അറിവിനോടുള്ള അടങ്ങാത്ത അഭിവാഞ്ച മൂലം, വിജ്ഞാനത്തിന്റെ അതിരില്ലാത്ത ആകാശം തേടി യാത്ര പോയവരാണ് ഇന്ത്യയിലെ ഹദീസ് പണ്ഡിതന്മാര്‍.
അറബ് രാജ്യങ്ങളും യൂറോപ്പും മുസ്‌ലിം പണ്ഡിതരാല്‍ അറിവും ഊര്‍ജവും നേടി പടര്‍ന്ന് പന്തലിച്ചപ്പോള്‍, വിജ്ഞാനത്തിന്റെ മധുകണം തേടി ഇന്ത്യക്കാര്‍ അറബ് രാജ്യങ്ങളിലേക്ക് നാടും വീടും വിട്ട്, ജീവന്‍ പണയം വെച്ച് യാത്ര ചെയ്തു.
അറിവന്വേഷിച്ച് ഇന്ത്യ വിട്ട് യാത്ര പോയവരൊക്കെ സ്വദേശത്തേക്ക് മടങ്ങി വരുകയും ആര്‍ജിച്ചെടൂത്ത വിജ്ഞാനം പ്രചരിപ്പിക്കുവാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയും രചനകള്‍ നടത്തിയും തങ്ങളുടെ ലക്ഷ്യം ഇവര്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരുന്നു. ഗുരുക്കന്മാരുടെ പുറകെ ശിഷ്യരും അറബ് നാടുകള്‍ സന്ദര്‍ശിക്കുകയും വര്‍ഷങ്ങളോളം അവിടെ താമസിച്ച് പഠന പാഠനങ്ങളില്‍ മുഴുകുകയും ചെയ്തു. ഇന്ത്യയിലെ പണ്ഡിതരില്‍ നിന്ന് ആവോളം അറിവ് നുകര്‍ന്ന ചിലര്‍ ജന്മദേശം വിട്ട് മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറി അവിടെ അറിവിന്റെ വിത്തുകള്‍ പാകി.
ശാഹ് വലിയുല്ലാഹ് അദ്ദഹ്‌ലവി, അന്‍വര്‍ ശാഹ് കാശ്മീരി, ഗുലാം അലി ആസാദ് അല്‍ ബല്‍ഗറാമി, നവാബ് സ്വിദ്ദീഖ് ഹസന്‍ ഖാന്‍,… തുടങ്ങിയവര്‍ ആ കൂട്ടത്തില്‍ പ്രമുഖരായിരുന്നു. വലിയ ഒരു വിഭാഗം പണ്ഡിതരുടെ ചരിത്രം ലഭ്യമാണെങ്കിലും ഈ വേലിയേറ്റത്തിനു തുടക്കം കുറിച്ച മഹാത്യാഗികളായ സാത്വികരെ ചരിത്രം ഓര്‍ക്കാത്തത് വലിയ നഷ്ടമാണ്. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് അറിവിന്റെ വെള്ളിവെളിച്ചം നല്‍കിയ ദാറുല്‍ഉലൂം, ദുയൂബന്ദ്, മദ്വാഹിറുല്‍ ഉലൂം സഹാറന്‍പൂര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെയൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ നിസ്വാര്‍ഥമതികളായ പണ്ഡിതരായിരുന്നു.
ഒരേ സമയം വിവിധ സ്ഥാപനങ്ങളില്‍ സേവനം ചെയ്യുകയും ബൃഹത്തായ ഗ്രന്ഥരചനയില്‍ മുഴുകുകയും ചെയ്ത ഈ മഹാരഥന്മാരാണ് ഇന്ത്യയിലെ ഹദീസ് വിജ്ഞാനീയത്തെ ലോകത്തിനു മുന്നിലേക്കെത്തിക്കുകയും നേരായ മാര്‍ഗത്തില്‍ വഴി നടത്തുകയും ചെയ്തവര്‍.