ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മദീനയില്‍ ജീവിച്ച താബിഈ പണ്ഡിതനാണ് അബൂഹാസിം എന്ന് വിളിക്കപ്പെട്ടിരുന്ന സലമത്തുബ്‌നു ദീനാര്‍. മഖ്‌സൂം കുലത്തില്‍പെട്ട ഇദ്ദേഹം പേര്‍ഷ്യന്‍ വംശജനാണ്.
മദീനയിലെ ജഡ്ജിയും ഹദീസ് വിജ്ഞാനത്തിലെ ഗുരുവുമായിരുന്ന അബ്ദുല്ലാഹിബ്‌നു സുബൈര്‍, അബ്്ദുല്ലാഹിബ്‌നു ഉമര്‍, താബിഈ പ്രമുഖന്‍ സഈദുബ്‌നുല്‍ മുസയ്യിബ് തുടങ്ങിയവരില്‍ നിന്നാണ് വിജ്ഞാനമാര്‍ജിച്ചത്.
ആരാധനകളും ഭൗതിക വിരക്തിയുമായിരുന്നു ഇദ്ദേഹത്തെ വേറിട്ടു നിര്‍ത്തിയിരുന്നത്. പണത്തോടോ മറ്റു വിഭവങ്ങളോടോ ഒരുതരത്തിലുമുള്ള താല്്പര്യവും കാട്ടിയില്ല സലമത്ത്. ഭരണാധികാരികളെ വാഴ്ത്തുകയല്ല അദ്ദേഹം ചെയ്തത്; ഉപദേശിക്കുകയായിരുന്നു. അവരെ ഉപദേശിക്കാന്‍ അങ്ങോട്ടു ചെന്നില്ല. ഉപദേശം തേടി അവര്‍ ഇങ്ങോട്ടു വന്നു. എന്നിട്ടും അവര്‍ സലമത്തിനെ അംഗീകരിച്ചാദരിച്ചു.
ഉപദേശം തേടിയെത്തുന്നവര്‍ക്ക് സലമത്തുബ്‌നു ദീനാര്‍ നല്‍കുന്ന ഉപദേശങ്ങള്‍ അര്‍ഥവത്തായിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധങ്ങളായ ചില ഉപദേശങ്ങള്‍:
മനസ്സാക്ഷിയെ ഉണര്‍ത്തുന്നതിലൂടെ പാപങ്ങള്‍ പൊറുക്കപ്പെടും. പാപങ്ങള്‍ വെടിയാന്‍ ദൃഢ നിശ്ചയം ചെയ്താല്‍ മനസ്സാക്ഷി ഉണരും.
മനുഷ്യമനസ്സില്‍ ഓരോ ദിവസവും വിജ്ഞാനവും വികാരവും മല്‍പ്പിടുത്തം നടത്തും. വിജ്ഞാനം ജയിക്കുന്ന ദിനം ലാഭത്തിന്റെ ദിവസമാണ്. വികാരം ജയിക്കുന്നത് നഷ്ട ദിനവുമാണ്.
നന്ദി വാക്കില്‍ മാത്രം ഒതുങ്ങാനുള്ളതല്ല. ഹൃദയവും ഇതര അവയവങ്ങളും ആ നന്ദി പ്രകടിപ്പിക്കണം. വസ്ത്രം കൈയില്‍ പിടിക്കുകയും അത് അണിയാതിരിക്കുകയും ചെയ്താല്‍ ചൂടില്‍ നിന്നും തണുപ്പില്‍ നിന്നും നമുക്ക് രക്ഷ നേടാനാവുമോ?
ഹിജ്്‌റ 133ല്‍ സലമത്തുബ്‌നു ദീനാര്‍ നിര്യാതനായി.