ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹി ചരിത്രത്തിലിടം പിടിച്ച വിവിധ നാഗരികതകളുടെ വിളനിലമായി നിലകൊണ്ട ഒരു നഗരമാണ്. ഹൈന്ദവ മിത്തുകളിലൊന്നായ മഹാഭാരതത്തിലെ പാണ്ഡവ തലസ്ഥാനമായ ഇന്ദ്രപ്രസ്ഥമാണ് ഡല്‍ഹി എന്നത് ഐതിഹ്യമാണെങ്കിലും മണ്ണടിഞ്ഞുപോയ പുരാതനമായ ഹാരപ്പന്‍ നാഗരികതയുടെ ഭാഗമായി വിരാജിച്ച പ്രദേശമായി ഡല്‍ഹി ഗണിക്കപ്പെട്ടുവരുന്നു. ഏതായിരുന്നാലും ചരിത്രത്തില്‍ നിരവധി തവണ നിര്‍മിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും പുനര്‍നിര്‍മിക്കപ്പെടുകയും ചെയ്ത ലോകത്തെ പുരാതന നഗരങ്ങളിലൊന്നാണ് ഡല്‍ഹി എന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. ഈ പുരാതന നഗരത്തിന്റെ സുദീര്‍ഘചരിത്രത്തില്‍ ആറര നൂറ്റാണ്ട് (പതിമൂന്ന് മുതല്‍ പത്തൊന്‍പതു വരെ നൂറ്റാണ്ടുകള്‍) ഭരണം നടത്തിയത് മുസ്‌ലിം ഭരണാധികാരികളായിരുന്നു. ലോകനാഗരികതയ്ക്ക് മുസ്‌ലിംകള്‍ നല്‍കിയ വൈവിധ്യമാര്‍ന്ന സംഭാവനകളില്‍ ഡല്‍ഹി നഗരത്തിനും അതിന്റേതായ സ്ഥാനമുണ്ട്.
ക്രിസ്താബ്ദം 1206 മുതല്‍ 1526 വരെ മംലൂക്, ഖില്‍ജി, തുഗ്ലക്, സയ്യിദ്, ലോദി എന്നീ വംശങ്ങളിലൂടെ കൈമാറിവന്ന ഭരണത്തിന്റെ സിരാകേന്ദ്രം പ്രധാനമായും ഡല്‍ഹിയായിരുന്നു. Delhi Sultanate എന്നാണ് അതറിയപ്പെട്ടിരുന്നത്. 1526 ല്‍ പാനിപ്പറ്റില്‍ വെച്ച് ഇബ്‌റാഹീം ലോദിയെ തോല്പിച്ച് ഇന്ത്യാ ഉപഭൂഖണ്ഡത്തിലേക്ക് കടന്ന ബാബര്‍ തുടക്കം കുറിച്ച മുഗള്‍ ഭരണ കൂടമാണ് പിന്നീട് 1857 ല്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് രാജ് പൂര്‍ണമായി സ്ഥാപിതാമാവുന്നത് വരെ ഡല്‍ഹി ആസ്ഥാനമായി ഇന്ത്യ ഭരിച്ചത്. നിരവധി പട്ടണങ്ങളുടെ സമുച്ചയമാണ് ഡല്‍ഹി എന്നു പറയാം. ആഗ്ര, ഫതേപൂര്‍, ലാഹോര്‍ എന്നിവയൊക്കെ മുഗള്‍ തലസ്ഥാനമായിരുന്നുവെങ്കിലും 1648 മുതല്‍ 1857 വരെ ഭരണ കേന്ദ്രമാക്കിയ ഡല്‍ഹിയിലെ ഷാജഹാനാബാദ് ആയിരുന്നു യഥാര്‍ഥ ഡല്‍ഹി. ചെങ്കോട്ടയും ചാന്ദ്‌നി ചൗക്കും ഉള്‍കൊള്ളുന്ന ഇന്നത്തെ ഓള്‍ഡ് ഡല്‍ഹി (പുരാനി ദില്ലി)യാണ് ചരിത്രത്തിന്റെ ശേഷിപ്പ് അടയാളപ്പെടുത്തിയ പട്ടണം. 1639 ല്‍ തുടങ്ങി 1668 ല്‍ പൂര്‍ത്തിയാക്കിയ നിര്‍മിത ഡല്‍ഹിക്ക് ചുറ്റുമതിലും നിരവധി ഗെയ്റ്റുകളും ഉണ്ടായിരുന്നു. ഡല്‍ഹി ഗെയ്റ്റ്, കാബൂള്‍ ഗെയ്റ്റ്, കശ്മീരി ഗെയ്റ്റ്, അജ്മീര്‍ ഗെയ്റ്റ് എന്നിവ ഉദാഹരണം. പ്രഭു കുടുംബങ്ങള്‍, രാജകീയ കോടതി, പ്രൗഢമായ മസ്ജിദുകള്‍, മനോഹരമായ ഉദ്യാനങ്ങള്‍ മുതലായവ കൊണ്ട് ധന്യമാക്കിയ, യമുനാ തീരത്ത് തലയുയര്‍ത്തി നില്ക്കുന്ന പുരാതന ഡല്‍ഹി മുസ്‌ലിം ഭരണാധികാരികളുടെ നഗരസംവിധാനത്തിന്റെ മകുടോദാഹരണം കൂടിയാണ്.
ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക. ഡമസ്‌കസ്, കൊര്‍ദോവ, ബഗ്ദാദ് പോലെ ഇസ്‌ലാമിക ഖിലഫത്തായിരുന്നില്ല, മറിച്ച് തികച്ചും മതേതരമായ ഭരണമായിരുന്നു ഡല്‍ഹിയിലെ മുസ്‌ലിം ചക്രവര്‍ത്തിമാര്‍ നടത്തിയത്. മധ്യേഷ്യയില്‍ നിന്നെത്തിയ മംഗോളിയന്‍ വേരുള്ള തിമൂര്‍ വംശജനായ ബാബര്‍ തികച്ചും രാഷ്ട്രീയമായിട്ടാണ് ഇവിടെ എത്തിയിട്ടുള്ളതും രാജ്യം ഭരിച്ചതും. ഒരു നൂറ്റാണ്ട് ബ്രിട്ടീഷ് രാജിനു ശേഷം ആറരപതിറ്റാണ്ട് സ്വതന്ത്ര ഇന്ത്യാ ഭരണവും കഴിഞ്ഞിട്ടും ശാജഹാനാബാദിന്റെ ശേഷിപ്പുകളായി നിലകൊള്ളുന്ന താജ്മഹല്‍, ആഗ്രകോട്ട, ചെങ്കോട്ട, ജുമാ മസ്ജിദ്, കുത്തബ് മീനാര്‍ തുടങ്ങിയവ ഇന്ത്യയുടെ പ്രതീകങ്ങളായി ലോകം അംഗീകരിക്കുന്നു. ലോകനാഗരികതയ്ക്ക് മുസ്‌ലിംകള്‍ നല്‍കിയ പൈതൃകമായി ഇന്റോ പേര്‍ഷ്യന്‍ കരവിരുതുകളില്‍ ഇന്ത്യ എഴുന്നേറ്റു നില്ക്കുന്നു.