Skip to main content

ലോകവേദികളിലേക്ക് (3-3)

1949ല്‍ നദ്‌വയുടെ മേധാവി എന്ന നിലയില്‍ ഹിജാസിലേക്ക് ക്ഷണം കിട്ടി. അക്കാലങ്ങളില്‍ ഇന്ത്യന്‍ പണ്ഡിതന്മാര്‍ അറബ് നാട്ടില്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല. പ്രമുഖ അറബ് സാഹിത്യകാരന്‍ ശൈഖ് അഹ്മദ് ഗഫൂര്‍ അത്താര്‍ അറബ് സാഹിത്യകാരന്മാരെയെല്ലാം വിളിച്ചുകൂട്ടി മൗലാനാ നദ്‌വിയെ അവര്‍ക്ക് പരിചയപ്പെടുത്തി. അറബ് മുസ്‌ലിം നാടുകളിലെ വിവിധ യൂനിവേഴ്‌സിറ്റികളിലെ വിസിറ്റിംഗ് പ്രഫസര്‍, ഉന്നത സമിതികളില്‍ സ്ഥിരാംഗത്വം തുടങ്ങിയ സ്ഥാനമാനങ്ങള്‍ പലതും അദ്ദേഹത്തെ തേടിയെത്തി. വന്‍കിട പ്രസിദ്ധീകരണാലയങ്ങള്‍ അദ്ദേഹത്തിന്റെ കൃതികള്‍ പ്രസിദ്ധീകരിച്ചു. ഉന്നത ശീര്‍ഷരായ പണ്ഡിതന്മാര്‍ കൃതികള്‍ക്ക് അവതാരിക എഴുതി. ഫീ ദിലാലില്‍ ഖുര്‍ആനിന്റെ കര്‍ത്താവും ഇഖ്‌വാനുല്‍ മുസ്‌ലിമീന്റെ ബുദ്ധി കേന്ദ്രവുമായിരുന്ന സയ്യിദ് ഖുതുബായിരുന്നു മാദാ ഖസറിക്ക് അവതാരിക എഴുതിയത്.

1952ല്‍ നൈലിന്റെ നാട്ടിലെത്തി. അപ്പോഴേക്കും മാദാ ഖസിറല്‍ ആലം ബിഇന്‍ഹിത്വാത്വില്‍ മുസ്‌ലിമീന്‍ (മുസ്‌ലിംകളുടെ പതനം കൊണ്ട് ലോകത്തിന് എന്തു നഷ്ടപ്പെട്ടു)എന്ന കൃതി ഭുവനപ്രശസ്തമായിക്കഴിഞ്ഞിരുന്നു. പ്രസ്തുത കൃതിയുടെ കര്‍ത്താവെന്ന നിലയ്ക്ക് അദ്ദേഹം ഈജിപ്തിന്റെ ആവേശം പിടിച്ചുപറ്റി.

1959ല്‍ ലഖ്‌നോവില്‍ ഇസ്‌ലാമിക് റിസര്‍ച്ച് അക്കാദമി സ്ഥാപിച്ചു. 1961ല്‍ നദ്‌വത്തുല്‍ ഉലമാ മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടു. ആ വര്‍ഷം മദീനാ യൂനിവേഴ്‌സിറ്റി ശൂറാ സമിതിയില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിംലോകത്തെ പല സംഘടനകൡലും, സമിതികൡും അദ്ദേഹം അംഗമായിരുന്നു. മുസ്‌ലിംവേള്‍ഡ് ലീഗിന്റെ സ്ഥാപകസമിതി, ഇന്റര്‍നാഷണല്‍ മസ്ജിദ് കൗണ്‍സില്‍, റാബിത്വയുടെ ഫിഖ്ഹ് കൗണ്‍സില്‍, ജോര്‍ദാനിലെ ഇസ്‌ലാമിക നാഗരിക ഗവേഷണസമിതി, ദമസ്‌കസിലെ പണ്ഡിതസഭ തുടങ്ങിയവ ഉദാഹരണം. ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക പഠനകേന്ദ്രം ആരംഭിക്കാന്‍ മുന്‍കൈ എടുത്തതും ശൈഖ് നദ്‌വിയായിരുന്നു. ഇന്ത്യയില്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങി ഒട്ടനവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

1980ല്‍ ഇസ്‌ലാമിക സേവനത്തിനുള്ള ഫൈസല്‍ അവാര്‍ഡ് ലഭിച്ചു. 1981ല്‍ കശ്മീര്‍ യൂനിവേഴ്‌സിറ്റി അറബി സാഹിത്യത്തില്‍ ഡിലിറ്റ് നല്‍കി ആദരിച്ചു. 1999ല്‍ ദുബൈ ഗവര്‍മെന്റിന്റെ മികച്ച ഇസ്‌ലാമിക വ്യക്തിത്വത്തിനുള്ള അവാര്‍ഡും, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന്റെ സുല്‍ത്താന്‍ ഓഫ് ബ്രൂണെ അന്താരാഷ്ട്ര പുരസ്‌കാരവും നേടി.

1999 ഡിസംബര്‍ 31ന് ഹി. 1419 റമദാന്‍ 22ന് ജുമുഅ നമസ്‌കാരത്തിന് തൊട്ടുമുമ്പ് പ്രിയ ഇമാം അബുല്‍ഹസന്‍ അലിനദ്‌വി അല്ലാഹുവിങ്കലേക്ക് യാത്രയായി. 

  

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446