Skip to main content

സൈനബ്(റ) (3-6)

സൈനബ്(റ) ഭാഗ്യവതിയായിരുന്നു കാരണം. മക്കക്കാരുടെ ആദരണീയനും അല്‍ അമീനുമായ മുഹമ്മദായിരുന്നു അവളുടെ പിതാവ്. മാതാവാകട്ടെ മക്കയിലെ സമ്പന്നയും സര്‍വാദരണീ യയുമായ ഖദീജയും. രണ്ടുപേരും ഖുറൈശി ഗോത്രം. ഉപ്പ ബനൂഹാശിമും ഉമ്മ ബനൂഅസദും. സൗന്ദര്യവതിയുമായിരുന്നു അവര്‍.

ആദ്യത്തെ സന്താനമായ സൈനബി(റ)നെ തിരുനബി(സ്വ) സ്‌നേഹപരിലാളനയില്‍ മുക്കി. സല്‍സ്വഭാവിയാക്കി വളര്‍ത്തുകയും ചെയ്തു. ക്രിസ്തുവര്‍ഷം 600ല്‍ ജനിച്ച സൈനബിന് പ്രായപൂര്‍ത്തിയായപ്പോള്‍ വിവാഹന്വേഷണം വന്നുതുടങ്ങി.  

ഖദീജ(റ)യുടെ സഹോദരി ഹാലയുടെ മകനും സദ്ഗുണ സമ്പന്നനുമായ അബുല്‍ആസ്വ് അവളെ അന്വേഷണം നടത്തി. എല്ലാവര്‍ക്കും സമ്മതമായപ്പോള്‍ വിവാഹവും നടന്നു. വ്യാപാരിയായിരുന്നു അബുല്‍ആസ്വ്. 

അങ്ങനെയിരിക്കെയാണ് നബിക്ക് പ്രവാചകത്വം ലഭിക്കുന്നത്. പ്രിയ പിതാവിന്റെ പാത സൈനബും പിന്തുടര്‍ന്നു. എന്നാല്‍ അബുല്‍ആസ്വ് വിശ്വസിച്ചില്ല. സൈനബിനെ എതിര്‍ത്തതുമില്ല. അങ്ങനെ സൈനബ്(റ) വിശ്വസിച്ചു. അബുല്‍ആസ്വ് അവിശ്വാസിയുമായി. എന്നാല്‍ ഇവര്‍ ഭാര്യ-ഭര്‍ത്താക്കന്മാരായിത്തന്നെ ജീവിച്ചു.

ഇതിനിടെ മാതാവ് ഖദീജ മരിച്ചു. പിന്നാലെ പിതാവായ നബി(സ്വ)യും സഹോദരി ഉള്‍പ്പെടെ മുസ്‌ലിംകള്‍ മിക്കവരും മദീനയിലേക്ക് ഹിജ്‌റ പോവുകയും ചെയ്തു. സൈനബ്(റ) മക്കയില്‍ തനിച്ചായി. ഭര്‍ത്താവിനെ പിരിയാന്‍ അവര്‍ക്കായില്ല.

ഹിജ്‌റ വര്‍ഷം രണ്ടിലെ ബദ്ര്‍ യുദ്ധം വഴിത്തിരിവായി. ഖുറൈശി നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി അബുല്‍ആസ്വും യുദ്ധത്തിന് പോയി. ബന്ദിയായി പിടിക്കപ്പെടുകയും  ചെയ്തു. മോചന ദ്രവ്യമായി സൈനബ് കൊടുത്തയച്ചത് വിവാഹവേളയില്‍ ഉമ്മ സമ്മാനിച്ച മാലയാണ്. ഇത് നബി (സ്വ)യുടെ കൈയില്‍ കിട്ടി.
നബി(സ്വ)ക്ക് വേദനയായി. ഇതറിഞ്ഞ സ്വാഹാബിമാര്‍ മോചനദ്രവ്യമില്ലാതെ അബുല്‍ആസ്വിനെ വിട്ടയച്ചു.  പോകുമ്പോള്‍ നബി(സ്വ) ജാമാതാവിന്റെ മുമ്പില്‍ ഒരഭ്യര്‍ഥന നടത്തി. ''മകളെ മദീനയിലേക്ക് അയച്ചുതരണം.'' നല്ലവനായ അബുല്‍ആസ്വ് അത് സമ്മതിച്ചു. പാലിക്കുകയും ചെയ്തു.

മക്കളായ അലി, ഉമാമ എന്നിവരോടൊപ്പം സൈനബ്(റ) മദീനയിലും അബുല്‍ആസ്വ്  മക്കയിലുമായി. ഭര്‍ത്താവ് ഇസ്‌ലാമിലേക്ക് വരണേ എന്ന പ്രാര്‍ഥനയില്‍ കഴിയവേ, അബുല്‍ആസ്വ് ഒരിക്കല്‍ സൈനബിനെ തേടിയെത്തി. കച്ചവട സംഘവുമായി വരുന്നതിനിടെ അയാള്‍ സൈദുബ്‌നു ഹാരിസ(റ)യുടെ നേതൃത്വത്തിലുള്ള മുസ്‌ലിം സേനയുടെ പിടിയിലാകും മുമ്പ് ഓടി രക്ഷപ്പെടുകയായിരുന്നു.
സൈനബി(റ)ന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് കച്ചവടച്ചരക്കുകള്‍ വിട്ടുനല്‍കാന്‍ മുസ്‌ലിംകള്‍ തയ്യാറായി. അതുമായി മക്കയിലെത്തിയ അബുല്‍ആസ്വിന്റെ മനസ്സുമാറി. ലാഭ വിഹിതം കൃത്യമായി അവകാശികള്‍ക്ക് നല്കി അദ്ദേഹം മദീനയിലേക്ക് തന്നെ മടങ്ങി.

ഇസ്‌ലാം സ്വീകരിച്ച് സൈനബി(റ)നോടൊപ്പം തന്നെ ജീവിച്ചു. പുത്രിയുടെ സന്തോഷം നബി(സ്വ)യെ ആഹ്ലാദിപ്പിച്ചു. എന്നാല്‍ അത് ഏറെ കാലം നീണ്ടുനിന്നില്ല. മദീനയിലേക്കുള്ള യാത്രക്കിടെ ഖുറൈശികളുടെ അക്രമണത്തെ തുടര്‍ന്ന് സൈനബ് ഒട്ടകപ്പുറത്ത് നിന്ന് വീണിരുന്നു. ഇതിലേറ്റ പരിക്ക് ഗുരുതരമായി. ഹിജ്‌റ എട്ടില്‍ സൈനബ് യാത്രയായി. അബുല്‍ആസ്വി(റ)ന് താങ്ങാനായില്ല അവരുടെ വേര്‍പാട്

30 മത്തെ വയസ്സിലായിരുന്നു സൈനബിന്റെ മരണം.

Feedback