ഭരണാരംഭത്തില്‍ അക്ബര്‍ തികഞ്ഞ ദൈവവിശ്വാസിയും മതപ്രഭാഷണ തത്പ്പരനുമായിരുന്നു. 1575ല്‍ മതപ്രസംഗം കേള്‍ക്കാനായി മാത്രം ഇബാദത്ത് ഖാന (പ്രാര്‍ത്ഥനാ മന്ദിരം) അക്ബര്‍ നിര്‍മിച്ചു. തീര്‍ഥാടനങ്ങള്‍ നടത്തുകയും നമസ്‌കാരാദി ആരാധനകളില്‍ കൃത്യനഷ്ഠ പുലര്‍ത്തുകയും ചെയ്തു.
ഇബാദത്ത് ഖാനകളില്‍ മുസ്‌ലിം പണ്ഡിതരുടെ സംവാദങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. എന്നാല്‍ പണ്ഡിതര്‍ക്കിടയില്‍ ദൃശ്യമായ അസഹിഷ്ണുതയും ശണ്ഠയും അദ്ദേഹത്തെ നിരാശനാക്കി. പിന്നീട് വിവിധ മത വിഭാഗങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയും സംവാദവുമാക്കി. അല്ലാഹുവും ഖുര്‍ആനും പരലോകവുമെല്ലാം വിഷയങ്ങളായി.
എന്നാല്‍ ചര്‍ച്ച ഒട്ടും ആശാവഹമായില്ല. വാക്കേറ്റവും പ്രകോപനവും ശീലമാക്കിയ പണ്ഡിതര്‍ ചക്രവര്‍ത്തിയെ വേദനിപ്പിച്ചു. വൈകാതെ ഇബാദത്ത് ഖാന പൂട്ടുകയും ചെയ്തു.
മതത്തിലെ യാഥാസ്ഥികതയാണ് പുതിയ ചിന്തക്ക് അക്ബറിനെ പ്രേരിപ്പിച്ചതെന്ന് പറയാം. അബുല്‍ ഫദ്‌ലും അബുല്‍ ഫത്ഹും പ്രേരണ നല്കുകകൂടി ചെയ്തപ്പോഴാണ് 'തൗഹീദേ ഇലാഹി' രൂപം കൊണ്ടത്. ചിലര്‍ ഇതിനെ പുതിയൊരു മതമായി പരിചയപ്പെടുത്തുകയും ദീനെ ഇലാഹി എന്ന് പേരു നല്കുകയുംചെയ്തു. തൗഹീദ് എന്ന സ്ഥാനത്ത് ദീന്‍ എന്നുപയോഗിച്ചത് എട്ടു ദശാബ്ദം കഴിഞ്ഞാണ്. ഇതിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. അക്ബറിനെ 'നീതിമാനായ ഇമാമും' 'പാപസുരക്ഷിതനു'മായി ഈ ദര്‍ശനം അവതരിപ്പിച്ചു.
എന്നാല്‍ ഏതാനും സ്തുതി പാഠകര്‍ മാത്രമാണ് ഇതിനെ പിന്തുണച്ചത്. ഹിന്ദുക്കളും മുസ്‌ലിംകളും ഒരുപോലെ ഇതിനെ അവഗണിച്ചു. അക്ബറിന്റെ മരണത്തോടെ ദീനേ ഇലാഹിയും ചരമം പൂണ്ടു.