പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും 'മമ്പുറം തങ്ങള്‍' എന്ന പേരില്‍ അറിയപ്പെടുന്ന മമ്പുറം അലവി തങ്ങളുടെയും ഫാത്വിമ ബീവിയുടെയും മകനാണ് മമ്പുറം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍. 1824 ല്‍ ജനിച്ചു.
ചെറുപ്പം മുതലേ പിതാവിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന സയ്യിദ് ഫസല്‍ അസാധാരണമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു. പിതാവില്‍ നിന്ന് അറബിഭാഷയില്‍ വ്യുല്‍പത്തി നേടി. യമനിലും മക്കയിലുമായിരുന്നു ഉപരിപഠനം. പിതാവിന് പുറമെ ചാലിലകത്ത് ഖുസയ്യ് ഹാജിയും വെളിയങ്കോട് ഉമര്‍ ഖാദിയും ഫസലിന്റെ അധ്യാപകരായിരുന്നു.
പതിനെട്ടാം വയസ്സില്‍ കേരളത്തിലെത്തിയതിനു ശേഷം സയ്യിദ് ഫസല്‍ ഇസ്‌ലാമിക പ്രബോധനത്തില്‍ സജീവമായി. വിശുദ്ധ ഖുര്‍ആന്‍, ഹദീസ്, തസവ്വുഫ് തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ പ്രാവീണ്യം പ്രശംസനീയമായിരുന്നു. അതേസമയം സമകാലിക രാഷ്ട്രീയത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. പിതാവിന്റെ പാതയില്‍, ബ്രിട്ടീഷ് വിരുദ്ധ നിലപാടുകളില്‍ അദ്ദേഹം ഉറച്ചുനിന്നു. പത്തൊന്‍പതാം നൂറ്റാണ്ട് നിറഞ്ഞുനിന്ന മമ്പുറം തങ്ങള്‍ രണ്ടാമന്‍ എന്നറിയപ്പെടുന്ന ഫസല്‍ പൂക്കോയ തങ്ങളുടെ നിരവധി ഗ്രന്ഥങ്ങള്‍ പ്രകാശിതമായിട്ടുണ്ട്. അസാസുല്‍ ഇസ്‌ലാം, ഉദ്ദതുല്‍ ഉമറാഅ്, കൗകബുദ്ദുറര്‍ തുടങ്ങിയവ അവയില്‍ പ്രസിദ്ധമാണ്. ഇസ്‌ലാമിന്റെ അടിസ്ഥാനാശയങ്ങള്‍ വിവരിക്കുന്നവയും സ്വദേശാഭിമാനം തുടിക്കുന്നവയും ബ്രിട്ടീഷ് വിരുദ്ധ നിലപാട് വ്യക്തമാക്കുന്നവയും അവയിലുണ്ടായിരുന്നു.
ശിആ ആചാരങ്ങളും വിശ്വാസങ്ങളും പ്രചരിപ്പിച്ചിരുന്ന കൊണ്ടോട്ടി തങ്ങന്‍മാരുടെ വിശ്വാസാചാരങ്ങളെയും നിലപാടുകളെയും മമ്പുറം സയ്യിദ് അലവി തങ്ങളും മകന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളും നിശിതമായി വിമര്‍ശിച്ചു. പൊന്നാനി മഖ്ദൂം കുടുംത്തിലെ തങ്ങന്‍മാരും-വിശേഷിച്ചും സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനും രണ്ടാമനും-കൊണ്ടോട്ടി തങ്ങന്‍മാരെ ആദര്‍ശപരമായി നേരിട്ടു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മലബാര്‍ മുസ്‌ലിംകള്‍ക്കിടയില്‍ പൊന്നാനി കൈക്കാര്‍, കൊണ്ടോട്ടേി കൈക്കാര്‍ എന്നിങ്ങനെ രണ്ടു വിഭാഗമായി വേര്‍തിരിഞ്ഞത് സുന്നീ-ശിആ ആശയങ്ങളുടെ പേരിലായിരുന്നു. എന്നാല്‍ വിവരമില്ലാത്ത സാധാരണക്കാര്‍ കഥയറിയാതെ ആട്ടം കാണുകയായിരുന്നു. 'കൊണ്ടോട്ടി കൈക്കാര്‍' ആയി നിന്നത് യഥാര്‍ഥത്തില്‍ സുന്നീ സാധാരണക്കാരായിരുന്നു. ആശയപരമായ ഈ കുഴമറിച്ചില്‍ മൂലമാണ് കേരളത്തില്‍ സുന്നികള്‍ക്കിടയില്‍ അവരറിയാതെ ശിആ ആചാരങ്ങള്‍ കടന്നുകൂടിയത്. മഖ്ബറകളോടനുബന്ധിച്ചുള്ള വലിയ ഉത്‌സവങ്ങളും ശിആ സംഭാവനയാണ്. ഫസല്‍ പൂക്കോയ തങ്ങളും മഖ്ദൂം കുടുംബവും അത്തരം ആചാരങ്ങള്‍ക്കെതിരായിരുന്നു. കൊണ്ടോട്ടി തങ്ങന്‍മാര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രത്യേക പദവി ലഭിച്ചതിനാലും ജാറോത്‌സവങ്ങള്‍ കച്ചവടപ്രധാനമായത് കൊണ്ടും പൊതുജനം ഏറ്റെടുക്കുകയായിരുന്നു.
സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍ ജീവിച്ചത് ഒരു പരിഷ്‌കര്‍ത്താവിന്റെ സ്ഥാനത്തായിരുന്നു. ഖുര്‍ആനും സുന്നത്തുമാണ് മുസ്‌ലിംകളുടെ ഉത്തമ ജീവിത മാര്‍ഗമെന്ന് തന്റെ 'ത്വരീഖത്തുല്‍ ഹനീഫ്' എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മമ്പുറത്തെ പഴയ നമസ്‌കാരപ്പള്ളി വിപുലീകരിച്ച് ജുമുഅ തുടങ്ങി. ഫസല്‍ തങ്ങളായിരുന്നു ഖത്വീബ്. കാലികപ്രസക്തമായ വിഷയങ്ങളില്‍ ഖുത്വ്ബ തയ്യാറാക്കി വായിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. മലബാര്‍ വിട്ടശേഷവും അദ്ദേഹത്തോട് ഫത്‌വകള്‍ എഴുതി ചോദിക്കുമായിരുന്നു. ഫസല്‍ തങ്ങള്‍ ഇസ്തംബൂളിലായിരിക്കെ കേരളത്തില്‍ നിന്ന് ചോദിച്ച ചോദ്യത്തിനുത്തരമായി നല്കിയ ഫത്‌വയുടെ കോപ്പി (അറബിമലയാളം) ഓടക്കല്‍ പള്ളിയിലുണ്ടെന്ന് ചരിത്രഗവേഷകന്‍ കെ.കെ.മുഹമ്മദ് അബ്ദുല്‍ കരീം വിശദീകരിച്ചിട്ടുണ്ട്. കേരളത്തില്‍ പലേടത്തും മഖ്ബറകളൊത്ത് ചേര്‍ന്ന് നടക്കുന്ന നേര്‍ച്ചോത്‌സവങ്ങള്‍ തീര്‍ത്തും ഹറാമാണെന്നായിരുന്നു പ്രമാണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് തങ്ങള്‍ നല്കിയ ഫത്‌വ.
സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ ജനസമ്മതിയും പാണ്ഡിത്യവും നേതൃപാടവവും കണ്ട് ബ്രിട്ടീഷുകാര്‍ അമ്പരന്നു. അദ്ദേഹത്തിന്റെ ബ്രിട്ടീഷ് വിരുദ്ധ നിലപാട് അവരെ പരിഭ്രാന്തരാക്കി. 1843 ലെ ചേറൂര്‍ സമരം ഉള്‍പ്പടെ ആളിപ്പടര്‍ന്നുവരുന്ന ബ്രിട്ടീഷ് വിരുദ്ധ ജനവികാരത്തിന്റെ ചാലകശക്തി ഫസല്‍ തങ്ങളാണെന്ന് ബ്രിട്ടീഷുകാര്‍ തിരിച്ചറിഞ്ഞു. അദ്ദേഹത്തെ തളയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും ആളിക്കത്താവുന്ന ജനരോഷം ഭയന്ന് പ്രത്യക്ഷ നടപടികള്‍ക്ക് മുതിര്‍ന്നില്ല. ജന്‍മിത്തത്തെയും സവര്‍ണ ആചാരങ്ങളെയും ബ്രിട്ടീഷ് മേല്‍ക്കോയ്മയെയും ശക്തമായെതിര്‍ത്ത തങ്ങള്‍ക്ക് ജനപിന്തുണ കൂടിക്കൂടി വരികയായിരുന്നു. കുതന്ത്രങ്ങള്‍ മെനഞ്ഞ് തങ്ങളെ സ്വദേശത്ത് നിന്ന് പറഞ്ഞയക്കാന്‍ ശ്രമിക്കുകയായിരുന്നു വെള്ളക്കാര്‍. രക്തച്ചൊരിച്ചിലും സ്വസമുദായത്തിലുണ്ടാകാവുന്ന വന്‍ വിപത്തും മുന്നില്‍ കണ്ട തങ്ങള്‍ സ്വമേധയാ നാടുവിടാന്‍ തീരുമാനിക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ നാടുകടത്തുകയായിരുന്നു. ഒടുവില്‍ 1852 ല്‍ ഫസല്‍ പൂക്കോയ തങ്ങള്‍ കുടുംബ സമേതം മക്കയിലേക്ക് യാത്രയായി.
ചെറുപ്പത്തില്‍ മക്കയില്‍ പഠിച്ചിരുന്ന കാലത്ത് സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനിയുടെ ബ്രിട്ടീഷ് വിരുദ്ധ ചിന്താധാരയും മുഹമ്മദ്ബ്‌നു അബ്ദില്‍ വഹ്ഹാബിന്റെ തൗഹീദീ ആദര്‍ശവും ഫസല്‍ തങ്ങളെ സ്വാധീനിച്ചിരുന്നു. നാട്ടിലെ തന്റെ പ്രബോധന കാലത്ത് സമൂഹത്തിലെ അനാചാരങ്ങളെ അദ്ദേഹം എതിര്‍ത്തിരുന്നു. അതോടൊപ്പം ബ്രിട്ടീഷുകാരെ ധൈഷണികമായി നേരിടുകയും ചെയ്തു. ഈ രണ്ടുതലങ്ങളിലും അദ്ദേഹം നേരിട്ട എതിര്‍പ്പ് നാടുകടത്തലില്‍ കലാശിക്കുകയായിരുന്നു. കേരളത്തിലെ ഇസ്‌ലാഹീ ആശയത്തിനും നവോത്ഥാനത്തിനും വിത്തുപാകിയതില്‍ മമ്പുറം ഫസല്‍ പൂക്കോയ തങ്ങളുടെ സ്ഥാനം വിസ്മരിക്കപ്പെട്ടുകൂടാ. മുട്ടും വിളി നേര്‍ച്ചക്കെതിരെയും കൊണ്ടോട്ടി തങ്ങന്‍മാരുടെ അനാചാരങ്ങള്‍ക്കെതിരെയും അദ്ദേഹം ഫത്‌വകള്‍ നല്‍കിയിരുന്നു.
ദോഫാറിലെ ഭരണം
മക്കയിലെത്തിയ (1270 AH/1853 AD) സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെ അവിടം വിട്ട് പോകാന്‍ ഉസ്മാനിയാ ഖിലാഫത്ത് അനുവദിച്ചിരുന്നില്ല. ബ്രിട്ടീഷുകാരുടെ താത്പര്യമായിരുന്നു അതിനു കാരണം.
1871 ല്‍, ഹജ്ജ് ലക്ഷ്യമാക്കി മക്കയിലെത്തിയ ദോഫാറിലെ ചില പ്രമുഖര്‍ ഫസല്‍ പൂക്കോയ തങ്ങളെ സന്ദര്‍ശിച്ചു. ഒമാനിലെ ദോഫാര്‍ പ്രദേശം തുര്‍ക്കി ഖിലാഫത്തിന്റെയും ബ്രിട്ടീഷ് ഭരണാനുകൂലിയായ ഒമാന്‍ സുല്‍ത്താന്റെയും ഇടയില്‍ ഗോത്രപരമായ പ്രശ്‌നങ്ങളും സാമൂഹികമായ പിന്നോക്കാവസ്ഥയും കൊണ്ട് വീര്‍പ്പുമുട്ടി നില്ക്കുകയായിരുന്നു. മക്കയില്‍ പൂക്കോയ തങ്ങള്‍ക്കുണ്ടായിരുന്ന പ്രശസ്തിയും തെക്കന്‍ അറേബ്യയിലെ പ്രദേശങ്ങളിലുണ്ടായിരുന്ന സ്വാധീനവും കണക്കിലെടുത്താണ് ദോഫാറിലെ പ്രമുഖര്‍ അദ്ദേഹവുമായി സംസാരിച്ചത്. 1872 ഫെബ്രുവരി 27 ന് അറേബ്യയുടെ തെക്ക് ഭാഗത്ത് ദോഫാര്‍ ആസ്ഥാനമാക്കി പ്രത്യേക സംസ്ഥാനം രൂപീകരിക്കുമെന്ന കരാറില്‍ പൂക്കോയ തങ്ങള്‍ ദോഫാറിലേക്ക് വരാമെന്നേറ്റ് കരാറില്‍ ഒപ്പുവെച്ചു. എന്നാല്‍ ഓട്ടോമന്‍ ഭരണത്തിന്റെ യാത്രാവിലക്ക് കാരണം അദ്ദേഹത്തിന് ദോഫാറിലേക്ക് പോവാന്‍ കഴിഞ്ഞില്ല. ഒടുവില്‍ രണ്ടര വര്‍ഷത്തിനു ശേഷം 1874 ഒക്ടോബറില്‍ അദ്ദേഹം ദോഫാറിലേക്ക് പുറപ്പെട്ടു.
ദോഫാറിലെത്തിയ ഫസല്‍ പൂക്കോയ തങ്ങള്‍ പ്രാദേശിക നേതാക്കളെ സന്ദര്‍ശിച്ച് അവരുടെ പിന്തുണയോടെ ഭരണം ആരംഭിച്ചു. സലാല നഗരംഭരണത്തിന്റെ തലസ്ഥാനമാക്കി. കുതിരപ്പടയെ തയ്യാറാക്കുകയും സൈനികര്‍ക്ക് പൊതുസൗകര്യങ്ങളൊരുക്കുകയും ചെയ്തു. നിയമ വ്യവസ്ഥ കര്‍ശനമാക്കി. കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരെ ജയിലിലടച്ചു. അധികം വൈകാതെ തന്നെ അദ്ദേഹത്തിന്റെ ഭരണം ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. ഓട്ടോമന്‍ ഗവണ്മെന്റിന്റെ അംഗീകാരവും സൈനിക സഹായവും ഭൗതിക പിന്തുണയും ഫസല്‍ പൂക്കോയ തങ്ങള്‍ക്ക് ലഭിച്ചിരുന്നു.
രാജ്യത്തിന്റെ വിസ്തൃതി ദോഫാറില്‍ നിന്ന് യമന്‍ അതിര്‍ത്തിയിലുള്ള മഹ്‌റയുടെ ഒരു ഭാഗം വരെ അദ്ദേഹം വികസിപ്പിച്ചു. ഭരണത്തില്‍ ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പില്‍ വരുത്തുന്നതില്‍ അദ്ദേഹം ശ്രദ്ധ പുലര്‍ത്തി. കൊലപാതികള്‍ക്ക് വധശിക്ഷ വിധിച്ചു. സകാത്ത് സംവിധാനം കാര്യക്ഷമമാക്കി.
രാജ്യത്തു നിന്ന് കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം പല മാര്‍ഗങ്ങളും സ്വീകരിച്ചു. യമനികളും ഒമാനികളും തങ്ങളുടെ വ്യാപാരം ഇന്ത്യയിലേക്കും ആഫ്രിക്കന്‍ തീരങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന് ദോഫാറിലെത്തി.
എന്നാല്‍ ദോഫാര്‍ പ്രദേശം തന്റെ രാജ്യത്തിന്റെ ഭാഗമായി കണക്കാക്കിയിരുന്ന ഒമാന്‍ രാജാവ് ഫസല്‍ പൂക്കോയ തങ്ങളുടെ ഭരണത്തിനെതിരെ തന്ത്രങ്ങള്‍ മെനഞ്ഞു. ദോഫാറിലെ ജനങ്ങള്‍ക്കിടയില്‍ തങ്ങളുടെ ഭരണത്തിനെതിരെ അഭ്യുഹങ്ങള്‍ പ്രചരിപ്പിച്ചു. ബ്രിട്ടീഷുകാരെ അദ്ദേഹത്തിനെതിരെ തിരിച്ചു. അങ്ങനെ 1879 ല്‍ ദോഫാറിലെ ഭരണത്തില്‍ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടു.
ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ഹദ്ര്‍മൗത്തിലെ മുകല്ലയിലേക്ക് മടങ്ങി. അവിടെ ഖലീഫയുടെ ഉപദേഷ്ടാവായി. ഫസല്‍ പൂക്കോയ തങ്ങളൂടെ സേവനങ്ങള്‍ മുന്‍നിര്‍ത്തി ഓട്ടോമന്‍ ഖിലാഫത്ത് പാഷ പട്ടം നല്കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
1901 ജനുവരി ഒന്നിന് (1318 റജബിലെ രണ്ടാം വെള്ളിയാഴ്ച) 78 ആമത്തെ വയസ്സില്‍ ഇസ്തംബൂളില്‍ അന്തരിച്ചു. ഇസ്തംബൂളില്‍ തന്നെ ഖബറടക്കി.
മക്കള്‍: സഹല്‍ പാഷ, മുഹമ്മദ് ബേ, അഹമ്മദ് ബേ, അബൂബക്കര്‍
ഗ്രന്ഥങ്ങള്‍:
1. ഉദ്ദത്തുല്‍ ഉമറാഅ് വല്‍ ഹുക്കാം ലി ഇഹാനതില്‍ കഫറ വ അബദത്തില്‍ അസ്‌നാം (ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സമരത്തിന് ആഹ്വാനം ചെയ്തു രചിച്ച കൃതി )
2. ഇസ്ആഫു ശഖീഖ് ഫീ ബൈഇര്‍റഖീഖ്
3. റിസാലതുല്‍ മുസ്‌ലിമുല്‍ ഗാബിര്‍ ലി ഇദ്‌റാകില്‍ ഗ്വാബിര്‍
4. അത്വരീഖത്തുല്‍ ഹനീഫിയ്യ (തസ്സ്വവുഫ്)
5. തഹ്ദീരുല്‍ അഖ്‌യാര്‍ മിന്‍ റുകൂബില്‍ ആര്‍ വന്നാര്‍
6. തുഹ്ഫത്തുല്‍ അഖ്‌യാര്‍ മിന്‍ റുകൂബിന്‍ ആര്‍
7. രിസാലത്തു ഫീ തസവ്വുഫ്
8. അഖ്ദുല്‍ ഫറാഇദ് ഫീ ഫതാവല്‍ ഉലമാഅ്
9. അല്‍ ഫുയൂദ്വാത്ത് അല്‍ ഇലാഹിയ വല്‍ അന്‍വാറുന്നബവിയ്യ
10. ഹുലലുല്‍ ഇഹ്‌സാന്‍ ഫീ തസ്‌യീനില്‍ ഇന്‍സാന്‍
11. അസാസുല്‍ ഇസ്‌ലാം ഫീ ബയാനില്‍ അഹ്കാം (ഇസ്‌ലാമിക പ്രബോധനം )
12. ബവാരിഖുല്‍ ഫുത്വാന ലി തഖ്‌വിയതുല്‍ ബിത്വാന (സൗഹൃദ രചന)
13. മീസാന്‍ ത്വബഖാത്ത് അഹ്‌ലുല്‍ ഹൈസിയാത്തു വതന്‍ബീഹു രിജാല്‍ അഹ്‌ലുല്‍ ദിയാനാത്ത്
14. അദ്ദുര്‍റുല്‍ സമീന്‍ ലില്‍ ആഖിലില്‍ ദഖീ അല്‍ ഫത്വീന്‍
15. ഈദാഉുല്‍ അസ്‌റാറില്‍ ഉല്‍വിയ വ മിന്‍ഹാജു സാദതില്‍ അല്‍വിയ (തസ്സ്വവുഫ്)