അമീറുല്‍ മുഅ്മിനീന്‍ അബ്ദുല്‍ മലിക്കിബ്‌നി മര്‍വാന്‍ ഹജ്ജിനെത്തിയതാണ്. മദീന മുനവ്വറ സന്ദര്‍ശിച്ച അദ്ദേഹം ഏതാനും നാളുകള്‍ പ്രിയ നബിയുടെ നഗരിയില്‍ തങ്ങാന്‍ തീരുമാനിച്ചു. വിജ്ഞാന സമ്പന്നമായ മസ്ജിദുന്നബവിയിലെ ക്ലാസ്സുകളായിരുന്നു അബ്ദുല്‍മലിക്കിന്റെ ലക്ഷ്യം.
ഒരു നാള്‍, ഉച്ചയുറക്കം അദ്ദേഹത്തിന്റെ കണ്ണുകളെ തഴുകിയില്ല. വിരസതയനുഭവപ്പെട്ട അമീറുല്‍ മുഅ്മിനീന്‍ തന്റെ അംഗരക്ഷകരിലൊരാളെ മസ്ജിദിലേക്കു വിട്ടു, ഒരു പണ്ഡിതനെ കൊണ്ടു വന്ന് അദ്ദേഹവുമായി സംസാരിച്ചിരുന്ന് വിജ്ഞാനം നേടാന്‍.
അംഗരക്ഷകന്‍ പള്ളിയിലെത്തി. ഒരു തൂണിന് താഴെ ഒരു വിജ്ഞാന സദസ്സ് കണ്ടു. കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്ന ശിഷ്യര്‍ക്കുമുന്നില്‍ സാത്വികനായി ക്ലാസ്സ് നടത്തുന്ന ഒരു ഗുരു. പ്രായം അറുപതിനോടടുത്തു കാണും. പ്രസന്നമായ മുഖം നീണ്ട താടി.
അല്പം അകലെ നിന്ന് അംഗരക്ഷകന്‍ കൈകൊണ്ട് ആംഗ്യം വഴി ഗുരുവിനെ മാടിവിളിച്ചു. എന്നാല്‍ അദ്ദേഹം അത് ഗൗനിച്ചില്ല. അല്പം ജാള്യത്തോടെ അയാള്‍ അടുത്തു വന്നു പറഞ്ഞു.
''അമീറുല്‍ മുഅ്മിനീന് ഇന്ന് ഉച്ചയുറക്കം നടന്നില്ല. സംസാരിച്ചിരിക്കാന്‍ അദ്ദേഹത്തിന് ഒരു പണ്ഡിതനെ വേണം. വരൂ.''
''ഞാന്‍ അബ്ദുല്‍ മലിക്കിന്റെ വിദൂഷകനല്ലല്ലോ.' ഗുരുവിന്റെ മറുപടി അംഗരക്ഷകനെയും ശിഷ്യരെയും ഒരു പോലെ ഞെട്ടിച്ചു.
''ഹദീസ് പണ്ഡിതനെയാണ് അമീറുല്‍ മുഅ്്മിനീന് വേണ്ടത്.'' അംഗരക്ഷകന്‍ അധികാര സ്വരം വിടാതെ പറഞ്ഞു. ഗുരുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:
''വിജ്ഞാനം തേടി ആളുകള്‍ ഇങ്ങോട്ട് വരട്ടെ. ആളെത്തേടി വിദ്യ അങ്ങോട്ടു പോകാറില്ല. താങ്കളുടെ അമീറിനോട് ഇവിടെ വന്നിരിക്കാന്‍ പറയൂ.''
അംഗരക്ഷകന്‍ അബ്ദുല്‍ മലിക്കിന്റെ സന്നിധിയില്‍ ചെന്ന് സംഭവം കേള്‍പ്പിച്ചു. എല്ലാം സശ്രദ്ധം ശ്രവിച്ച് അദ്ദേഹം ഒരു ദീര്‍ഘശ്വാസം വിട്ടു. എന്നിട്ട് പറഞ്ഞു. ''നീ അദ്ദേഹത്തെ വിളിക്കേണ്ടിയിരുന്നില്ല. സഈദുബ്‌നുല്‍ മുസയ്യിബാണത്. മദീനയിലെ പണ്ഡിതരുടെ നേതാവ്. സത്യത്തിലും നീതിയിലും അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഗൗനിക്കാത്ത മഹാജ്ഞാനി.''
അംഗരക്ഷകന് അപ്പോഴാണ് ആ ഗുരുവിന്റെ മഹത്വം മനസ്സിലായത്.
ജനനം, ജീവിതം
ഖുറൈശി ഗോത്രത്തിലെ മഖ്‌സൂം കുടുംബത്തില്‍ ഹിജ്‌റ 15ല്‍ സഈദ് പിറന്നു. പിതാവ് മുസയ്യിബും മാതാവ് ഉമ്മു സഈദും. ഉമറി(റ)ന്റെ ഭരണകാലത്താണ് മദീനയില്‍ സഈദിന്റെ ബാല്യകാലം.
വിജ്ഞാന ദാഹം നെഞ്ചേറ്റിയ ആ ബാലന്‍ അക്കാലത്തെ സഹാബി പ്രമുഖരുടെയെല്ലാം സദസ്സിലെ സാന്നിധ്യമായിരുന്നു. ഉമര്‍, ഉസ്മാന്‍, അലി, ഇബ്‌നു അബ്ബാസ്, ഇബ്‌നു ഉമര്‍, നബി പത്‌നിമാരായ ആഇശ, ഉമ്മു സലമ എന്നിവര്‍ക്കുപുറമെ അബൂഹുറയ്‌റ, സൈദുബ്‌നു സാബിത്ത്, സഅ്ദുബ്‌നു അബീവഖാസ്(റ) തുടങ്ങിയവരുടെയും ശിഷ്യനാകാനുള്ള അപൂര്‍വ ഭാഗ്യവും ലഭിച്ചു സഈദിന്.
ഖലീഫ ഉമറി(റ)നും അബൂഹുറയ്‌റക്കുമൊപ്പം സദാ സമയംചെലവിട്ട ഈ വിജ്ഞാന കുതുകി ഇവരില്‍ നിന്ന് നിരവധി ഹദീസുകള്‍ നിവേദനവും ചെയ്തു. പിതാവ് വഴി ഖുറൈശിയും മാതാവ് വഴി ഉമയ്യക്കാരനുമായ സഈദ് തന്റെ പ്രിയ ഗുരുവും നിര്‍ധനനുമായ അബൂഹുറയ്‌റ(റ)യുടെ പുത്രിയെയാണ് ജീവിതസഖിയാക്കിയത്. തിരുനബിയുമായി അബൂഹുറയ്‌റ(റ)ക്കുണ്ടായിരുന്ന അടുപ്പമാണ് സഈദ് പരിഗണിച്ചത്.