ഹദീസിലും കര്‍മശാസ്ത്രത്തിലും അഗാധ പാണ്ഡിത്യം നേടിയ സഈദുബ്‌നുല്‍ മുസയ്യിബ് മസ്ജിദുന്നബവിയിലെ ഗുരുസ്ഥാനീയരില്‍ പ്രമുഖനായി. 'മദീന നിവാസികളിലെ പണ്ഡിതന്‍', 'താബിഉകളുടെ നേതാവ്' എന്നീ പേരുകളില്‍ അദ്ദേഹം വിശ്രുതനായി.
''നിഷിദ്ധവും അനുവദനീയവുമായ (ഹറാമും ഹലാലും) കാര്യങ്ങള്‍ ഇത്ര വ്യക്തമായി അറിയുന്ന ഒരു പണ്ഡിതനെയും ഞാന്‍ കണ്ടിട്ടില്ല, സഈദുബ്‌നു മുസയ്യിബിനെയല്ലാതെ'' ഒരിക്കല്‍ ഖതാദ പറഞ്ഞു. കര്‍മശാസ്ത്ര വിധികള്‍ തീര്‍പ്പാക്കാന്‍ സഈദിന്റെ അവലംബങ്ങളുടെ ക്രമം ഇതാണ്. ഖുര്‍ആന്‍, നബിചര്യ, ഇജ്മാഅ്, ഖിയാസ്, സ്വഹാബികളുടെ വാക്കുകള്‍.
മസ്ജിദുന്നബവിയില്‍ ജീവിതം സമര്‍പ്പിച്ച ഈ പണ്ഡിത സൂര്യന്‍ അവിടുത്തെ വിജ്ഞാന കുതുകികളുടെ ആശ്രയമായി. മസ്ജിദുന്നബവിയില്‍ 40 വര്‍ഷക്കാലം തുടര്‍ച്ചയായി ജമാഅത്ത് നമസ്‌കാരങ്ങളില്‍ അദ്ദേഹം പങ്കെടുത്തതായി ചരിത്രം പറയുന്നു. അതില്‍ മിക്കതിലും ഒന്നാം വരിയില്‍തന്നെ അദ്ദേഹമുണ്ടായിരുന്നു.
''അല്ലാഹുവിനെ അനുസരിച്ചാരാധിക്കുന്നതിലാണ് അന്തസ്സ്. അവനെ ധിക്കരിക്കുന്നതില്‍ അപമാനവും'' സഈദിന്റെ സന്ദേശം ഇതായിരുന്നു. പരീക്ഷണ ഭരിതമായിരുന്നു സഈദുബ്‌നുല്‍ മുസയ്യിബിന്റെ ജീവിതം. സുന്ദരിയായ അദ്ദേഹത്തിന്റെ മകളെ ഒരിക്കല്‍ അമീറുല്‍ മുഅ്്മിനീന്‍ അബ്ദുല്‍ മലികിന്റെ മകന്‍ വലീദ് വിവാഹാന്വേഷണം നടത്തി. എന്നാല്‍ സഈദ് തന്റെ മകളെ രാജകുമാരിയാക്കാന്‍ വിട്ടില്ല. അവള്‍ കൊട്ടാരത്തില്‍ ജീവിച്ചാല്‍ ദീന്‍ മറക്കും എന്നായിരുന്നു പിതാവിന്റെ ആവലാതി.
വൈകാതെ മകള്‍ക്ക് ഒരു വരനെ കണ്ടെത്തുകയും ചെയ്തു അദ്ദേഹം. തന്റെ ശിഷ്യനും നിര്‍ധനനും ആദ്യ ഭാര്യയുടെ മരണത്തെ തുടര്‍ന്ന് ദുഃഖമനുഭവിക്കുന്നവനുമായിരുന്ന ഒരു യുവാവിനെ. രണ്ട് ദിര്‍ഹമായിരുന്നു മഹ്‌റ്.
അബ്ദുല്ലാഹിബ്‌നു സുബൈറിന് ബൈഅത്ത് ചെയ്യാന്‍ സഈദ് വിസ്സമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇബ്‌നു സുബൈറിന്റെ പ്രതിനിധി സഈദുബ്‌നു മുസയ്യിബിന് 60 ചാട്ടവാര്‍ അടി വിധിച്ചു. അബ്ദുല്‍ മലിക്കുബ്‌നു മര്‍വാന്‍ തന്റെ മക്കളായ വലീദിനെയും സുലൈമാനെയും പിന്‍ഗാമികളാക്കിയുള്ള കരാര്‍ അംഗീകരിക്കാനും സഈദ് കൂട്ടാക്കിയില്ല. അതിനും കിട്ടി ആ മഹാനുഭാവന് 60 ചാട്ടവാര്‍ പ്രഹരം.
ഹി. 94ല്‍ ആ ധന്യ ജീവിതത്തിന് അന്ത്യമായി.