പതിനെട്ടാം നൂറ്റാണ്ടോടു കൂടി തന്നെ ഹദറമികള്‍ എന്നറിയപ്പെട്ടിരുന്ന യമനിലെ ഇസ്‌ലാമിക പണ്ഡിതന്‍മാരും പ്രബോധകന്‍മാരും മലബാറില്‍ എത്തിച്ചേര്‍ന്നു. ജിഫ്രി, ബാഅലവി, ബാഫഖി, ഐദീദ് തുടങ്ങിയ കുടുംങ്ങള്‍ അവരില്‍പ്പെടുന്നു. കേരളത്തില്‍ തങ്ങള്‍ കുടുംബം എന്നറിയപ്പെടുന്നവരില്‍ ഏറിയകൂറും യമന്‍ വേരുള്ളവരാണ്. സൂഫിസവും വിവിധ ത്വരീഖത്തുകളും അവരിലൂടെ കേരളത്തിലെത്തിയിട്ടുണ്ട് എന്നത് ചരിത്രവസ്തുതയാണ്. അക്കൂട്ടത്തില്‍ എടുത്തുപറയേണ്ട വ്യക്തിത്വമാണ് മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങള്‍ (1783-1844). മുഹമ്മദ് ബ്‌നു സഹല്‍ മൗലവിദ്ദവീല-ഫാത്വിമ ദമ്പതിമാരുടെ മകനായി ഹദറമൗതിലെ തരീം പട്ടണത്തില്‍ ജനിച്ചു. മതപണ്ഡിതനും പ്രബോധകനുമായിരുന്ന അലവി തങ്ങള്‍ അലവിയ ത്വരീഖത്തിന്റെ വക്താവായിരുന്നു എന്ന് പറയപ്പെടുന്നു. എന്നാല്‍ അലവി തങ്ങള്‍ തികഞ്ഞ ഭക്തനും ഉത്കൃഷ്ടജീവിതം നയിച്ച വ്യക്തിയുമായിരുന്നു. വെളിങ്കോട് ഉമര്‍ ഖാദി, പരപ്പനങ്ങാടി അബൂബക്കര്‍ കോയ എന്നിവര്‍ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. മതപ്രബോധനത്തോടൊപ്പം സാമൂഹിക രംഗത്തും ഇടപെട്ടിരുന്ന തങ്ങള്‍ സജീവ രാഷ്ട്രീയത്തിലും ഇടപെട്ടു. വൈദേശിക ഭരണത്തിനെതിരെ പ്രവര്‍ത്തിക്കുകയും ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ പങ്കെടുക്കുകയും ചെയ്തു. സ്വാതന്ത്ര്യസമര സേനാനിയില്‍ എണ്ണപ്പെടുന്ന തങ്ങള്‍ 1843 ലെ ചേരൂര്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. ബ്രിട്ടീഷ് വിരുദ്ധ നിലപാടിലേക്ക് കേരളീയ സമൂഹത്തെ നയിക്കുന്നതിനായി അദ്ദേഹം അറബിയില്‍ രചിച്ച 'സൈഫുല്‍ ബത്വാര്‍' എന്ന കൃതി പ്രസിദ്ധമാണ്. 1844 ല്‍ മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ഫസല്‍ പൂക്കോയ തങ്ങള്‍ എല്ലാ നിലയിലും പിതാവിന്റെ പാതയില്‍ രംഗത്ത് സജീവമായി ഉണ്ടായിരുന്നു.