ഇബ്‌നുസിയാദിന്റെ പട്ടാളം കര്‍ബലയില്‍ നടത്തിയ നരമേധത്തില്‍ പ്രവാചക പേരക്കിടാവും അലി (റ)യുടെ മകനുമായ ഹുസൈന്‍(റ) ദാരുണമാംവിധം വധിക്കപ്പെട്ടു; ഒപ്പം കൂടെയുള്ള പുരുഷന്‍മാരും. സ്ത്രീകളെമാത്രം അവര്‍ ജീവനോടെ വിട്ടു. ആ സ്ത്രീകള്‍ക്കൊപ്പം ഒരു രോഗിയായ ആണ്‍കുട്ടിയുമുണ്ടായിരുന്നു.
അവര്‍ ഇബ്‌നുസിയാദിന് മുന്നില്‍ ഹാജരാക്കപ്പെട്ടു. ''ആരാണിവന്‍ - ആണ്‍കുട്ടിയെ ചൂണ്ടി ഇബ്‌നു സിയാദ് ചോദിച്ചു.''
''ഞാന്‍ ഹുസൈന്റെ മകന്‍ അലി'' മറുപടി അവന്‍ തന്നെ പറഞ്ഞു.
''ഹുസൈന്റെ പുത്രന്‍ അലിയെ അല്ലാഹു കൊന്നില്ലേ?''
ഇബ്‌നുസിയാദ് പരിഹാസത്തോടെ പ്രതികരിച്ചു.
''ഇല്ല എന്റെ സഹോദരന്‍ അലിയെയാണ് സൈന്യം കൊന്നത് - അലിയുടെ മറുപടി. ബാലന്റെ ഉറച്ച വാക്കുകള്‍ക്കു മുന്നില്‍ ഇബ്‌നു സിയാദിന് ചോദ്യം മുട്ടി. ക്രുദ്ധനായ അയാള്‍ അലറി.
''ഇവനെ ഇവിടെ നിന്ന് കൊണ്ടുപോകൂ. അവന്റെയും കഥ കഴിച്ചേക്കൂ''
ഇതു കേട്ടുനില്‍ക്കുകയായിരുന്ന അലിയുടെ പിതൃസഹോദരി സൈനബ് കുട്ടിയെ വാരിയെടുത്ത് മാറോടണച്ചു. എന്നിട്ട് ഇബ്‌നുസിയാദിന്റെ മുഖത്തുനോക്കി പറഞ്ഞു.
''ഞങ്ങളുടെ രക്തം നിനക്ക് ഇനിയും മതിയായില്ലേ? ഇവനെ കൊല്ലണമെങ്കില്‍ നിനക്ക് ഞങ്ങളെയെല്ലാവരെയും കൊല്ലേണ്ടിവരും.''
അമ്മായിയോട് മിണ്ടാതിരിക്കാന്‍ പറഞ്ഞ അലി ഇബ്‌നു സിയാദിനോട് ഇങ്ങനെ കൂടി പറഞ്ഞു.
''ഇബനു സിയാദ് നീ മനസ്സിലാക്കണം, താങ്കള്‍ കൊല്ലാനായി പിറന്നവനാകാം. എന്നാല്‍ മരണത്തെ ഞങ്ങള്‍ക്ക് ഭയമേയില്ല, ഞങ്ങള്‍ അതിനെ ആദരവോടെ സ്വീകരിക്കും. കാരണം മരണം ഞങ്ങള്‍ക്ക് രക്തസാക്ഷിത്വമാണ്.''
ഇബ്‌നുസിയാദിന് നാവിറങ്ങി. അലിയെയും ഒപ്പമുള്ള സ്ത്രീകളെയും വൈകാതെ അദ്ദേഹം യസീദിന്റെ അടുക്കലേക്കയച്ചു. യസീദ് അവരെ മദീനയിലേക്കും വിട്ടു.
കര്‍ബലയില്‍ ബാക്കിവെച്ച ഖലീഫ അലിയുടെ പിന്‍ഗാമിയാണ് പിന്നീട് അലിയ്യുബ്‌നു ഹുസൈന്‍, അലി സൈനുല്‍ ആബിദീന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ട താബിഈ പ്രമുഖനായത്.