Skip to main content

ഫാത്വിമ(റ) (6-6)

രോഗം നാള്‍ക്കുനാള്‍ മൂര്‍ച്ഛിച്ചു. പള്ളിയിലേക്ക് പരസഹായത്തോടെ പോകാനോ ഇരുന്നുപോലും നമസ്‌കരിക്കാനോ കഴിയാത്ത വിധം തിരുനബി(സ്വ) ക്ഷീണിച്ചു. ആത്മമിത്രം സിദ്ദീഖുല്‍ അക്ബറിനെ നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തി അവിടുന്ന് പ്രിയപത്‌നി ആഇശ(റ)യുടെ മടിയില്‍ തലവെച്ച് മയങ്ങി.

അല്പസമയം കഴിഞ്ഞു, രോഗവിവരമാരാഞ്ഞ് പ്രിയ മകള്‍ ഫാത്വിമ(റ) പിതാവിനെ കാണാനെത്തി. അടുത്തിരുന്ന് ഉപ്പയുടെ കരം കവരുമ്പോള്‍ ഫാത്വിമയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. തിരുനബി കണ്ണുതുറന്നു. കരളിന്റെ കഷ്ണത്തെ കണ്ടപ്പോള്‍ ദൂതര്‍ക്ക് നേരിയ ആശ്വാസം തോന്നിയ പോലെ. അവര്‍ സംസാരിച്ചുതുടങ്ങി. സ്വകാര്യത നല്‍കിയെന്നോണം പത്‌നി ആഇശ അവിടെ നിന്നെഴുന്നേറ്റ് മാറി നിന്നു. പിരിയാന്‍ നേരം മകളുടെ കാതില്‍ തിരുനബി ഒരു സ്വകാര്യം പറഞ്ഞു.

പറഞ്ഞു തീര്‍ന്നില്ല, ഫാത്വിമ കരയാന്‍ തുടങ്ങി. അടുത്ത നിമിഷം മറ്റെ ചെവിയിലും പറഞ്ഞു. വേറെയും സ്വകാര്യം. അപ്പോള്‍ അവളുടെ ചുണ്ടില്‍ പുഞ്ചിരി തെളിഞ്ഞു.
പിരിഞ്ഞിറങ്ങുമ്പോള്‍ ആഇശ(റ) ചോദിച്ചു. ''എന്തായിരുന്നു ഫാത്വിമാ ഉപ്പ പറഞ്ഞത്?''
ഫാത്വിമയുടെ മറുപടി. 'അതൊരു സ്വകാര്യം', (തിരുദൂതരുടെ മരണത്തിനുശേഷം ഫാത്വിമ അതു പറഞ്ഞു.)
''ഈ രോഗത്തില്‍ ഞാന്‍ അല്ലാഹുവിങ്കലേക്ക് യാത്രയാവും എന്നാണ് ആദ്യം ഉപ്പ പറഞ്ഞത്. അപ്പോള്‍ ഞാന്‍ കരഞ്ഞു. മരണശേഷം എന്റെ കുടുംബത്തില്‍ നിന്ന് ആദ്യം എന്റെയടുത്തെത്തുക നീയായിരിക്കും.'' അപ്പോള്‍ ഞാന്‍ പുഞ്ചിരിച്ചു. (ആഇശയില്‍ നിന്ന് ബുഖാരി ഉദ്ധരിച്ചത്). 

മൂന്ന് ആണ്‍മക്കള്‍ ശൈശവത്തിലും മൂന്ന് പെണ്‍മക്കള്‍ യൗവനത്തിലും ദൈവവിധിയില്‍ വിടചൊല്ലിയപ്പോള്‍ മരണംവരെ നബി(സ്വ)യുടെ ഇഷ്ട വാത്സല്യങ്ങള്‍ അനുഭവിച്ച മകള്‍, അതായിരുന്നു ഫാത്വിമ(റ).

നബിക്ക് 35 വയസ്സുള്ളപ്പോള്‍, കൃത്യമായിപ്പറഞ്ഞാല്‍ കഅ്ബ പുനര്‍നിര്‍മാണവേളയിലാണ് ഫാത്വിമയുടെ ജനനം. ഹജറുല്‍ അസ്‌വദ് യഥാസ്ഥാനത്ത് വെച്ച് ഖുറൈശികള്‍ക്കിടയിലെ യുദ്ധസമാനവേളക്ക് പരിഹാരമുണ്ടാക്കി വീട്ടിലെത്തിയ നബിയെ സ്വീകരിച്ചത് ഫാത്വിമയുടെ ജനനവാര്‍ത്തയായിരുന്നു.
സുന്ദരിയായ ഫാത്വിമ സഹ്‌റാഅ് എന്ന പേരിലും അറിയപ്പെട്ടു. കളിക്കൂട്ടുകാരനും നാലാം ഖലീഫയുമായ അലിയ്യുബ്‌നു അബീത്വാലിബായിരുന്നു ഭര്‍ത്താവ്. ഈ ദാമ്പത്യത്തില്‍ അഞ്ചു മക്കള്‍ പിറന്നു. ഹസന്‍, ഹുസൈന്‍, മുഹ്‌സിന്‍, സൈനബ്, ഉമ്മുകുല്‍സൂം. നബി മരിച്ച് ആറാം മാസം ദൂതരുടെ പ്രവചനം യാഥാര്‍ഥ്യമായി ഫാത്വിമയും അന്ത്യശ്വാസം വലിച്ചു.

നബിയുടെ സ്‌നേഹം പോലെത്തന്നെ ശിക്ഷണവും വേണ്ടുവോളം കിട്ടി ഫാത്വിമക്ക്. മറ്റു മക്കളായ സൈനബും റുഖിയയും ഉമ്മുകുല്‍സൂമും അവരുടെ ഭര്‍തൃവീടുകളിലായിരുന്നു. അതിനാല്‍ ദൂതരുടെയും ഖദീജയുടെയും പരിലാളന ഫാത്വിമക്ക് മാത്രമായിരുന്നു.

യാത്രകളോ യുദ്ധങ്ങളോ കഴിഞ്ഞ് മദീനയില്‍ തിരിച്ചെത്തുന്ന നബി പള്ളിയില്‍ കയറി നമസ്‌കരിച്ച ശേഷം ആദ്യം പോയിരുന്നത് ഫാത്വിമയെയും മക്കളെയും കാണാനായിരുന്നു. ഹസനും ഹുസൈനും ജീവനായിരുന്നു ദൂതര്‍ക്ക്.

എന്നാല്‍ സത്യനിഷേധികളുടെ മര്‍ദനങ്ങളും ഫാത്വിമക്ക് കാണേണ്ടിയും സഹിക്കേണ്ടിയും വന്നു.
ഉഖ്ബത്ത് ചാര്‍ത്തിയ ഒട്ടകക്കുടലുകള്‍ക്കടിയില്‍പ്പെട്ട് സുജൂദില്‍ നിന്നെഴുന്നേല്‍ക്കാന്‍ പാടു പെടുന്ന പിതാവിന് സഹായവുമായെത്തിയത് ഈ മകളായിരുന്നു. ഖുറൈശികളുടെ ബഹിഷ്‌കരണ കാലത്ത് ശിഅ്ബുഅബീത്വാലിബ് കുന്നില്‍ നബിയും സ്വഹാബികളും ദുരിതജീവിതം നയിക്കുമ്പോള്‍ ഫാത്വിമ ബാലികയാണ്. ഹിജ്‌റവേളയില്‍ ശത്രുക്കളുടെ ആക്രമണത്തില്‍ ഒട്ടകം നഷ്ടപ്പെട്ടതിനാല്‍ മരുഭൂമിയിലൂടെ നടന്നാണ് ഫാത്വിമയും കൂട്ടരും മദീനയിലെത്തിയത്.

ഉമ്മ ഖദീജയും സഹോദരിമാരായ റുഖിയയും ഉമ്മുകുല്‍സൂമും സൈനബും ഒടുവില്‍ പ്രിയ പിതാവും മരിക്കുന്നത് തീരാവേദനയായി ഫാത്വിമക്ക്. അപ്പോഴെല്ലാം സാന്ത്വനമേകി ഒപ്പമുണ്ടായിരുന്നത് അലി(റ)യായിരുന്നു.

മാതൃകാ ധന്യമായിരുന്നു ആ ദാമ്പത്യം. വിവാഹത്തിന്റെ ഒന്നാം സന്ധ്യയില്‍ വധൂവരന്മാരെ ആശംസിച്ചു മടങ്ങുമ്പോള്‍ തിരുനബി മകളെ സമാധാനിപ്പിച്ച് പറഞ്ഞത് പില്ക്കാലത്ത് അലി ജീവിതം കൊണ്ട് കാണിച്ചുതന്നു.

'മകളേ, വിഷമിക്കരുത്. ദൃഢവിശ്വാസമുള്ള ഒരാളുടെ പക്കലാണ് ഞാന്‍ നിന്നെ ഏല്പിച്ചിരിക്കുന്നത്. അവന്റെ സൂക്ഷിപ്പ് സ്ഥാനത്താണ് നീ. നമ്മുടെ കുടുംബത്തില്‍ അവനോളം സന്മനസ്സും സ്വഭാവമഹിമയും മറ്റാര്‍ക്കുമില്ല.

വറുതിയുടെ കാലത്ത് സഹിച്ചുകഴിഞ്ഞു അവര്‍. ക്ഷേമകാലത്ത് സംതൃപ്തിയോടെയും. ഒരിക്കല്‍ ഫാത്വിമ പിതാവിനോട് വീട്ടുജോലിക്ക് ഒരു സഹായിയെ ആവശ്യപ്പെട്ടു. നല്‍കിയില്ല, പകരം ഉപദേശമാണ് നല്‍കിയത്. മറ്റൊരിക്കല്‍ ഇങ്ങനെ മുന്നറിയിപ്പും നല്‍കി. ''ഫാത്വിമാ എന്റെ ധനത്തില്‍ നിന്ന് നീ ചോദിച്ചോളൂ, ഞാന്‍ തരാം എന്നാല്‍ പരലോകത്ത് അല്ലാഹുവില്‍ നിന്ന് നിനക്കെന്തെങ്കിലും ചെയ്തുതരാന്‍ എന്നെക്കൊണ്ടാവില്ല.''

ഹിജ്‌റ വര്‍ഷം പതിനൊന്ന് റമദാനില്‍ മരിക്കുമ്പോള്‍ 29 വയസ്സായിരുന്നു മഹതിക്ക്. ഭര്‍ത്താവ് അലി(റ) അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബഖീഇലാണ് അന്ത്യ നിദ്ര. 
 

Feedback