Skip to main content

കര്‍ബല

ഇസ്‌ലാമിക ചരിത്രത്തിലെ വേദനാ നിര്‍ഭരമായ സംഭവമാണ് കര്‍ബല ദുരന്തം. കര്‍ബലയില്‍ വെച്ചാണ് യസീദുബ്‌നു മുആവിയയുടെ സൈന്യം തീരുനബിയുടെ പൗത്രനും നാലാം ഖലീഫ അലി(റ)യുടെ പുത്രനുമായ ഹുസൈനെ(റ)യും കൂടെയുള്ളവരെയും നിഷ്‌കരുണം കൊലപ്പെടുത്തിയത്. ഹിജ്‌റ 61 മുഹര്‍റം പത്തിനായിരുന്നു സംഭവം.

യസീദുബ്‌നു മുആവിയ ഭരണമേറ്റ രീതിക്കെതിരെ ഹുസൈനുബ്‌നു അലി(റ)യുള്‍പ്പെടെ അഞ്ച് പ്രമുഖ സ്വഹാബിമാര്‍ രംഗത്തുവന്നു. ഖിലാഫത്തിനെ കുടുംബസ്വത്താക്കിയെന്നായിരുന്നു പക്ഷം.

മദീനയിലായിരുന്ന ഹുസൈന്‍ കുടുംബസമേതം മക്കയിലെത്തി. മക്കയിലായിരിക്കെ ഇറാഖില്‍ നിന്നും പ്രത്യേകിച്ച് കൂഫയില്‍ നിന്നും നിരവധി എഴുത്തുകള്‍ ഹുസൈന് ലഭിച്ചു. പെട്ടെന്ന് കൂഫയിലെത്തണമെന്നും ഖലീഫയായി ബൈഅത്ത് ചെയ്യാന്‍ തങ്ങള്‍ ഒരുക്കമാണെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.

ഉടന്‍, നിജസ്ഥിതിയറിയാനും ആവശ്യമാണെങ്കില്‍ ജനങ്ങളെ സംഘടിപ്പിക്കാനുമായി പിതൃവ്യപുത്രന്‍ മുസ്‌ലിമുബ്‌നു അഖീലിനെ കൂഫയിലയച്ചു. അവിടെയെത്തിയ മുസ്‌ലിമിന് ചുറ്റും അലിപക്ഷക്കാരായ  നിരവധി പേര്‍ തടിച്ചുകൂടുകയും ഹുസൈനെ ഖലീഫയായി അംഗീകരിച്ച് ബൈഅത്ത് നല്‍കുകയും ചെയ്തു. ഇക്കാര്യം മുസ്‌ലിം ഹുസൈനെ അറിയിച്ചു. ഉടനെ കൂഫയിലെത്തണമെന്നും പറഞ്ഞു. എന്നാല്‍ കൂഫയിലേക്കു പോകാനുള്ള ഹുസൈന്റെ നീക്കത്തെ ഇബ്‌നു അബ്ബാസും(റ) മറ്റു പല പ്രമുഖരും, കുടുംബം തന്നെയും എതിര്‍ത്തു. എന്നാല്‍ അത് വകവെക്കാതെ കുടുംബാംഗങ്ങളും സേവകരുമടങ്ങുന്ന നൂറോളം പേരുമായി ഹുസൈന്‍(റ) പുറപ്പെട്ടു.

ഇതിനിടെ കൂഫയിലെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞിരുന്നു. ഗവര്‍ണര്‍ നുഅ്മാനെ മാറ്റി തന്റെ വിശ്വസ്തനും കര്‍ക്കശക്കാരനുമായ ഉബൈദുല്ലാഹിബ്‌നു സിയാദിനെ യസീദ് നൊടിയിടയില്‍ നിയമിച്ചു. യസീദിന്റെ ഹിതംപോലെ ഉബൈദുല്ല കാര്യങ്ങള്‍ ചെയ്തു. ആദ്യം ഹുസൈന്റെ പ്രതിനിധിയായെത്തിയ മുസ്‌ലിമിനെ പിടികൂടി വധിച്ചു. മുസ്‌ലിമിന്റെ പിന്നില്‍ കൂടിയവരെ ഭീഷണിപ്പെടുത്തുകയും അവരിലെ നേതാക്കളില്‍ ചിലരെ കൊല്ലുകയും ചെയ്തു. ഇതോടെ മരണഭീതിയിലായ ഹുസൈന്‍ അനുകൂലികള്‍ കൂറുമാറി സിയാദിനോടൊപ്പം ചേര്‍ന്നു. ഇതൊന്നുമറിയാതെയാണ് ഹുസൈന്റെ കൂഫായാത്ര.

വഴിയില്‍ വെച്ച്  ഉമറുബ്‌നു സഅ്ദിന്റെ നേതൃത്വത്തിലുള്ള ഇബ്‌നു സിയാദിന്റെ സൈന്യം ഹുസൈനെയും സംഘത്തെയും തടഞ്ഞു. തനിക്കു കത്തെഴുതിയവരെ വിളിച്ച് ഹുസൈന്‍ (റ) കാര്യം പറഞ്ഞു. എന്നാല്‍ അവര്‍ നിശ്ശബ്ദരായി നില്ക്കുക മാത്രം ചെയ്തു. കീഴടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടു. മക്കയിലേക്കു തിരിച്ചുപോകാനോ ഡമസ്‌കസില്‍ ചെന്ന് യസീദിനെ കാണാനോ അനുവദിക്കണമെന്നായി ഹുസൈന്‍(റ). എന്നാല്‍ അത് രണ്ടും അനുവദിക്കപ്പെട്ടില്ല. തന്റെ മുന്നില്‍ ഹാജരാക്കാനോ യസീദിനെ ഖലീഫയായി അംഗീകരിക്കാനോ ആയിരുന്നു ഇബ്‌നു സിയാദിന്റെ ഉത്തരവ്.

അതിനെക്കാള്‍ നല്ലത് മരണമാണെന്നായിരുന്നു അഭിമാനിയായ അലി പുത്രന്റെ നിലപാട്. അതോടെ യുദ്ധം അനിവാര്യമായി. സൈന്യം അവര്‍ക്ക് വെള്ളവും ഭക്ഷണവും തടഞ്ഞു. ഒടുവില്‍ ഹി. 61 മുഹര്‍റം പത്തിന് ഇബ്‌നു സിയാദിന്റെ പട്ടാളം ആ കടുംകൈ ചെയ്തു.

ഹുസൈന്റെ മക്കളായ അലി, ഖാസിം, അബൂബക്കര്‍, സഹോദരന്‍മാരായ അബ്ദുല്ല, അബ്ബാസ്, ഉസ്മാന്‍, ജഅ്ഫര്‍, മുഹമ്മദ് തുടങ്ങിയവരും വധിക്കപ്പെട്ടു. സ്ത്രീകളെ മദീനയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

മുഹര്‍റം ശകുനമായും പ്രത്യേക ദുഃഖാചരണമായുമെല്ലാം ആചരിക്കപ്പെടുന്നതിന് ഇസ്‌ലാമുമായി ബന്ധമില്ല. പില്‍ക്കാലത്തു വന്ന ശീഈ ഭരണകൂടങ്ങളാണ് മുഹര്‍റം പത്തിന്റെ കര്‍ബലാ ദിനാചരണമാക്കിയതും അതിനെ രക്ത സാക്ഷി ദിനമാക്കി പ്രത്യേക ചടങ്ങുകളും മറ്റും മതത്തിന്റെ പേരില്‍ കടത്തിക്കൂട്ടിയതും.

ഇസ്‌ലാമികമായി മുഹര്‍റം പത്തിന്റെ പ്രത്യേകത, അന്ന് മൂസാ നബി(അ)യെ അല്ലാഹു ഫിര്‍ഔനില്‍ നിന്ന് രക്ഷിച്ചതും അതിന്റെ സന്തോഷ സ്മരണാര്‍ഥം വ്രതമനുഷ്ഠിക്കാന്‍ മുഹമ്മദ് നബി(സ്വ) മുസ്‌ലിം സമൂഹത്തോട് ആവശ്യപ്പെട്ടതുമാണ്.

 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446