മുഹമ്മദ് നബി നാല്പതാമത്തെ വയസ്സിലാണ് നബിയാവുന്നത്. പ്രാണസഖി ഖദീജയാണ് ആദ്യം നബിയില്‍ വിശ്വസിക്കുന്നത്. തുടര്‍ന്ന് കൂടെക്കഴിയുന്ന പിതൃവ്യപുത്രന്‍ അലിയും സന്തതസഹചാരി അബൂബക്‌റും വിശ്വസിച്ചു. ഇവരാണ് ആദ്യസ്വഹാബികള്‍. നബി(സ്വ) മരണപ്പെടുന്നതിന് ദിവസങ്ങള്‍ മുന്‍പു മാത്രം ഇസ്‌ലാം സ്വീകരിച്ച് നബിയുടെ അടുത്തെത്തിയവരും സ്വഹാബികള്‍ തന്നെ. ആണും പെണ്ണും കുട്ടികളുമുള്‍പ്പടെ ലക്ഷത്തിലേറെ സ്വഹാബികള്‍ പ്രവാചകവിയോഗ സമയത്ത് ഉണ്ടായിരുന്നു. സാധാരണക്കാരും നിരാലംബരും ദുര്‍ബലരും അശരണരും അഗതികളും ആ കൂട്ടത്തിലുണ്ട്. സമ്പന്നരും വലിയ കുടുംബങ്ങളും പ്രതിഭാശാലികളും രണശൂരരും ഭരണനിപുണരും വിജ്ഞാനപടുക്കളും അവരിലുണ്ട്. പലരംഗത്തും ശോഭിച്ച് ഖ്യാതി നേടിയവരുടെ പേരും വിവരങ്ങളും മാത്രമേ ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കുന്നുള്ളൂ. അവരില്‍ വളരെ പ്രമുഖരായ ഏതാനും പേരെ മാത്രം ഇവിടെ പരാമര്‍ശിക്കുകയാണ്.