ഒരിക്കല്‍ സുലൈമാനുബ്‌നു അബ്ദില്‍ മലിക് പരിവാര സമേതം മദീനയിലെത്തി. വിശുദ്ധ നഗരികള്‍ സന്ദര്‍ശിക്കലായിരുന്നു ലക്ഷ്യം. മദീനയിലെത്തിയ അമീറുല്‍ മുഅ്്മിനീനെ പണ്ഡിത പ്രമുഖരെല്ലാം സന്ദര്‍ശിച്ച് സുഖവിവരങ്ങളാരാഞ്ഞു.
മടങ്ങും മുമ്പ് സുലൈമാന്‍, തന്നെ ഉപദേശിക്കാന്‍ കഴിയുന്ന ഒരു പണ്ഡിതനെ ആവശ്യപ്പെട്ടു. എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. 'അബൂ ഹാസിം'. മദീനയിലെ പണ്ഡിത മുഖ്യനായ സലമത്തുബ്‌നു ദീനാറായിരുന്നു അത്.
സലമ അമീറിന് മുന്നിലെത്തി. അദ്ദേഹം കുറെ സംശയങ്ങള്‍ ചോദിച്ചു. അവയ്‌ക്കെല്ലാം കൃത്യമായ ഉത്തരങ്ങള്‍ നല്‍കി സലമത്തുബ്‌നു ദീനാര്‍ അമീറിനെ തൃപ്തിപ്പെടുത്തി.
അമീറിന്റെ ഒരു സംശയം ഇതായിരുന്നു: 'ഞാന്‍ നാളെ അല്ലാഹുവിന്റെ മുന്നില്‍ ഹാജരാക്കപ്പെടുക എങ്ങനെയായാരിക്കും?''
സലമയുടെ മറുപടി പെട്ടെന്നായിരുന്നു: 'ഏറെ കാലത്തിനു ശേഷം കുടുംബത്തിലേക്ക് മടങ്ങി വരുന്ന പ്രവാസിയെപ്പോലെയായിരിക്കും സുകൃതവാന്‍ അല്ലാഹുവിന്റെ മുന്നിലേക്ക് വരിക. തിന്മകളില്‍ ജീവിച്ചവനാകട്ടെ, ഒളിച്ചോടിയ അടിമ യജമാനന്റെ അടുത്തേക്ക് മടങ്ങിവരുന്നതു പോലെയും.'
അമീറുല്‍ മുഅ്മിനീന്റെ കണ്ണുകള്‍ നിറഞ്ഞു. തേങ്ങലടക്കാനാവാതെ അദ്ദേഹം ചോദിച്ചു. 'അബൂഹാസിം, സുകൃതവാനാവാന്‍ എന്താണ് വഴി?'
അഹങ്കാരം വെടിയുക, ദൈവഭക്തനാവുക- അബൂഹാസിം അമീറുല്‍ മുഅ്്മിനീനെ ഉപദേശിച്ചു.
മടങ്ങാന്‍ നേരം അമീറുല്‍ മുഅ്മിനീന്‍ സലമത്തുബ്‌നു ദീനാറിന് ഉപഹാരമായി ഒരു പണക്കിഴി നല്കി. അത് തിരിച്ചു നല്‍കിക്കൊണ്ട് ആ മഹാന്‍ ഇങ്ങനെ പറഞ്ഞു.
'ഞാന്‍ അങ്ങയോട് സംസാരിച്ചതിനുള്ള പ്രതിഫലമാണ് ഈ കിഴി എങ്കില്‍ ഇതെനിക്ക് നിഷിദ്ധമാണ്. പൊതു ഖജനാവിലെ എന്റെ അവകാശമാണ് ഇത് എങ്കില്‍ ഇതേ കിഴികള്‍ മറ്റുള്ളവര്‍ക്കും നല്‍കണം. '
തനിക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന അപേക്ഷയോടെ അമീറുല്‍ മുഅ്മിനീന്‍, ദമസ്‌കസിലേക്ക് മടങ്ങി.