Skip to main content

മൈസൂര്‍ ഭരണത്തിന്റെ നേട്ടങ്ങള്‍

പതിനെട്ടാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ (1761-1799) മൈസൂരില്‍ ഉയര്‍ന്നുവന്നതാണ് സുല്‍ത്വനത്ത് ഖുദാദാത്ത് അഥവാ ദൈവദത്ത ഭരണകൂടം. വൈദേശികാധിപത്യത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ ഒരു പിതാവും പുത്രനും (ഹൈദരലിയും ടിപ്പുവും) നാലു പതിറ്റാണ്ടാണ് ഭരണം നടത്തിയത്.

ഇംഗ്ലീഷുകാര്‍ക്കെതിരെ ചെറിയ കാലയളവിനിടെത്തന്നെ നാലു യുദ്ധപരമ്പരകള്‍ നടത്തി. ചരിത്രത്തില്‍ ആംഗ്ലോ-മൈസൂര്‍ യുദ്ധങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇതിനു പുറമെ ആധുനിക ആശയങ്ങള്‍ നടപ്പാക്കുക വഴി മൈസൂരിനെ പുരോഗതിയുടെയും വികസനത്തിന്റെയും പാതയിലേക്ക് നയിക്കാനും ഇവര്‍ക്ക് കഴിഞ്ഞു.

മലബാര്‍ ഉള്‍പ്പെടെ മൈസൂരിനു കീഴിലുള്ള പ്രദേശങ്ങളില്‍ ജന്മിത്തത്തിനെതിരെ ടിപ്പു പോരാടി. കൃഷിഭൂമി യഥാര്‍ത്ഥ കര്‍ഷകര്‍ക്കു നല്‍കി. കൃഷി നാടിന്റെ ജീവരക്തമാണെന്ന് ഒരു ഉത്തരവില്‍ അദ്ദേഹം പറയുന്നുണ്ട്. കൃഷിയുപകരണങ്ങള്‍ വാങ്ങാന്‍ വായ്പ, നാട്ടിലില്ലാത്തവ ഉത്പാദിപ്പിക്കുന്നവര്‍ക്ക് നികുതിയിളവ്, എന്തെങ്കിലും കുറ്റങ്ങള്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് രണ്ട് മാവ്, രണ്ട് ബദാം എന്നീ മരങ്ങള്‍ പാതയോരത്ത് നട്ടുവളര്‍ത്തുക എന്നതു ശിക്ഷയായി നല്കുക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ടിപ്പു നടപ്പിലാക്കി. ശ്രീരംഗപട്ടണത്ത് കാവേരി നദിയില്‍ കാര്‍ഷിക ജലസേചനത്തിനായി അണക്കെട്ട് നിര്‍മ്മിച്ചിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫാക്ടറികള്‍ സ്ഥാപിച്ചു. 30 എണ്ണം മൈസൂര്‍ ഭരണപ്രദേശത്തും 17 എണ്ണം പുറത്തും. യുദ്ധസാമഗ്രികള്‍ മുഴുവന്‍ രാജ്യത്തിനകത്തു തന്നെ നിര്‍മിക്കുന്നു. കപ്പല്‍ സ്വന്തമായി പണിതുണ്ടാക്കാനും നിര്‍ദേശിച്ചു. പതിനായിരത്തോളം അംഗങ്ങളടങ്ങുന്ന നാവികസേന ടിപ്പുവിനുണ്ടായിരുന്നു.

കുടില്‍ വ്യവസായങ്ങളും പ്രോത്സാഹിപ്പിച്ചു. പട്ടു നിര്‍മ്മാണം, പട്ടുനൂല്‍പുഴു വളര്‍ത്തല്‍, നെയ്ത്ത്, ഗ്ലാസ് നിര്‍മാണം, കടലാസ് നിര്‍മാണം എന്നിവ ഇതില്‍ പെടുന്നു. തൊഴിലാളികളെ കോളനികളില്‍ താമസിപ്പിക്കുകയും വിദേശ വിദഗ്ധരെ പരിശീലനം നല്‍കാനായി വരുത്തുകയും ചെയ്തു.

കടല്‍ത്തീരങ്ങളെയും മലമ്പ്രദേശങ്ങളെയും ബന്ധിപ്പിച്ച് റോഡുകള്‍ നിര്‍മ്മിച്ചത് ടിപ്പുവാണ്. മലബാറില്‍ മാത്രം പത്തിലധികം വന്‍പാതകള്‍ പണിതു. പുഴകളെയും തോടുകളെയും ബന്ധിപ്പിച്ച് ജലഗതാഗത മാര്‍ഗം പണിയാനും ടിപ്പു ഒരുങ്ങി. ഇത് പിന്നീട് യാഥാര്‍ത്ഥ്യമാക്കിയത് ബ്രിട്ടീഷുകാരായിരുന്നു.

സൈനിക താവളങ്ങളായ കോട്ടകളാണ് ടിപ്പുവിന്റെ മറ്റൊരു സംഭാവന. ഹുസൂര്‍, റായ്‌ക്കോട്ട്, ജഗദേവീ പാളയം തുടങ്ങി മലബാറിലെ പാലക്കാട്ട് വരെയുള്ള ടിപ്പു കോട്ടകള്‍  ബ്രിട്ടീഷ് ഗവേഷകരായ തോമസ് ഡാനിയേലിനേയും വില്യം ഡാനിയേലിനെയും വരെ അത്ഭുതപ്പെടുത്തിയിരുന്നു.

ശ്രീരംഗപട്ടണത്തിലെ ടിപ്പുവിന്റെ ലൈബ്രറിയില്‍ അക്കാലത്ത് ലഭ്യമായ മുഴുവന്‍ വിജ്ഞാന ശാഖകളിലെയും ഗ്രന്ഥങ്ങള്‍ അടങ്ങുന്നതായിരുന്നു. യൂറോപ്യന്‍ ഭാഷകളിലെ 45 ഗ്രന്ഥങ്ങള്‍ തന്റെ ഇംഗ്ലീഷുകാരായ തടവുകാരെക്കൊണ്ട് ഭാഷാന്തരം ചെയ്യിച്ചു.

മദ്യം, കഞ്ചാവ്, ലഹരിവസ്തുക്കള്‍ എന്നിവ നിരോധിക്കുകയും അവ ഉപയോഗിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

മലബാറിലെ സ്ത്രീകള്‍ മാറുമറക്കാറില്ലെന്ന വിവരം ലഭിച്ചപ്പോള്‍ ടിപ്പു 1765ല്‍ തന്നെ ഗവര്‍ണര്‍ക്ക് ഇങ്ങനെ എഴുതി: 'മലബാറിലെ സ്ത്രീകള്‍ മാറുമറക്കാത്തത് ദാരിദ്ര്യം കൊണ്ടാണെങ്കില്‍ അതിനാവശ്യമായ സഹായം നല്‍കണം. മതാചാരമനുസരിച്ചാണെങ്കില്‍ പണ്ഡിതന്‍മാരെക്കൊണ്ട് അവ ഇല്ലാതാക്കണം.'

ഇത്, പിന്നീട് കുപ്പായമിടീച്ച് ടിപ്പു ഹിന്ദു സ്ത്രീകളെ മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്ന രീതിയില്‍ തെറ്റായി പ്രചരിക്കപ്പെട്ടു.

 

Feedback
  • Sunday Nov 24, 2024
  • Jumada al-Ula 22 1446