Skip to main content

ദുഹാ നമസ്‌കാരം

സൂര്യന്‍ ഉദിച്ചുയര്‍ന്നാല്‍ നിര്‍വഹിക്കാവുന്ന ഒരു സുന്നത്ത് നമസ്‌കാരമാണിത്. നബി(സ്വ) അത് നിര്‍വഹിക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. ചുരുങ്ങിയത് രണ്ടും, കൂടിയാല്‍ എട്ടും റക്അത്തുകളാണ് ഈ നമസ്‌കാരം. അധികം ദീര്‍ഘിപ്പിക്കാതെ വേഗത്തിലാണ് നബി(സ്വ) നമസ്‌കരിച്ചിരുന്നത്. 

''അബൂഹുറയ്‌റ(റ) പറയുന്നു: എന്റെ ആത്മമിത്രമായ നബി(സ്വ) മൂന്നു കാര്യങ്ങള്‍ എന്നോട് വസ്വിയ്യത്ത് ചെയ്തിട്ടുണ്ട്. മാസത്തില്‍ മൂന്നു ദിവസത്തെ വ്രതം, ദുഹായുടെ രണ്ട് റക്അത്ത്, ഉറങ്ങുന്നതിനു മുമ്പ് വിത്ര്‍ നമസ്‌കാരം'' (മുസ്‌ലിം 3:249, ബുഖാരി 2:1128, നസാഈ 3:229).  

''ഉമ്മുഹാനിഅ്(റ) പറയുന്നു: മക്കാ വിജയദിനത്തില്‍ നബി(സ്വ) അവരുടെ വീട്ടിലേക്ക് ചെന്നു. എന്നിട്ട് എട്ട് റക്അത്ത് നമസ്‌കരിച്ചു. അതിനേക്കാള്‍ ലഘുവാക്കി ഒരു നമസ്‌കാരവും നബി(സ്വ) നിര്‍വഹിച്ചത് ഞാന്‍ കണ്ടിട്ടില്ല. എങ്കിലും റുകൂഉം സുജൂദും അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു'' (ശര്‍ഹുമുസ്‌ലിം 3:248). ദുഹാ നമസ്‌കാരം പതിവാക്കാതിരിക്കുക എന്നതാണ് നബിചര്യ(ബുഖാരി).

''അബൂസഈദ്(റ) പറയുന്നു: നബി(സ്വ) ദുഹാ നമസ്‌കരിക്കാറുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ പറയും: നബി(സ്വ) അതൊഴിവാക്കാറില്ലെന്ന്. അവിടുന്ന് അതൊഴിവാക്കാറുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ പറയും: പ്രവാചകന്‍ അത് നമസ്‌കരിക്കാറേ ഇല്ലെന്ന്'' (തിര്‍മിദി). സൗകര്യംപോലെ  രണ്ട്, നാല്, ആറ്, എട്ട് എന്നിങ്ങനെ റക്അത്തുകളായി ദുഹാ നമസ്‌കരിക്കാവുന്നതാണ്. 

Feedback