Skip to main content

ജനനം, വിദ്യാഭ്യാസം (2-2)

അബുല്‍ ഹസന്‍ അലിയ്യുബ്‌നു ഹുസൈനുബ്‌നു അലി എന്ന് പൂര്‍ണ നാമം.  ഹി. 38ല്‍ ശഅ്ബാന്‍ അഞ്ചിന് ജനനം.  പിതാവ് ഹുസൈന്‍, മാതാവ് ശഹര്‍ബാന്‍. ഖലീഫ അലി(റ), പ്രവാചക പുത്രി ഫാത്വിമ(റ) എന്നിവര്‍ പിതൃ മാതാപിതാക്കള്‍. അബുല്‍ ഹസന്‍, അബൂ മുഹമ്മദ്, സൈനുല്‍ ആബിദീന്‍, സയ്യിദുസ്സാജിദീന്‍ തുടങ്ങിയ പേരുകളും വിളിക്കപ്പെട്ടു.

ശീഈ വിഭാഗങ്ങള്‍ തങ്ങളുടെ നാലാമത്തെ  ഇമാമായി അലിയ്യുബ്‌നു ഹുസൈനെ കാണുന്നു.  സ്വര്‍ഗീയ വാസികളായ യുവാക്കളുടെ നേതാവ് ഹുസൈന്റെ മകനെന്ന നിലയില്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയും അലിയെ തങ്ങളുടെ നേതൃവരേണ്യനായി പരിഗണിക്കുന്നു.

ഇമാം മാലിക്, ശാഫിഈ, സുഹ്‌രീ, അസ്മഈ തുടങ്ങിയവര്‍ അലിയ്യുബ്‌നു ഹുസൈന്റെ മഹത്വം തങ്ങളുടെ കൃതികളില്‍ പ്രാധാന്യത്തോടെ അനുസ്മരിക്കുന്നുണ്ട്. മദീനാവാസികളിലെ മികച്ച പണ്ഡിതനും ഹാശിമികളിലെ ഉത്കൃഷ്ട വ്യക്തിയുമായിരുന്നു അലിയെന്ന് ഇവര്‍ സാക്ഷ്യം വഹിക്കുന്നു.

മദീനയില്‍ സ്വഹാബീ പ്രമുഖരുടെയും താബിഈ പണ്ഡിതരുടെയും മുന്നിലാണ് അലിയ്യുബ്‌നു ഹുസൈന്റെ ബാല്യവും കൗമാരവും. ഇവരുടെ സദസ്സുകളിലെല്ലാം സന്നിഹിതനായ അലി ഖുര്‍ആന്‍, ഹദീസ് വിജ്ഞാനത്തിലും മത നിയമങ്ങളിലും അസാമാന്യ അവഗാഹം നേടി.

മകന്‍ മുഹമ്മദുല്‍ ബാഖിര്‍, അംറുബ്‌നു ദീനാര്‍, ഹകമുബ്‌നു ഉതൈബ, സൈദുബ്‌നു അസ്‌ലം, യഹ്‌യബ്‌നു സഈദ്, അബുസ്സിനാദ്, അലിയ്യുബ്‌നു ജദ്ആന്‍ തുടങ്ങിയ നിരവധി പില്ക്കാല പണ്ഡിതര്‍ അലിയ്യുബ്‌നു ഹുസൈന്റെ കീഴില്‍ മതപാഠങ്ങള്‍ പഠിച്ചവരാണ്.

സൂക്ഷ്മത, ദൈവഭക്തി, അനുസരണം എന്നിവയില്‍ അതുല്യനായിരുന്ന അലി, ഭൗതിക വിരക്തിയിലും ഒപ്പം ആരാധനകളുടെ തികവിലും മദീന നിവാസികള്‍ക്ക് മാതൃകയായി.  സൈനുല്‍ ആബിദീന്‍ (ഉപാസകരുടെ നേതാവ്), അസ്സജ്ജാദ് (കൂടുതല്‍ സാഷ്ടാംഗം ചെയ്യുന്നവന്‍) എന്നീ വിശേഷണ നാമങ്ങള്‍ അദ്ദേഹത്തിന്റെ ഇസ്‌ലാമിക വ്യക്തിത്വത്തിന്റെ നിദര്‍ശനങ്ങളത്രെ.

വൈജ്ഞാനിക സംഭാവനകള്‍

ഹി. 95 മുഹര്‍റം 25നായിരുന്നു അലിയ്യുബ്‌നു ഹുസൈന്റെ അന്ത്യം. മുആവിയ, യസീദ്, മുആവിയ ഇബ്‌നുയസീദ്, മര്‍വാനുബ്‌നുല്‍ ഹകം, അബ്ദുല്‍ മലിക്കുബ്‌നു മര്‍വാന്‍, വലീദുബ്‌നു അബ്ദില്‍ മലിക്ക് എന്നീ ഖലീഫമാരുടെ കാലത്തെല്ലാം  അദ്ദേഹം ജീവിച്ചു.

അദ്ദേഹത്തിന്റെതായി രണ്ടു പ്രമുഖ കൃതികളും നിലവിലുണ്ട്.  അല്ലാഹുവിനോട് വിട്ടുവീഴ്ചകളും അവന്റെ ആദരവും തേടുന്ന പ്രാര്‍ഥനകളടങ്ങിയ 'സ്വഹീഫത്തു സ്സജാദിയ്യ'യാണ് ഒന്ന്. അല്ലാഹുവിന് മനുഷ്യന്റെ മേലുള്ള ബാധ്യതകള്‍ മനുഷ്യര്‍ക്ക് അവരവരുടെ മേലുള്ള ബാധ്യതകള്‍, നാവിന് ഇതര അവയവങ്ങളോടുള്ള ബാധ്യതകള്‍ തുടങ്ങിയ നിരവധി ബാധ്യതകള്‍ വിശദീകരിക്കുന്ന ലേഖനങ്ങളടങ്ങിയ 'രിസാലത്തുല്‍ ഹുഖൂഖ്' ആണ് മറ്റൊന്ന്.

അലിയുടെ പ്രസിദ്ധമായ ഒരു  സന്ദേശം ഇങ്ങനെ: അല്ലാഹു എന്നില്‍ നിന്ന് നിര്‍ബന്ധ കര്‍മങ്ങള്‍ ആവശ്യപ്പെടുന്നു, തിരുനബി ഐഛിക കര്‍മങ്ങളും. കുടുംബം തേടുന്നത് ഭക്ഷണമാണെങ്കില്‍ മനസ്സ് ആവശ്യപ്പെടുന്ന് ഇല്‍മിനെയാണ്. പിശാചിന് വേണ്ടത് അവനുള്ള അനുസരണമാണ്.  എന്നാല്‍ സംരക്ഷകരായ മലക്കുകള്‍ക്കോ സത്കര്‍മങ്ങളും. മരണത്തിന്റെ മാലാഖക്ക് ആത്മാവിനെ വേണം. ഖബ്‌റിന് ശരീരത്തെയും വേണം.  ഇവയ്ക്കിടയില്‍ ഞാനൊരു വിധേയന്‍ മാത്രം.

 

 

Feedback
  • Friday Apr 4, 2025
  • Shawwal 5 1446