വരള്‍ച്ച ശക്തമാവുകയും മഴ തീരെ ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ മഴയ്ക്കുവേണ്ടി പ്രത്യേകം നമസ്കാരവും ഖുതുബയും നിര്‍വഹിക്കാന്‍ നബി(സ്വ) മാതൃക കാണിച്ചുതന്നിട്ടുണ്ട്. തുറസ്സായ സ്ഥലത്തേക്ക് പശ്ചാത്താപ ചിന്തയോടും വിനയത്തോടും കൂടി പുറപ്പെടുക. രണ്ടു റക്അത്ത് ജമാഅത്തായി നമസ്കരിക്കുക. അതിനു മുമ്പ് വ്രതാനുഷ്ഠാനം, ദാനധര്‍മങ്ങള്‍ ചെയ്യല്‍, തിന്മകളില് നിന്ന് വിട്ടുനില്‍ക്കല്‍ എന്നിവ അഭികാമ്യമാണ് (മജ്മൂഅ് 5:103, ഉംദതുല്‍ ഖാരി 6:15, മുഗ്നി 2:431).
പ്രസംഗാനന്തരമാണ് നമസ്കരിക്കേണ്ടത്. പ്രസംഗത്തില്‍ പ്രാര്‍ഥനയ്ക്കാണ് പ്രാമുഖ്യം. പെരുന്നാള്‍ നമസ്കാരം പോലെ നമസ്കരിക്കണമെന്നും ശേഷം പ്രസംഗിക്കണമെന്നുമാണ് ഇമാം ശാഫിഈ 'ഉമ്മി'ല്‍ പറയുന്നത് (1:249). നമസ്കാരത്തില്‍ ഉറക്കെ ഓതണം (ഫത്ഹുല്‍ബാരി 2:412). പ്രാര്‍ഥനാവേളയില്‍ ഇമാം ഖിബ്ലക്ക് അഭിമുഖമായി നില്‍ക്കുകയും കൈ ഉയര്‍ത്തി പ്രാര്‍ഥിക്കുകയും വേണം.
''ഒരു ദിവസം നബി(സ്വ) മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ പുറപ്പെട്ടു. അപ്പോള്‍ ജനങ്ങള്‍ക്കു പ്രതിമുഖമായി ഖിബ്ലയ്ക്ക് അഭിമുഖമായി നിന്ന് അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. അതിനിടയില്‍ അദ്ദേഹം തന്റെ ശിരോവസ്ത്രം തല മാറ്റിപ്പിടിച്ചു. എന്നിട്ട് രണ്ടു റക്അത്ത് നമസ്കരിച്ചു'' (മുസ്ലിം 894).
അനസ്(റ) പറയുന്നു: ''പ്രാര്‍ഥനയില്‍ നബി(സ്വ) ഇരുകരങ്ങളും ഉയര്‍ത്തുന്നതു ഞാന്‍ കണ്ടു; അവിടുത്തെ ഇരുകക്ഷങ്ങളിലെ വെളുപ്പ് നിറം കാണപ്പെടും വിധം'' (മുസ്ലിം).
അനസ്(റ) പറയുന്നു: ''മഴയ്ക്കുവേണ്ടിയുള്ള പ്രാര്‍ഥനയിലല്ലാതെ നബി(സ്വ) ഇരു കരങ്ങളും ഉയര്‍ത്തിയിരുന്നില്ല. അവിടുത്തെ ഇരുകക്ഷത്തിലെ വെളുപ്പു നിറം കാണപ്പെടുമായിരുന്നു.''
മഴയ്ക്കുവേണ്ടിയുള്ള പ്രാര്‍ഥന സമൂഹത്തിലെ ഏറ്റവുംവലിയ ഭക്തനെയും പ്രായക്കൂടുതലുള്ള വ്യക്തിയെയും കൊണ്ട് ചെയ്യിക്കാവുന്നതാണ്. ഉമറി(റ)ന്റെ ഖിലാഫത്തുകാലത്ത് മഴക്കുവേണ്ടി പ്രാര്ഥിക്കേണ്ടി വന്നപ്പോള്‍ അബ്ബാസി(റ)നെയാണ് ഉമര്‍(റ) നേതൃത്വം ഏല്പിച്ചത്.
അനസ്(റ) പറയുന്നു: ''വരള്‍ച്ചയുണ്ടായാല്‍ ഉമര്‍(റ) അബ്ബാസുബ്നു അബ്ദില്മുത്ത്വലിബിന്റെ നേതൃത്വത്തില്‍ മഴയ്ക്കുവേണ്ടി പ്രാര്‍ഥിപ്പിച്ചിരുന്നു. അദ്ദേഹം പറയുമായിരുന്നു: അല്ലാഹുവേ, ഞങ്ങള്‍ ഞങ്ങളുടെ പ്രവാചകന് മുഖേനയാണ് നിന്നോട് പ്രാര്‍ഥിച്ചിരുന്നത്. എന്നിട്ട് നീ ഞങ്ങള്‍ക്ക് മഴ തന്നിരുന്നു. ഇപ്പോള്‍ പ്രവാചകന്റെ പിതൃവ്യന് മുഖേന നിന്നോട് പ്രാര്‍ഥിക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് മഴ തരേണമേ. അനസ്(റ) പറയുന്നു: അങ്ങനെ അവര്‍ക്ക് മഴ ലഭിച്ചിരുന്നു'' (ബുഖാരി: 964).
ഈ ഹദീസിന്റെ നിജസ്ഥിതി അറിയാതെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. ജീവിച്ചിരുന്ന കാലത്ത് പ്രവാചകന് പ്രാര്‍ഥിച്ചു. മഴ ലഭിച്ചു. ഇപ്പോള്‍ പ്രവാചകന് ജീവിച്ചിരിപ്പില്ലാത്തതിനാല്‍ ജീവിച്ചിരിക്കുന്നവരില്‍ കൂടുതല്‍ ഭക്തനെന്ന് ജനസമ്മതിനേടിയ ഒരാളെ പ്രാര്‍ഥനയുടെ നേതൃത്വം ഏല്പിച്ചു. ഇതില്‍ ഒരു തെറ്റുമില്ലെന്നു മാത്രമല്ല, അങ്ങനെയാണ് ചെയ്യേണ്ടതും. ജീവിച്ചിരുന്ന കാലത്ത് പ്രവാചകന് പ്രാര്‍ഥിച്ചപ്പോള്‍ മഴ കിട്ടിയതിനാല്‍ മരണാനന്തരവും പ്രവാചകനോട് പ്രാര്‍ഥിക്കുകയോ പ്രവാചകന്റെ 'ഹഖ്, ജാഹ്' എന്നിവ പറയുകയോ ചെയ്തിരുന്നുവെങ്കില്‍ അത് മതവിരുദ്ധ നടപടിയാകുമായിരുന്നു. ഏതുകാര്യത്തിലും നമുക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ ജീവിച്ചിരിക്കുന്നവരോട് ആവശ്യപ്പെടാം.
ഇവിടെ ഉമര്‍(റ) പ്രാര്‍ഥിച്ചതു മഴക്കുവേണ്ടിയാണ്. കൂടാതെ അബ്ബാസി(റ)നോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. അന്ന് അബ്ബാസ്(റ) ഇപ്രകാരം പ്രാര്‍ഥിച്ചതായി ചരിത്രത്തില്‍ കാണാം. ''അല്ലാഹുവേ, പാപം കൊണ്ടല്ലാതെ വിപത്ത് വരില്ല. പശ്ചാത്താപം കൊണ്ടല്ലാതെ അത് നീങ്ങുകയുമില്ല.''
മഴയ്ക്കുവേണ്ടി നബി(സ്വ) പല തരത്തിലും പ്രാര്‍ഥിച്ചതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുമ്മ അസ്ഖിനാ ഗൈസന്‍ മുഗീന്‍ മരീഅന്‍ മുരീഗന്‍, നാഫിഅന്‍ ഗൈറ ദാര്രിന് ആജിലന്‍ ഗൈറ ആജിലിന്‍ (അല്ലാഹുവേ ഗുണകരവും സുഖപ്രദവും ആരോഗ്യകരവുമായ മഴ ഞങ്ങള്‍ക്ക് കാലതാമസമില്ലതെ ഉടനെ നല്കേണമേ. അത് ഉപദ്രവകരമാക്കരുതേ).
അല്ലാഹുമ്മ സ്വയ്യിബന്‍ നാഫിഅന്‍ (അല്ലാഹുവേ ഉപകാരപ്രദമായ മഴ നല്കേണമേ) (ബുഖാരി 1032).
മഴ അധികമായാല്‍ അത് നിര്‍ത്തുന്നതിനു വേണ്ടിയും അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. അല്ലാഹുമ്മ ഹവാലൈനാ, ലാ അലൈനാ (അല്ലാഹുവേ, ഞങ്ങള്‍ക്കല്ല, ഇനി ഇത് ഞങ്ങള്‍ക്കു ചുറ്റിലുമുള്ളവര്‍ക്കായി മാറ്റേണമേ) (ബുഖാരി 933).
അല്ലാഹുമ്മ അലല്‍ ആകാമി വദ്ദ്വറാബി, വബുത്വൂനില്‍ ഔദിയതി വമനാബിതി ശ്ശജര്‍ (അല്ലാഹുവേ മേച്ചില്‍ സ്ഥലങ്ങളിലും മലകളിലും താഴ്വരകളിലും മരങ്ങളുടെ വേരുകളിലും ഈ മഴയെ ആക്കേണമേ).