മമ്പുറം എന്ന് കേള്‍ക്കുമ്പോള്‍ ഒരു ജാറവും അതിനനുബന്ധമായ ചില ആചാരങ്ങളുമാണ് ഇന്ന് പലര്‍ക്കും ഓര്‍മയിലെത്തുന്നത്. എന്നാല്‍ കേരള മുസ്‌ലിം ചരിത്രത്തിലെ അതുല്യമായ ഒരേടാണ് മമ്പുറം തങ്ങള്‍ കുടുംബത്തിന്റേത്. മധ്യകേരളത്തിലെ മുസിരിസ് തുറമുഖ പട്ടണവുമായി മധ്യപൗരസ്ത്യ നാടുകള്‍ക്കുണ്ടായിരുന്ന കച്ചവടബന്ധവും തദ്വാരാ തീരപ്രദേശങ്ങളില്‍ വളര്‍ന്നുവന്ന അറബ്-കേരളീയ സാംസ്‌കാരിക വിനിമയവും പ്രസിദ്ധമാണ്. അതുപോലെ തന്നെ ഇന്ത്യയുടെ പശ്ചിമതീരങ്ങളില്‍ വാണിജ്യവുമായി ബന്ധപ്പെട്ടവരില്‍ യമനിലെ ഹദറമൗതില്‍ നിന്നുള്ള കച്ചവടസംഘങ്ങള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പ്രവാചക നിയോഗത്തിന് മുന്‍പുതന്നെ ഗുജറാത്ത്, കൊങ്കണ്‍, മലബാര്‍ തീരങ്ങളില്‍ അവര്‍ വന്നിറങ്ങിയിരുന്നു. മലബാറിലെ പൊന്നാനിയും കണ്ണൂരും കൊയിലാണ്ടിയും കോഴിക്കോടുമായിരുന്നു അവരേറെയും ബന്ധപ്പെട്ടുകൊണ്ടിരുന്ന സ്ഥലങ്ങള്‍.