രണ്ടാമത്തെ റക്അത്തിന്റെ ഇഅ്തിദാലില്‍ നബി(സ്വ) ഖുനൂത്ത് നിര്‍വഹിച്ചുകൊണ്ടിരുന്നു എന്ന് പ്രബലമായ ഹദീസുകളിലൊന്നും തന്നെ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഉസ്വയ്യ, റിഅ്‌ല്, ദക്‌വാന്‍, ലിഹ്‌യാന്‍ എന്നീ ഗോത്രങ്ങള്‍ക്കെതിരെ സ്വുബ്ഹില്‍ നബി(സ്വ) ഖുനൂത്ത് നടത്തിയിരുന്നുവെങ്കിലും ഒരു മാസക്കാലമേ അത് തുടര്‍ന്നുള്ളൂ. പിന്നീടത് ഉപേക്ഷിച്ചു.
ഈ വിഷയത്തെക്കുറിച്ച് പൂര്‍വകാല പണ്ഡിതന്മാര്‍ക്കിടയില്‍ വീക്ഷണ വ്യത്യാസമുണ്ടായിരുന്നു. അനസുബ്‌നു മാലിക്(റ) പറയുന്നു: ''നബി (സ്വ) ഏതെങ്കിലും ഗോത്രങ്ങള്‍ക്കെതിരെ പ്രാര്‍ഥിക്കുമ്പോഴല്ലാതെ ഖുനൂത്ത് ഓതിയിരുന്നില്ല.''
സഈദുബ്‌നു ത്വാരിഖ് പറയുന്നു: ''ഞാന്‍ എന്റെ പിതാവിനോട് ചോദിച്ചു: പിതാവേ, താങ്കള്‍ പ്രവാചകന്‍, അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നിവരുടെ പിറകില്‍നിന്ന് നമസ്‌കരിച്ചിട്ടുണ്ടല്ലോ. അവര്‍ പ്രഭാത നമസ് കാരത്തില്‍ ഖുനൂത്ത് ഓതിയിരുന്നുവോ?' അദ്ദേഹം പറഞ്ഞു: മകനേ, അത് പുത്തന്‍ നടപടിയാകുന്നു.''
ഈ ഹദീസിന്റെ വെളിച്ചത്തിലാണ് അധിക പണ്ഡിതന്മാരും സ്വുബ്ഹിന് മാത്രമായി ഖുനൂത്തില്ലെന്ന് പറയുന്നത്. അഹ്മദുബ്‌നു ഹമ്പലും അബൂഹനീഫയും സൗരി(റ)യുമെല്ലാം ഈ അഭിപ്രായക്കാരാണ്.
അലി(റ) ആണ് സ്വുബ്ഹിന്ന് ഖുനൂത്ത് ഓതിത്തുടങ്ങിയതെന്ന് ഇബ്‌റാഹീം നഖ്ഈ അഭിപ്രായപ്പെടുന്നു. അതിനു കാരണം അദ്ദേഹത്തിന് നിരന്തരമായി ശത്രുക്കളോട് പടവെട്ടേണ്ടി വന്നിരുന്നതാണത്രെ. അദ്ദേഹം ഖുനൂത്ത് ഓതിയപ്പോള്‍ ജനങ്ങള്‍ അനിഷ്ടം പ്രകടിപ്പിച്ചുവെന്ന് ശുഅ്ബിയില്‍ നിന്ന് സഈദ് ഉദ്ധരിക്കുന്നുണ്ട്. അപ്പോള്‍ അലി(റ) പറഞ്ഞുവത്രെ: ''ഞങ്ങള്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ശത്രുക്കള്‍ക്കെതിരെ സഹായം തേടുകയാണ്.'' (മുഗ്‌നി 2:155)