Skip to main content

കൊര്‍ഡോവ

മധ്യനൂറ്റാണ്ടുകളില്‍ ലോകത്തിന്റെ നെറുകയില്‍ തിളങ്ങി നിന്ന നഗരങ്ങളില്‍ ഒന്നാണ് അന്തലൂസിയയിലെ കൊര്‍ഡോവ. ദക്ഷിണ സ്‌പെയിനിലെ വിശാലമായ ഒരു പ്രദേശമാണ് അന്‍ദലൂസിയ. സ്‌പെയിന്‍ എന്നതിന് അറബിയില്‍ ഉന്‍ദുലൂസ് എന്ന് പേരുവരാന്‍ കാരണം ഇതുതന്നെ. എട്ടുമുതല്‍ പതിമൂന്നു വരെ നൂറ്റാണ്ടുകളില്‍ ബനൂഉമയ്യ ഖിലാഫത്തിന്റെ യൂറോപ്പിലെ ആസ്ഥാനമായി വിരാജിച്ച കൊര്‍ഡോവ (ഖുര്‍തുബ)യ്ക്ക് വളരെ പ്രാചീനകാലത്തേക്ക് നീണ്ടു കിടക്കുന്ന സാംസ്‌കാരിക വേരുകളുണ്ട്. നിയാണ്ടര്‍ താല്‍ മനുഷ്യര്‍ വസിച്ചിരുന്നത് ഇവിടെയാണെന്ന് പറയപ്പെടുന്നു. ബി.സി 206ല്‍ റോമക്കാര്‍ കീഴടക്കിയ കൊര്‍ഡോവ ജൂലിയസ് സീസറുടെ കാലത്ത് റോമിന്റെ തലസ്ഥാന നഗരിയായിരുന്നു.

ഡമസ്‌കസ് ആസ്ഥാനമായ മുസ്‌ലിം രാജ്യം ബനൂഉമയ്യാ ഖലീഫമാരുടെ ഭരണത്തിന്‍ കീഴിലായ കാലഘട്ടത്തിലാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്ക് കടന്ന് മുസ്‌ലിംകള്‍ യൂറോപ്പിലെത്തുന്നത്. ദക്ഷിണ സ്‌പെയിനിലെ അന്‍ദലൂസിയയിലാണ് എഡി. 711 ല്‍ ആദ്യമായി മുസ്‌ലിംകള്‍ പ്രവേശിച്ചത്. കൊര്‍ഡോവ കേന്ദ്രമാക്കി യൂറോപ്പില്‍ ഒരു മുസ്‌ലിം രാജ്യം ഉയര്‍ന്നുവന്നു; സ്‌പെയിന്‍. 711 മുതല്‍ 1031 വരെ മുസ്‌ലിം ഭരണം നില നിന്ന കാലത്തെ സൂചിപ്പിച്ചു കൊണ്ട് 'മുസ്‌ലിം സ്‌പെയിന്‍' എന്ന് പറയാറുണ്ട്. 716 ല്‍ ഡമസ്‌കസിന്റെ പ്രദേശിക തലസ്ഥാനമായി കൊര്‍ഡോവയെ അംഗീകരിച്ചു. 766 ല്‍ കൊര്‍ഡോവ സ്വതന്ത്ര  ആസ്ഥാനമായിത്തീര്‍ന്നു.

മുസ്‌ലിം ഭരണകാലത്ത് കൊര്‍ഡോവ പട്ടണം  ലോകകോത്തര നഗരമായി വികസിപ്പിച്ചു. നഗരവത്ക്കരണം എന്നതിലപ്പുറം ലോകത്തിന്റെ വിജ്ഞാന വിദ്യാഭ്യാസ കേന്ദ്രമായി കൊര്‍ഡോവ ഉയര്‍ന്നു. കൊര്‍ഡോവ സര്‍വകലാശാലയിലേക്ക് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പഠിതാക്കളെത്തി. ബൃഹത്തായ ലൈബ്രറിയും പ്രശസ്തരായ അധ്യാപകരും കൊര്‍ഡോവയെ പ്രശസ്തമാക്കി. ആധുനിക കാലത്ത് ഓക്‌സ്ഫഡ്, കേംബ്രിഡ്ജ് എന്നതു പോലെയായിരുന്നു അന്ന് കൊര്‍ഡോവയും ബഗ്ദാദും. ഭരണസിരാകേന്ദ്രം എന്നതിനേക്കാള്‍ വൈജ്ഞാനിക-സാംകാരിക തലസ്ഥാനമായിരുന്നു കൊര്‍ദോവ. അബ്ദുര്‍റഹ്മാന്‍ ഒന്നാമന്‍ 784 ല്‍ നിര്‍മിച്ച ഗ്രാന്റ് മോസ്‌ക്  കൊര്‍ഡോവയുടെ അലങ്കാരമായി. ക്രൈസ്തവര്‍ക്ക് ആരാധനക്കായി അതിന്റെ ഒരു ഭാഗം അനുവദിക്കുകയായിരുന്നു. അക്കാരണത്താല്‍ മോസ്‌ക് കത്ത്രീഡല്‍ എന്നായിരുന്നു അത് അറിയപ്പെട്ടത്. എഡി.1008 മുതല്‍ അമവീ ഭരണം ക്ഷയോന്‍മുഖമായതോടെ കൊര്‍ഡോവയുടെ പ്രതാപവും മങ്ങി. അമവികളുടെ പതനത്തോടെ (1031) കൊര്‍ഡോവ തികച്ചും ഒറ്റപ്പെട്ട നഗരമായി അവശേഷിച്ചു.

1236 ല്‍ ഫെര്‍ഡിനന്റ് മൂന്നാമന്‍ സ്‌പെയിന്‍ കീഴടക്കിയപ്പോള്‍ സ്‌പെയിനിനെയും കൊര്‍ഡോവയെയും പൂര്‍ണമായും ക്രൈസ്തവ വത്ക്കരിക്കുകയായിരുന്നു. കൊര്‍ഡോവയുടെ സൈനികപ്രദേശങ്ങള്‍ നശിച്ചു. കൊര്‍ഡോവയുടെ തിലകമായിരുന്ന ഗ്രാന്റ് മോസ്‌ക് കേവലമൊരു റോമന്‍ കത്തോലിക്ക കത്ത്രീഡലാക്കി മാറ്റി. ലോകനാഗരികതയ്ക്ക് മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകളില്‍പെട്ടതാണ് സ്‌പെയിനിലെ കൊര്‍ഡോവയും ഇറാഖിലെ ബഗ്ദാദും അവയിലെ വിജ്ഞാന ഭണ്ഡാരങ്ങളും. പില്ക്കാലത്ത് അവയുടെ അധികാരം കൈയാളിയവര്‍ പക്ഷേ അവയുടെ പ്രാധാന്യം ഉള്‍കൊള്ളാന്‍ ശ്രമിച്ചില്ല. 
 

Feedback
  • Friday Apr 4, 2025
  • Shawwal 5 1446