ഭരണം വ്യവസ്ഥാപിതമാക്കി വിശാലമായ സാമ്രാജ്യത്തെ നിയന്ത്രിച്ചതാണ് അക്ബറിന്റെ മഹത്വത്തിന് നിദാനം. രാജ്യത്തെ 18 സൂബകളാക്കി (സ്റ്റെയ്റ്റ്) വിഭജിച്ചു. ഓരോ സൂബകളിലും ഗവര്‍ണര്‍മാരെയും നിശ്ചയിച്ചു. ഭരണത്തിന്റെ തലപ്പത്ത് ചക്രവര്‍ത്തി തന്നെ. താഴെ പ്രധാനമന്ത്രി(വക്കീല്‍)യും ധനകാര്യമന്ത്രി(വസീര്‍)യും.
സൈന്യത്തെ മൂന്നു വിഭാഗമാക്കി. ഒന്ന്: വ്യവസ്ഥാപിതസൈന്യം, ഇത് ചക്രവര്‍ത്തിയുടെ കൂടെ തലസ്ഥാനത്തുണ്ടായിരിക്കും. രണ്ട്: ഉദ്യോഗസ്ഥരെയും മറ്റും സഹായിക്കാനുള്ള മന്‍സിബ് ദാരികളുടെ സൈന്യം. മൂന്ന് ഹിന്ദുസാമന്തരാജ്യങ്ങളുടെ സൈന്യം. കാലാള്‍പട, ആനപ്പട, കുതിരപ്പട, പീരങ്കിപ്പട, നാവികപ്പട എന്നിവ സൈന്യത്തിലുള്‍പ്പെട്ടിരുന്നു.
ഉദ്യോഗസ്ഥര്‍ മന്‍സബ്ദാര്‍ എന്ന പേരിലറിയപ്പെട്ടു. ഇവരെ 33 വിഭാഗങ്ങളാക്കി തിരിച്ചു. ദസ്ഹസാരിയാണ് ഉയര്‍ന്ന വിഭാഗം. ദസ് താഴ്ന്ന വിഭാഗവും. റവന്യൂ സമ്പ്രദായം വ്യവസ്ഥാപിതമാക്കി. കൃഷിയും കച്ചവടവും പ്രോത്സാഹിപ്പിച്ച അക്ബര്‍ ഭരണം ജനകീയമാക്കി.
അക്ബര്‍ നിരക്ഷരനായിരുന്നുവെന്ന് കൊട്ടാര ചരിത്രകാരന്‍ അബുല്‍ഫസ്ല്‍ പറയുന്നുണ്ട്. എന്നാല്‍ വിജ്ഞാനവും സാഹിത്യവും ഇക്കാലത്ത് പൂത്തുലഞ്ഞു നിന്നു. ഇന്ത്യയിലെ മറ്റൊരു ചക്രവര്‍ത്തിയുടെ കാലത്തും സാഹിത്യവിജ്ഞാനീയം ഇത്രമേല്‍ വികാസം കൊണ്ടിട്ടില്ല.
അക്ബറിന്റെ ദര്‍ബാര്‍ പണ്ഡിതരാല്‍ ധന്യമായിരുന്നു. സൂഫിസത്തിന്റെ ഉപജ്ഞാതാവ് ശൈഖ് മുബാറക്കിന്റെ പുത്രന്‍മാരായ അബുല്‍ ഫദ്‌ലും സഹോദരന്‍ ഫൈസിയും തന്നെയായിരുന്നു ഇതിലെ തിളങ്ങും താരങ്ങള്‍. 99 ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നു ഫൈസി. അക്ബര്‍ കാലഘട്ടത്തിന്റെ ചരിത്രം വിസ്മയാവഹമായി എഴുതിയ 'അയ്‌നേ അക്ബരി'യും ഇതില്‍ പ്രധാനമാണ്. അബ്ദുല്‍ ഖാദിര്‍ ബദായൂനിയാണ് മറ്റൊരു ചരിത്രകാരന്‍. ബീര്‍ബല്‍ എന്ന പേരില്‍ പ്രസിദ്ധനായ മഹേഷ്ദാസ് ദര്‍ബാറിലെ നക്ഷത്രമായിരുന്നു. മുജദ്ദിദ് അല്‍ഫസാനി, ഷാ അബ്ദുല്‍ ഹഖ് എന്നിവരായിരുന്നു അക്കാലത്തെ വിശ്രുതപണ്ഡിതര്‍. ഹിന്ദി കവികളായ തുളസീദാസും സുന്ദര്‍ദാസുമാണ് മറ്റു പ്രഗല്‍ഭര്‍.
ആഗ്ര കോട്ട, ഫകഹ്പൂര്‍ സിക്രി, ഹുമയൂണ്‍ കല്ലറ, ലാഹോര്‍, ശ്രീനഗര്‍ കോട്ടകള്‍ തുടങ്ങിയവ ശില്പകലയുടെ മകുടോദഹരണങ്ങളായി പരിലസിക്കുന്നു. അറബി, സംസ്‌കൃതം, ഗ്രീക്ക് ഭാഷകളിലെ ഒട്ടുമിക്ക ഗ്രന്ഥങ്ങളും പേര്‍ഷ്യനിലാക്കിയതും അക്ബറിന്റെ നിര്‍ദ്ദേശമനുസരിച്ചാണ്.